ADVERTISEMENT

ഷാർജ ∙ സ്വന്തം ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതിന് ഉന്നതപദവികൾ ആവശ്യമില്ലെന്ന് പ്രഭാഷകനും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനുമായ റോബിൻ ശർമ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ചുമതലകൾ അഭിമാനത്തോടെയും പൂർണതയോടെയും നിറവേറ്റണം. നമുക്കുണ്ടാകുന്ന കഷ്ടകാലങ്ങൾ വാസ്തവത്തിൽ നമ്മുടെ അഹംഭാവത്തെ ഇല്ലാതാക്കും, കഷ്ടകാലമെന്നത് നമ്മുടെ പ്രതിഭയെ ഉണർത്തുന്ന ശുദ്ധീകരണകാലഘട്ടം കൂടിയാണ്. മാതാപിതാക്കൾക്ക് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുണ്ട്. മാതാപിതാക്കളെ ആദരിക്കാനും അവരോടൊപ്പം സന്തോഷിക്കാനും തയാറാകണം. സമ്പത്തും പദവികളും തേടിപ്പോകുമ്പോൾ കുടുംബബന്ധങ്ങളെ മറക്കരുത്. സ്വന്തം കുടുംബത്തിനായിരിക്കണം മറ്റെന്തിനേക്കാളും പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ കഴിവിൽ വിശ്വാസമുള്ളവരാണ് നമുക്കൊപ്പമുണ്ടായിരിക്കേണ്ടത്. ക്രിയാത്മകമല്ലാത്ത വിമർശനങ്ങളുമായി നമ്മെ സമീപിക്കുന്നവരേക്കാൾ നമുക്കാവശ്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നവരെയാണ്. എങ്കിൽ മാത്രമേ നമുക്ക് വിജയിക്കാൻ കഴിയൂ. സ്വന്തം കഴിവിലും പ്രവർത്തനങ്ങളിലും വ്യക്തിത്വത്തിലും തൃപ്തരല്ലെങ്കിൽ നമ്മുടെ ജീവിതവിജയത്തിൽ അർഥമില്ല. പ്രേരണകളാണ് ഏറ്റവും പ്രധാനം. അതു നമ്മെ വിജയത്തിലേക്കടുപ്പിക്കും.

എഴുത്ത് എന്നത് ഗൗരവമായ പ്രക്രിയയായി കരുതണം. ഏറ്റവും മികച്ച രചനയായി മാറിയേക്കാവുന്ന ഒരു പുസ്തകം എഴുതുമ്പോഴും ഏറ്റവും പ്രയാസമേറിയതും സങ്കീർണതകൾ നിറഞ്ഞതുമായ ഒരു കഠിനപ്രയത്നമായാണ് എഴുത്ത് അനുഭവപ്പെടുക.

എത്ര പ്രയാസം നേരിട്ടാലും എഴുത്തിൽ ഉറച്ചുനിന്ന് പുസ്തകം പൂർത്തിയാക്കണം. നിങ്ങളുടെ എഴുത്തിലൂടെ നിങ്ങളെന്ന നേതാവിനെ സൃഷ്ടിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ലോകം മുഴുവനും പരിഹസിച്ചാലും എഴുത്ത് തുടരണം. വിശ്രുതചിത്രകാരനായ വിൻസെന്റ് വാൻഘോഗിനെ മാനസികനില തെറ്റിയ ആൾ എന്ന് ഒരിക്കൽ മുദ്രകുത്തിയ ലോകമാണ് അദ്ദേഹത്തിന്റെ പ്രതിഭയെ പിൽക്കാലത്ത് വാഴ്ത്തിയത്. ആളുകൾ നമ്മെ പരിഹസിക്കുന്നുവെങ്കിൽ, നമ്മൾ ഒരു മഹത്തരമായ കാര്യമായിരിക്കണം ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മുടെ അന്തരാത്മാവ് ശാന്തവും ക്രിയാത്മകവുമാണെങ്കിൽ നമുക്ക് മികച്ച പ്രവൃത്തികൾ ചെയ്യാൻ കഴിയും. പ്രാർഥന, ധ്യാനം, കർമ്മാനുഷ്ഠാനം എന്നിവയിലൂടെ അന്തരാത്മാവിനെ ശാന്തവും ക്രിയാത്മകവുമാക്കാൻ കഴിയും. മാനസികാവസ്ഥ (മൈൻഡ് സെറ്റ്) പോലെ തന്നെ, ഹാർട്ട്സെറ്റ്, ഹെൽത്ത് സെറ്റ്, സോൾസെറ്റ് എന്നിവയും വ്യക്തിവിജയത്തിന് പ്രധാനമാണ്. ജീവിതം വളരെ ഹ്രസ്വമാണെന്ന് പറഞ്ഞ റോബിൻ ശർമ്മ നമ്മുടെ പ്രവൃത്തികളെയെല്ലാം, ഒഴിവാക്കാനാകാത്ത സ്വന്തം മരണമെന്ന യാഥാർഥ്യവുമായി ബന്ധപ്പെടുത്തി സമീപിക്കാൻ സദസ്സിനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com