ADVERTISEMENT

ദോഹ ∙ ഗോൾ വിളികൾക്കും ആരവങ്ങൾക്കും സാക്ഷ്യം വഹിക്കാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഒരുങ്ങി. 24-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ കിക്കോഫിന് ഇനി 14 ദിനങ്ങൾ മാത്രം.

24 മുതൽ ഡിസംബർ 6 വരെയാണ് അറേബ്യൻ ഗൾഫ് കപ്പ് നടക്കുന്നത്. അറബ് ഗൾഫ് കപ്പ് ഫുട്‌ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റിനായി ഖത്തർ മാത്രമല്ല ഗൾഫ് മേഖലയും ആവേശത്തിലാണ്. ഖത്തർ ഉൾപ്പെടെ 5 രാജ്യങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

മത്സരത്തിനായുള്ള ടിക്കറ്റ് വിൽപനയും സജീവമായിട്ടുണ്ട്. 24ന് വൈകിട്ട് 7ന് ഖത്തറും യമനും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കം. കളിയാവേശം പകരാൻ ഔദ്യോഗിക കായിക ചിഹ്നമായ സോഡിഫിയും പര്യടനത്തിലാണ്.

അങ്കത്തിനൊരുങ്ങി ഖലീഫ സ്റ്റേഡിയം

ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം വർഷങ്ങൾക്ക് ശേഷം വീണ്ടും അറേബ്യൻ ഗൾഫ് കപ്പിന് വേദിയാകുകയാണ്. 1976ൽ നിർമിച്ച സ്റ്റേഡിയം നൂറ്റാണ്ടുകളായി ഖത്തറിന്റെ പ്രാദേശിക, രാജ്യാന്തര കായിക മാമാങ്കങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു. നവീകരണങ്ങൾക്ക് ശേഷം 2017ലാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഹൈടെക് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്. 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ 8 വേദികളിൽ ഒന്നാണിത്. ഐഎഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ മധ്യപൂർവദേശത്തിലെ പ്രഥമ മത്സരത്തിലും ഖലീഫ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളും തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യയും എൽഇഡി വെളിച്ച സംവിധാനവും ഡിസൈൻ പ്രത്യേകതയുമെല്ലാം സ്റ്റേഡിയത്തെ ഇതിനകം ലോകപ്രശസ്തമാക്കി കഴിഞ്ഞു. 40,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ നിശ്ചിത തണുപ്പ് ക്രമീകരിക്കാൻ ശേഷിയുള്ള ശീതീകരണ സംവിധാനമാണുള്ളത്. ഏഷ്യൻ ഗെയിംസ്, എഎഫ്‌സി ഏഷ്യൻ കപ്പ് എന്നിവയ്ക്കുമെല്ലാം വേദിയായതും ഖലീഫ സ്റ്റേഡിയം അറേബ്യൻ ഗൾഫ് കപ്പി ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ 3 വേദികളിൽ ഒന്നാണ് ഖലീഫ സ്റ്റേഡിയം.

ഖത്തർ വേദിയാകുന്നത് നാലാം തവണ

അറേബ്യൻ ഗൾഫ് കപ്പിന് ഖത്തർ വേദിയാകുന്നത് ഇത് നാലാം തവണയാണ്. 1976ൽ 4-ാമത് ഗൾഫ് കപ്പിനും 1992ൽ 11-ാമത് ഗൾഫ് കപ്പിനും 2004ൽ 17-ാമത് ടൂർണമെന്റിനുമാണ് ഖത്തർ വേദിയായത്. 1992ലും 2004ലും സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ കിരീടം ചൂടിയതും ഖത്തർ തന്നെയാണ്. 1976ൽ കുവൈത്താണ് ജേതാവായത്. വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ വിജയം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറിന്റെ ദേശീയ ടീം.

അറേബ്യൻ ഗൾഫ് കപ്പ്

∙ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, യമൻ

∙ ടിക്കറ്റുകൾക്ക് - മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, വില്ലാജിയോ മാൾ, സൂഖ് വാഖിഫ്, ഹമദ് രാജ്യാന്തര വിമാനത്താവളം.

∙ഓൺലൈനിൽ ടിക്കറ്റുകൾ ലഭിക്കാൻ - gulfcup2019.qa

∙വിവിധ ടിക്കറ്റ് നിരക്കുകൾ (റിയാലിൽ) - 10, 30, 50

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com