ADVERTISEMENT
ദോഹ∙ 16-ാമത് ഫിഫ ക്ലബ് ലോകകപ്പിനുള്ള തയാറെടുപ്പുകൾ ഊർജിതം. മധ്യപൂർവദേശത്ത് ഇതാദ്യമായാണു ഫിഫ ക്ലബ് ലോകകപ്പ് നടക്കുന്നത്. ഡിസംബർ 11 മുതൽ 21 വരെ ദോഹയിലെ 3 സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. 2022 ഫിഫ ലോകകപ്പിന്റെ വേദി കൂടിയായ ഖത്തറിനു ഫിഫ ക്ലബ് ഒരു പരീക്ഷണ കായിക മാമാങ്കവുമാണ്. ലോകോത്തര ക്ലബ്ബുകളും പങ്കെടുക്കുന്ന ഫിഫ ക്ലബ്ബിന്റെ സുരക്ഷ മുതൽ സംഘാടനം വരെ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ക്ലബ് ഫിഫ ലോകകപ്പിന്റെ ലോഗോയും കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു.

വേദികൾ 3, ക്ലബ്ബുകള്‍ 7

ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നീ 3 വേദികളിലായാണ് ക്ലബ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 18ന് നടക്കുന്ന സെമി, ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമാണ്. 2022 ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നാണിത്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം, ഖത്തർ ദേശീയ ദിനം, ക്ലബ് സെമിഫൈനൽ എന്നിങ്ങനെ 3 പ്രത്യേകതകളാണ് ഇത്തവണത്തെ ഡിസംബർ 18നുള്ളത്. ക്ലബ്ബിന്റെ ഫൈനൽ മത്സരം 21നാണ്. 7 വമ്പൻ ടീമുകളാണ് ക്ലബ് ലോകകപ്പിനായി മത്സരിക്കുന്നത്. ഇവയിൽ ഇംഗ്ലണ്ടിന്റെ ലിവർ പൂൾ, മെക്‌സിക്കോയുടെ സിഎഫ് മൊന്റെറി, ഇഎസ് തുണീസ്, കാലിഡോണിയയുടെ ഹെയിൻഗെയ്ൻ സ്‌പോർട് എന്നിവയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞു. എഎഫ്‌സി, കോൻമിബോൾ എന്നീ ക്ലബുകളുടെ പങ്കാളിത്തം ഈ മാസം 23, 24 തീയതികളിലായി സ്ഥിരീകരിക്കും. ആതിഥേയ രാജ്യമായ ഖത്തറിന്റെ അൽ സദ്ദാണ് മത്സരിക്കുന്നത്.

രണ്ടാം ഘട്ട ടിക്കറ്റ് വിൽപന 14 മുതൽ

വീസ കാർഡ് ഉടമകൾക്കായുള്ള ടിക്കറ്റ് വിൽപന കഴിഞ്ഞമാസം നടന്നിരുന്നു. 27896 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പൊതുജനങ്ങൾക്കുള്ള രണ്ടാം ഘട്ട വിൽപനയ്ക്ക് 14ന് തുടക്കമാകും. fifa.com/tickets എന്ന വെബ്‌സൈറ്റിൽ നിന്ന് ഓൺലൈൻ വഴി മാത്രമാണ് ടിക്കറ്റ് ലഭിക്കുക. മത്സരം കാണാൻ വേദിയിലെത്തുന്നവർ ഇ-ടിക്കറ്റിന്റെ പ്രിന്റ് ടുത്ത് കൈവശം കരുതണം. 3 വിഭാഗങ്ങളിലായി 25 മുതൽ 400 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 14 മുതൽ ടൂർണമെന്റിന്റെ അവസാന ദിനം വരെ ടിക്കറ്റ് വിൽപന ഉണ്ടാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com