ADVERTISEMENT

കുവൈത്ത് സിറ്റി ∙ തെയ്യവും കാവടികളും മൈലാട്ടവും കരകാട്ടവും കുമ്മാട്ടികളും പുലികളും മാവേലിയും ഒപ്പം കരിവീരനുമൊക്കെയായി ഘോഷയാത്ര. 22 സ്കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട 22 കുട്ടികൾക്ക് മികവിനുള്ള അംഗീകാരം. ആയിരങ്ങളെ സാക്ഷിനിർത്തി സാംസ്കാരിക സമ്മേളനം, ആവേശത്തിരമാല തീർത്ത് വടംവലി മത്സരം.

തനിമയുടെ ഓണത്തനിമ അക്ഷരാർഥത്തിൽ മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തിയ ഉത്സവമായി. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ആഘോഷത്തിനു തിരശീല വീഴുമ്പോൾ സമയം ശനി പുലർച്ചെ 3മണി. സാംസ്കാരിക സമ്മേളനം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്‌തു. ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി, കേണൽ ഇബ്രാഹിം അൽ ദുഐ‌ഇ, രമേശ് ആനന്ദദാസ്, മാത്യൂസ് വർഗീസ്, അനിൽ അടൂർ, കെ.ഒ.മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

പ്രവാസി സംഘടനകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറക്ടറിയും പ്രകാശനം ചെയ്‌തു. ഫ്ലാഷ് മോബ് ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി. മഹാത്മാഗാന്ധിയുടെ 150-‌ാം ജന്മദിനം പ്രമാണിച്ചു 150 കുട്ടികൾ അണിനിരന്ന സ്മൃതിപൂജ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുവർഷത്തിനിടെ മരിച്ച പ്രമുഖർക്കുള്ള ശ്രദ്ധാഞ്ജലി എന്നിവയും നടത്തി.

വടം വലി കപ്പ സ്വന്തമാക്കി ഫ്രണ്ട്സ് ഓഫ് രജീഷ്-എ

സാൻസിലയ എവർ റോളിങ് സ്വർണക്കപ്പിനായുള്ള വടംവലി മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് രജീഷ് –എ ടീം ജേതാക്കളായി. തുടർച്ചയായി മൂന്നംവർഷവും കപ്പിൽ മുത്തമിട്ട അവർക്ക് ട്രോഫി സ്വന്തമായി. കെകെബി- സിയാണ് റണ്ണേഴ്സ്. ഫ്രണ്ട്സ് ഓഫ് രജീഷ്- ബി മൂന്നാം സ്ഥാനവും ഫ്രണ്ട്സ് ഓഫ് കുവൈത്ത് – എ നാലാം സ്ഥാനവും നേടി. തനിമ സ്പോർട്സ് പഴ്സൻ ഓഫ് ദ് ഇയർ ആയി നസറുദ്ദീൻ ടീം അബ്ബാസിയ തിരഞ്ഞെടുക്കപ്പെട്ടു. 19 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഇന്ത്യൻ സ്കൂളുകളിലെ മുത്തുകൾ ഇവർ

thanima
എപിജെ അബ്ദുൽ കലാം സ്മാരക പേൾസ് ഓഫ് ദ് സ്കൂൾ പുരസ്കാരം നേടിയ കുട്ടികൾ ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, കേണൽ ഇബ്രാഹിം അൽ ദുഐ‌ഇ തുടങ്ങിയവർക്കൊപ്പം.

കുവൈത്തിലെ 22 ഇന്ത്യൻ സ്കൂളുകളിൽനിന്നു മികവുറ്റവരായി സ്കൂൾ അധികൃതർ നാമനിർദേശം ചെയ്ത ഓരോ കുട്ടികൾക്കാണു എപിജെ അബ്ദുൽ കലാം സ്മാരക പേൾസ് ഓഫ് ദ് സ്കൂൾ അവാർഡ് സമ്മാനിച്ചത്. നേഹ ജോസഫ് ആലപ്പാട്ട് (കാർമൽ സ്കൂൾ), റൂത്ത് റേച്ചൽ സക്കറിയ (ഫഹാഹീൽ ഡൽഹി പബ്ലിക് സ്കൂൾ),ക്രിസ്റ്റീന നീലങ്കാവിൽ ജോയ്സൺ( അബ്ബാസിയ ഇൻ‌റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ), നയൂം കിം (ഗ്ലോബൽ ഇംഗ്ലിഷ് ഇന്ത്യൻ സ്കൂൾ), രോഹിത് എസ് നായർ (മംഗഫ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ), ദാനാ മഹെർ (അൽ അമൽ സ്കൂൾ),ജോവൻ ചാരുപറമ്പിൽ ജോസ് (സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ - സീനിയർ), അയൻ കാസ്റ്റലിനോ(ഇന്ത്യൻ പബ്ലിക് സ്കൂൾ), ജമീമ ആൻ ജോർജ് (സ്മാർട്ട് ഇന്ത്യൻ സ്കൂൾ), സ്വാതി സുരേഷ് നായർ (യുണൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ), സബീഹ ഖാൻ (ഐസി‌എസ്കെ ഖൈത്താൻ),റിയാനെ പിൻ‌റോ (ഗൾഫ് ഇന്ത്യൻ സ്കൂൾ), അഹമ്മദ് ഹംസ (ഇന്ത്യൻ സെൻ‌ട്രൽ സ്കൂൾ), അലിനൊ ലൂക് ഹാൻസ് (ഡോൺ ബോസ്കോ സ്കൂൾ), മുസ്തഫ മുകറം സാകിർ (കുവൈത്ത് ഇന്ത്യൻ സ്കൂൾ ), ജ്യോതിക അശ്വിൻ ബോസ് (ഐസി‌എസ്കെ –ജൂനിയർ),മനാർ മുഹമ്മദ് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ -അമ്മാൻ), മൻ‌റവ് കൌർ (സാലിമിയ മോഡൽ സ്കൂൾ),  സാറ എൽ‌സ തോമസ് (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി),മാളവിക കൃഷ്ണ കുന്നത്തൂർ (ഭവൻസ്),ക്രിസ്റ്റിന സൈറ ഏബ്രഹാം (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ‌),നഷ്‌വ കിഴക്കെ കമ്മാടത്തിൽ (ജാബ്രിയ ഇന്ത്യ സ്കൂൾ). യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ മറിയ ജോയിക്ക് ഈ വർഷത്തെ ബിനി ആന്റണി മെമ്മോറിയൽ എജ്യുക്കേഷനൽ എക്സലൻസ് അവാർഡും സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com