sections
MORE

മലയാളികളെ ഞെട്ടിച്ച് സൗദി പൗരൻ; ചിത്രയ്ക്കൊപ്പം പാടിയ ‘ഒരു മുറൈ വന്ത് പാർത്തായാ’ വൈറൽ

Ahmed-Sultan
SHARE

റിയാദ് ∙ കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ വന്ത് പാർത്തായാ’എന്ന പാട്ട് പാടുന്ന അറബ് സ്വദേശിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണി ചിത്രയ്ക്കൊപ്പം ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നത്. മലയാളത്തില്‍ വളരെ പ്രശസ്തമായ ഈ ഗാനത്തിന്റെ അവസാന ഭാഗങ്ങൾ പാടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സൗദി ഗായകനും അഭിനയതാവും മോഡലുമാണ് അഹമ്മദ് സുൽത്താൻ.

ഞങ്ങളെ അതിശയിപ്പിച്ചു: രാജലക്ഷ്മി
തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്ന് ചിത്രയ്ക്കൊപ്പമുണ്ടായിരുന്ന ഗായിക രാജലക്ഷ്മി പ്രതികരിച്ചു. ശങ്കർ കേശവൻ ആണ് അഹമ്മദ് സുൽത്താനെ ഷോ ഡയറക്ടർ എൻ.വി. അജിത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹം പാടുകയാണെങ്കിൽ അത് നന്നാകുമെന്ന് ഷോ ഡയറക്ടർക്കും തോന്നി. സംഘാടകരോട് ഇക്കാര്യം സംസാരിക്കുകയും തീരുമാനത്തിൽ എത്തുകയും ചെയ്തു. ഈ പാട്ട് തിരഞ്ഞെടുക്കുകയും പരിശീലനം ചെയ്യുകയും ചെയ്തു. വളരെ രസകരമായ അനുഭവമായിരുന്നു അത്. അഹമ്മദ് സുൽത്താൻ സ്വരങ്ങളെല്ലാം പാടുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും അതിശയമായി. നന്നായി പ്രാക്ടീസ് ചെയ്താണ് അദ്ദേഹം എത്തിയത്. പിന്നീട് ഞങ്ങളുമായി വളരെ അടുത്ത സൗഹൃദത്തിലായി. ഇനിയും ഞാൻ പാടുമെന്നും പരിപാടിക്ക് വരുമെന്നും അഹമ്മദ് സുൽത്താൻ പറഞ്ഞുവെന്നും രാജലക്ഷ്മി പറഞ്ഞു.

Ahmed-Sultan12

സുഹൃത്ത് അയച്ചു തന്ന ഒരു വിഡിയോ വഴിയാണ് അഹമ്മദ് സുൽത്താൻ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഷോ ഡയറക്ടർ എൻ.വി. അജിത് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്തി അവിടെയുള്ള സുഹൃത്ത് പാട്ട് പഠിപ്പിച്ചു. ഏതാണ്ട് മൂന്നാഴ്ചകൊണ്ടാണ് അഹമ്മദ് ഈ പാട്ട് പഠിച്ചതെന്നും അജിത് പറയുന്നു. ‘രണ്ടു ദിവസം കൂടുമ്പോഴുള്ള ഓരോ വൈകുന്നേരവും വാട്ട്സാപ്പിൽ അറബിയുടെ ട്രയൽ വേർഷൻ എത്തും. ഏതാണ്ട് മൂന്നാഴ്ച കൊണ്ട് അത്യാവശ്യം പ്രസന്റബിളായ അവസ്ഥയിലായി’– അജിത് വ്യക്തമാക്കി.

നേരത്തെ ഇന്ത്യൻ എംബസിയിൽ വച്ച് ‘വൈഷ്ണവ ജനതോ’ എന്ന ഗാനവും ഇദ്ദേഹം പാടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അഹമ്മദ് സുൽത്താൻ എന്നാണ് ഈ ഗായകൻ സൗദിയിൽ അറിയപ്പെടുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് കാഴ്ചക്കാർ അഹമ്മദിന്റെ മലയാളം പാട്ടിനെ സ്വീകരിച്ചത്. ഗാനത്തിനു ശേഷം കെ.എസ്. ചിത്രയും അഹമ്മദിനെ പ്രശംസിച്ചു. മറ്റു ഭാഷയിലുള്ളവർക്ക് മലയാളത്തിൽ പാട്ടുപാടാൻ വളരെ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട്. താങ്കളോടൊപ്പം പാടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ചിത്ര പറഞ്ഞു.

കെ.എസ്. ചിത്രയ്ക്കൊപ്പം ഒരു സ്റ്റേജിൽ നിന്ന് ഗാനം ആലപിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് അഹമ്മദ് സുൽത്താനും പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം തീർന്നുവെന്ന് വിചാരിച്ചെങ്കിൽ തെറ്റി, സൽമാൻ ഖാൻ അഭിനയിച്ച ‘ലവ്’ എന്ന സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പർ ഹിറ്റ് ഗാനവും അദ്ദേഹം ചിത്രയ്ക്കൊപ്പം ആലപിച്ചു. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.

English Summary: Saudi singer song with ks chithra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA