ADVERTISEMENT

അബുദാബി ∙ സഹിഷ്ണുതയിൽ ലോക രാജ്യങ്ങളെയും എല്ലാ മതങ്ങളെയും ഒപ്പം ചേർത്തു യുഎഇ. സഹവർത്തിത്വവും സഹിഷ്ണുതയും മാനവ സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം അബുദാബി ഉമ്മുൽ ഇമാറാത്ത് പാ‍ർക്കിൽ ആരംഭിച്ച സഹിഷ്ണുതാ മാനവ സാഹോദര്യ ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് വ്യത്യസ്ത മതനേതാക്കളെയും ഇന്ത്യക്കാർ ഉൾപ്പെടെ 150ലേറെ രാജ്യക്കാരെയും അണിനിരത്തിയത്.

സായിദിന്റെ സമീപനം എന്ന പ്രമേയത്തിലുള്ള ഉത്സവം സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാ‍ർപാപ്പയുടെ സാന്നിധ്യത്തിൽ ഫെബ്രുവരിയിൽ അബുദാബിയിൽ നടന്ന മാനവ സാഹോദര്യ സമ്മേളനത്തിന്റെ തുടർച്ചയായി പുറത്തിറക്കിയ മാനവസാഹോദര്യ മാർഗരേഖയുടെ ഭാഗമായാണ് ഉത്സവം.

സ്വദേശികളും ഇവിടെ കഴിയുന്ന വിദേശികളും സന്ദ‍ർശകരുമെല്ലാം ഉൾപ്പെട്ടതാണ് ആഘോഷമെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. സഹിഷ്ണുതയും സഹവർത്തിത്വവും മുഖമുദ്രയായ മന്ത്രാലയം ഓരോ വിഭാഗത്തെയും മതപരമായും സാംസ്കാരികമായും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുവരുന്നു. ഇതേസമയം ഹിംസയ്ക്കും ഭീകരവാദത്തിനും എതിരെ പ്രാദേശിക, രാജ്യാന്തര തലത്തിൽ സഹകരിച്ചു പ്രവ‍ർത്തിക്കുകയും ചെയ്യുന്നുണ്ട്. 226 സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലെ എംബസികളും ഉത്സവത്തിൽ സഹകരിക്കുന്നുണ്ട്.

ഉമ്മുൽ ഇമാറാത്ത് പാർക്കിൽ വൈകിട്ട് 5 മുതൽ രാത്രി വരെ നടക്കുന്ന ഉത്സവം ഈ മാസം 16 വരെ നീണ്ടുനിൽക്കും. ഇതോടനുബന്ധിച്ചു നടന്ന സഹിഷ്ണുതാ മാർച്ചിൽ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും ഉന്നത ഉദ്യോഗസ്ഥരും കലാകാരന്മാരും വ്യത്യസ്ത മതനേതാക്കന്മാരും പങ്കെടുത്തു. സൂപ്പർ താരങ്ങളായ ഹുസൈൻ അൽ ജാസ്മിയും ബൽഖീസ് അഹ്മദും സഹിഷ്ണുതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വദേശികളുടെയും രാജ്യാന്തര നാടോടി സംഘങ്ങളുടെയും പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി.

യുഎഇയുടെ നിർദിഷ്ട മതസൗഹാ‍ർദ ഭവനമായ എബ്രഹാമിക് ഫാമിലി ഹോമിന്റെ ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ പ്രദർശനവുമുണ്ട്. 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിലേക്ക് എല്ലാ ജനവിഭാഗങ്ങളെയും വിദ്യാർഥികളെയും മന്ത്രി ക്ഷണിക്കുകയും ചെയ്തു. സഹിഷ്ണുതയുടെ ആഗോള കേന്ദ്രമായി യുഎഇയെ ഉയർത്താൻ ഇത്തരം പരിപാടികൾക്കു സാധിക്കുമെന്നും സൂചിപ്പിച്ചു.

ഇതിനു എല്ലാവിധ പിന്തുണയും നൽകുന്ന പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസ‍ർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവ‍ർക്കും കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com