ADVERTISEMENT

ദോഹ ∙ രാജ്യത്ത് 3 പുതിയ പൊതുപാർക്കുകളുടെ നിർമാണത്തിന് തുടക്കമായി. അൽ ഗരാഫ, ഉം അൽ സെനീം എന്നിവിടങ്ങളിൽ പുതിയ പാർക്കുകൾ നിർമിക്കുന്നതിനൊപ്പം റൗദത്ത് അൽ ഖെയ്ൽ പാർക്ക് (അൽ മുംന്തസ പാർക്ക്) വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്ക് നിർമാണത്തിന് തുടക്കമിട്ടതായി പൊതുമരാമത്ത് വകുപ്പാണ് (അഷ്ഗാൽ) പ്രഖ്യാപിച്ചത്.

ജനസംഖ്യ വർധന അനുസരിച്ച് പൊതുജനങ്ങൾക്കായി കൂടുതൽ പാർക്കുകൾ അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ പാർക്കുകൾ നിർമിക്കുന്നതെന്ന് അഷ്ഗാൽ പബ്ലിക് പ്രോജക്ട് വിഭാഗം മേധാവി എൻജി.അബ്ദുൾ ഹകീം അൽ ഹാഷിമി പറഞ്ഞു. മരങ്ങളും പൂന്തോട്ടങ്ങളുമെല്ലാം ഒരുക്കി ഹരിതാഭമായ പാർക്കുകളാണു നിർമിക്കുന്നത്.

കൂടാതെ വ്യായാമത്തിനുള്ള സൗകര്യങ്ങൾ, കുട്ടികൾക്കുള്ള കളി സ്ഥലങ്ങൾ, സൈക്കിൾ സവാരിക്കാർക്കും നടത്തത്തിനുമുള്ള പാതകൾ എന്നിവയെല്ലാം പുതിയ പാർക്കുകളിൽ ഉണ്ടാകും. 3 പാർക്കുകളിലുമായി 987ൽ പരം കാർ പാർക്കിങ് സ്ലോട്ടുകളാണുള്ളത്. കൂടാതെ 2300 മരങ്ങളും നട്ടുപിടിപ്പിക്കും.

സവിശേഷതകൾ

ഓരോ പാർക്കുകളിലും കുട്ടികൾക്കായി രണ്ട് കളിസ്ഥലങ്ങൾ തയാറാകും. കുട്ടികളുടെ ശാരീരിക, മാനസിക ക്ഷേമം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്. 2നും 5നും ഇടയിൽ പ്രായമുള്ളവർക്കും 6നും 12നും ഇടയിൽ പ്രായമുള്ളവർക്കുമായാണ് 2 കളിസ്ഥലങ്ങൾ. ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെയാകും കളിസ്ഥലം നിർമിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൈക്കിൾ സവാരിക്കാർക്കും ഓട്ടം, നടത്തം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്കുമായി പ്രത്യേക പാതകൾ നിർമിക്കുന്നത്.

വ്യായാമത്തിനുള്ള കായിക ഉപകരണങ്ങളുമുണ്ടാകും. ഹരിത കെട്ടിടങ്ങളുടെ രണ്ടാം ഗ്രേഡ് ഗുണനിലവാരം ഉറപ്പാക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് 3 പാർക്കുകളിലും ഉണ്ടാകുക. കൂടുതൽ മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ വേനൽക്കാലത്ത് തണലൊരുക്കുകയും വായുമലിനീകരണം കുറയ്ക്കുകയും സാധ്യമാവും. പ്രാദേശിക കമ്പനികൾക്കും കമ്യൂണിറ്റികൾക്കുമായി ഉൽപന്നങ്ങൾ വിൽക്കാൻ പാർക്കുകളിൽ കിയോസ്‌കികളും സ്റ്റാളുകളും നിർമിക്കാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com