ADVERTISEMENT
ദുബായ് ∙ പരാതിപ്പെടേണ്ട ഓഫിസറുടെ അടുത്തെത്താൻ വെളിച്ച വര വഴികാട്ടുന്നതടക്കമുള്ള സേവനങ്ങളുമായി മുറഖാബാദ് പൊലീസ് സ്റ്റേഷൻ സ്മാർട്ടായി. ആധൂനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഇത്തരത്തിൽ സ്മാർട്ടാകുന്ന ലോകത്തെ ആദ്യ സ്റ്റേഷനാണിതെന്ന് അധികൃതർ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ചിരുന്നു.

27 പ്രധാന സേവനങ്ങൾ

പ്രധാനമായും 27 സേവനങ്ങളാണ് സ്മാർട് സ്റ്റേഷൻ വഴി ലഭിക്കുക. ഇതിനൊപ്പം 33 ചെറിയ അനുബന്ധ സേവനങ്ങളും ഇവിടെ കിട്ടും. കടലാസ് രഹിത നടപടികളിലേക്ക് സംവിധാനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് സ്റ്റേഷൻ സ്മാർട്ടാക്കിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ പോലുള്ള സേവനങ്ങൾക്ക് തുക ഈടാക്കും. ട്രാഫിക് പിഴ പോലുള്ളവ അടയ്ക്കാനും ഇവിടെ സംവിധാനമുണ്ട്.

എടിഎമ്മും ലൈബ്രറിയും

സ്റ്റേഷൻ കൂടുതൽ ജനകീയമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുറഖാബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ. അലി അഹമ്മദ് അബ്ദുല്ല ഖാനം വ്യക്തമാക്കി. പണം എടുക്കാനുള്ള സൌകര്യത്തിന് എടിഎമ്മും ഇരുന്നു വായിക്കാൻ ചെറിയ ഗ്രന്ഥശാലയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ചീഫ് ഓഫ് ഡ്യൂട്ടി ഖലീഫ അലി റാഷിദ് ഖലീഫ സുൽത്താൻ, അഡ്മിനിസ്ട്രേഷൻ ചീഫ് ഇബ്രാഹിം ഖാലിദ് സുലൈമാൻ എന്നിവരും വ്യക്തമാക്കി.

പരാതി നൽകാൻ ഇ – വഴി

∙ സ്റ്റേഷനുള്ളിലെ സ്ക്രീനിൽ ടോക്കൺ എടുക്കാൻ സംവിധാനം ഉണ്ട്. ആദ്യമായി എത്തുന്നവർ ഇതിൽ വിവരങ്ങൾ നൽകണം. പിന്നീടെത്തുമ്പോഴെല്ലാം  മുഖം നോക്കി യന്ത്രം നിങ്ങളെ യന്ത്രം തിരിച്ചറിയും.

∙ കിയോസ്കുകൾ, ഐപാഡുകൾ, കമ്മ്യൂണിറ്റി സർവീസ് എന്നിങ്ങനെയാണ് സ്ക്രീനിൽ തെളിയും. ഇതിൽ കിയോസ്കിൽ അമർത്തിയാലാണ് ഏത് സർവീസ് മുറിയിലേക്കാണ് പോകേണ്ടതെന്ന് വ്യക്തമാക്കി തറയിൽ വെളിച്ചവര വീഴും. ആ വരയിലൂടെ നടന്ന് പരാതിപ്പെടാനുള്ള മുറിയിലെത്താം.

∙ ഐപാഡ് ഉപയോഗിച്ചും പരാതിപ്പെടാം.

∙ കമ്മ്യൂണിറ്റി സേവനങ്ങളാണ് വേണ്ടതെങ്കിൽ നേരെ പോകാം.

∙ ചൈനീസും റഷ്യനും ഉൾപ്പടെ ഏഴുഭാഷകളിൽ സേവനം ലഭ്യമാകും. ഭിന്നശേഷിക്കാർക്കായി ഉയരം കുറച്ചും സ്ക്രീൻ വച്ചിട്ടുണ്ട്.

സ്വകാര്യം പരാതി

∙ വെളിച്ച വരയിലൂടെ നടന്ന് പരാതി നൽകാനുള്ള മുറിയിൽ പ്രവേശിച്ച് 5 നിമിഷത്തിനുള്ളിൽ കണ്ണാടിമുറി അതാര്യമാകും. ഇതോടെ ആർക്കും നിങ്ങളെ കാണാനാകില്ല. പരാതിക്കാരുടെ സ്വകാര്യത സൂക്ഷിക്കാനാണ് ഈ സംവിധാനമെന്ന് അഡ്മിനിസ്ട്രേഷൻ സെക്​ഷൻ ഉദ്യോഗസ്ഥ മനൽ അബ്ദുറഹിം അഹമ്മദ് അൽ ജവഹാരി അറിയിച്ചു.

∙ മുറിക്കുള്ളിലെ യന്ത്രത്തിൽ നിങ്ങളുടെ രേഖ സ്കാൻ ചെയ്യാം. ബയോ മെട്രിക് സംവിധാനവും പാസ്പോർടും തിരിച്ചറിയലിനായി ഉപയോഗിക്കാം.

∙ തുടർന്ന് നിങ്ങൾക്ക് വേണ്ട സേവനങ്ങൾക്കു നേരെ വിരൽ അമർത്തിയാൽ പൊലീസിന്റെ കേന്ദ്ര സംവിധാനത്തിലേക്കു സന്ദേശം പോകുന്നത്. വിഡിയോ കോൺഫറൻസിങ് വഴി എത്തുന്ന ഉദ്യോഗസ്ഥനോടെ. നിങ്ങൾക്ക് പരാതിപ്പെടാം. പരമാവധി പതിനഞ്ച് മിനിറ്റിനുള്ളിൽ നടപടികളാകും.

∙ നേരിട്ട് പരാതിപ്പെടാനാണ് ആഗ്രഹമെങ്കിൽ രണ്ട് മുറികളിൽ അതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com