sections
MORE

മഴയും പൊടിക്കാറ്റും, ഖത്തറിൽ ശൈത്യം വരുന്നു; ജാഗ്രത പാലിക്കണം

qatar-rain
മഴയ്ക്ക് മുന്നോടിയായെത്തിയ കാര്‍മേഘ കൂട്ടം. ചിത്രം – പെനിന്‍സുല
SHARE

ദോഹ ∙ ശൈത്യത്തിന്റെ വരവ് അറിയിച്ച് മഴ എത്തി. ഞായറാഴ്ച ഉച്ചയോടെ ദോഹ നഗരത്തിൽ ഉൾപ്പെടെ രാജ്യത്ത് മിക്കയിടത്തും കനത്ത മഴയായിരുന്നു. ശക്തമായ പൊടിക്കാറ്റിന് പിന്നാലെയാണ് ഇടിമിന്നലോടു കൂടിയ മഴ പെയ്തത്. മണിക്കൂറിൽ 22 നോട്ടിക് മൈലിൽ കൂടുതൽ വേഗത്തിൽ കാറ്റും വീശി. പലയിടങ്ങളിലും ആലിപ്പഴവും വീണു. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച കാലാവസ്ഥാ മാറ്റം രാത്രി വരെ തുടർന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച ഗണ്യമായി കുറയുകയും ചെയ്തു. രാവിലെ മുതൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് യഥാസമയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നഗരസഭ പരിസ്ഥിതി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. ശൈത്യമറിയിച്ചെത്തിയ മഴയുടെ വിഡിയോയും ചിത്രങ്ങളുമൊക്കെയായി സമൂഹ മാധ്യമങ്ങളും സജീവമായിരുന്നു. ഇന്നലെ വൈകിട്ട് നേരിയ ചാറ്റൽമഴയും തണുത്ത കാറ്റുമായാണ് കാലാവസ്ഥ തുടർന്നത്.

തിങ്കളാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റിനും കനത്ത തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ യാത്ര ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴയുള്ളപ്പോൾ അടിയന്തര സഹായം ഉറപ്പാക്കാൻ അതതു നഗരസഭകളിൽ മഴ അടിയന്തര ഫോൺ നമ്പറുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു.

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കാൻ

∙ മഴയുള്ളപ്പോൾ ജാഗ്രതയില്ലാതെ വാഹനം ഓടിക്കരുത്.  ടയർ തെന്നിമാറാനും നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും.

∙ നനഞ്ഞ റോഡിലൂടെ അമിത വേഗത്തിൽ വാഹനം ഓടിക്കരുത്. മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്.

∙ റോഡിലെ വെള്ളക്കെട്ടുകളിൽ അകപ്പെടാതിരിക്കാൻ ജാഗ്രതയോടെ വേണം വാഹനം ഓടിക്കാൻ.

∙ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

∙ വാഹനത്തിന്റെ ടയറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.

∙ മുൻപിലുള്ള വാഹനവുമായി സാധാരണ സുരക്ഷാ അകലത്തേക്കാൾ കൂടുതൽ അകലം പാലിക്കണം.

∙ കാറിന്റെ വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വിൻഡ്ഷീൽഡും റിയർ വിൻഡോയും വൃത്തിയായി സൂക്ഷിക്കണം.

∙ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കരുത്.

പൊതുജനം ശ്രദ്ധിക്കാൻ

∙ ഇടിയും മിന്നലും കനത്ത മഴയുമുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

∙ കാറിനുള്ളിൽ ആണെങ്കിൽ ജനലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

∙ മേൽക്കൂരകൾ, വൈദ്യുത പോളുകൾ, ഉയർന്ന മരം എന്നിവയുടെ താഴെ നിൽക്കരുത്.

∙  തുറസായ സ്ഥലങ്ങളിൽ വെള്ളം ഉള്ള സ്ഥലത്ത് നിന്ന് അകലം പാലിക്കുക.

english summary: strong wind and low visibility in most parts of qatar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA