ADVERTISEMENT

ദോഹ ∙ വെള്ളത്തിന്റെ ഉപയോഗം 90% കുറച്ചു കൊണ്ടുള്ള പുതിയ കൃഷിരീതിയുടെ പ്രാരംഭ ഘട്ടത്തിന് തുടക്കമായി. പ്രാദേശിക കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടാണു രാജ്യത്തിന്റെ പ്രഥമ ജലസംരക്ഷണ ഹരിത ശാല പദ്ധതി ആരംഭിച്ചത്. പ്രാദേശിക ഭക്ഷ്യകമ്പനിയായ ഹസ്സാദ് ഫുഡിന്റെ അൽ ഷഹാനിയയിലെ ഗ്രീൻ ഹൗസിലാണു പുതിയ കൃഷി രീതി അവതരിപ്പിച്ചത്. ഹസ്സാദ് ഫുഡ് നോർവീജിയൻ കെമിക്കൽ കമ്പനിയായ യാര ഇന്റർനാഷനൽ ഖത്തർ ഫെർട്ടിലൈസർ കമ്പനി (കാഫ്‌കോ) എന്നിവയുടെ പങ്കാളിത്തത്തിലാണ് പുതിയ കൃഷി രീതി ആരംഭിച്ചത്.

വാഗിനീഗൻ സർവകലാശാലയും സംരംഭത്തിൽ പങ്കാളികളാണ്. പ്രാരംഭ ഘട്ടത്തിൽ തക്കാളി കൃഷിയാണ് ചെയ്യുന്നത്. ഒരു തക്കാളിക്ക് ഒരു ലീറ്ററിൽ താഴെ വെള്ളം ഉപയോഗിച്ച് 1 ചതുരശ്രമീറ്റർ മണ്ണിൽ നിന്ന് 100 കിലോ തക്കാളി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക ഫാമുകളിൽ പരമ്പരാഗത രീതിയിലാണ് തക്കാളി കൃഷി ചെയ്യുന്നത്. തുറസ്സായ സ്ഥലത്ത് തക്കാളി കൃഷി ചെയ്യാൻ ഒരു തക്കാളി ചെടിക്കു കുറഞ്ഞത് 60 ലീറ്റർ വെള്ളം വേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുള്ള പുതിയ കൃഷി രീതി. പദ്ധതി പൂർണമായും വിജയകരമായാൽ കൃഷി വിപുലമാക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക കാര്യ അസി.അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫലേഹ് ബിൻ നാസർ അൽതാനി പറഞ്ഞു.

ജലസംരക്ഷണ ഹരിതശാലയിൽ ഉൽപാദനം 20 ഇരട്ടി വർധിപ്പിക്കാനും കഴിയും. പുതിയ കൃഷിക്കായുള്ള ഗ്രീൻഹൗസിൽ പൂർണമായും ശീതീകരണ സംവിധാനമാണ് ഉപയോഗിക്കുന്നത്. പുറത്തെ കാലാവസ്ഥ ഒരുതരത്തിലും ഗ്രീൻഹൗസിനുള്ളിലെ കൃഷിയെ ബാധിക്കില്ല. ഉള്ളിലെ ബാഷ്പീകരണ ജലം ചെടികളുടെ ജലസേചനത്തിന് ഉപയോഗിക്കും. കാഫ്‌കോയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി ദോഹ സന്ദർശനത്തിനെത്തിയ നോർവേ കിരീടാവകാശി ഹാക്കൻ മഗ്‌നസ്, ഹസാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് ബാദർ അൽ സദാഹ്, കാഫ്‌കോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുൾറഹ്മാൻ അൽ സുവൈദി എന്നിവർ ചേർന്ന് തക്കാളി തൈകൾ നട്ടാണു പ്രാഥമിക ഗ്രീൻഹൗസ് ജലസംരക്ഷണ കൃഷിക്കു തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com