ADVERTISEMENT

ദോഹ ∙ ഒട്ടേറെ രോഗലക്ഷണങ്ങളോടെ (സിൻഡ്രോമിക്) ജനിച്ച നവജാതശിശു കൊമെയ്‌ലിന് സിദ്ര മെഡിസിനിലൂടെ പുതുജീവിതം. മൂക്ക് ഇല്ലാതെ ജനിച്ച കുഞ്ഞിനുണ്ടായ പിളർന്ന അണ്ണാക്കും ചെവികളുടെയും താടിയെല്ലിന്റെയും രൂപവൈകൃതവും കടുത്ത ശ്വാസ തടസ്സത്തിന് ഇടയാക്കിയിരുന്നു. നാക്ക് ശ്വാസനാളത്തിനുള്ളിലേക്കു ഇറങ്ങിയതിനാൽ ഗുരുതരമായ അവസ്ഥയായിരുന്നു ശിശു. സിദ്ര മെഡിസിനിലെ വിദഗ്ധ മൾട്ടിഡിസിപ്ലിനറി സംഘമാണു ചികിത്സകൾ നടത്തിയത്.

അലൈയ്ഡ് ഹെൽത്ത് സംഘത്തിന്റെ ഹോളിസ്റ്റിക് പിന്തുണയും സഹായിച്ചതായി നവജാതശിശു തീവ്ര പരിചരണ വിഭാഗം ഡിവിഷൻ ചീഫ് ഡോ.ഹെൽമുട്ട് ടി.ഹമ്മലെർ പറഞ്ഞു. സ്പീച്ച്, ഒക്കുപ്പേഷനൽ തെറപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള വലിയ സംഘമാണു കൊമെയ്‌ലിനും കുടുംബത്തിനും പിന്തുണ നൽകാൻ ഒപ്പമുണ്ടായിരുന്നത്. സിദ്രയിലെ 8 മാസത്തെ ചികിത്സയിലൂടെയാണു കൊമെയ്ൽ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിയത്. ശ്വാസതടസ്സം പരിഹരിക്കാനുള്ള ട്യൂബ് ഘടിപ്പിക്കാൻ സാധിക്കുന്ന വിധം മൂക്ക് തുറക്കുകയായിരുന്നു ആദ്യപടി.

പിന്നീട് താടിയെല്ലിനു ശരിയായ ആകൃതി നൽകി നാക്ക് മുകളിലേക്കു കൊണ്ടുവരാനും കഴിഞ്ഞു. താടിയെല്ലിൽ ഇംപ്ലാന്റ് ഘടിപ്പിച്ചു നീളം കൃത്യമാക്കി. പിന്നീട് ഇംപ്ലാന്റ് നീക്കി ട്രക്കിയസ്റ്റമിയിലൂടെ (ശ്വാസനാളത്തിലേക്ക് കഴുത്തിലൂടെ ട്യൂബ് ഘടിപ്പിക്കുക) ശ്വസനം സുഗമമാക്കി. കേൾവിക്കായി ചെവിയിൽ ഉപകരണം ഘടിപ്പിക്കുകയും ചെയ്തു. 8 മാസത്തെ നീണ്ട ചികിത്സക്കു ശേഷം കൊമെയ്‌ലും കുടുംബവും യൂറോപ്പിലേക്കു താമസം മാറി. കുഞ്ഞ് ചിരിക്കുകയും ഡാൻസ് ചെയ്യുകയും സംഗീതം ആസ്വദിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെന്ന് അമ്മ ശയിസ്ത പെർവീൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com