ADVERTISEMENT

ദോഹ ∙ 125 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തിൽ രാജ്യത്തിന്റെ ശൈത്യകാല ചന്തകളുടെ പുതിയ സീസൺ നാളെ തുടങ്ങും. ഇത്തവണ അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിൽ 2 പുതിയ ചന്തകൾ കൂടി തുറക്കും. അൽമസ്രുഅ, അൽവക്ര, അൽഖോർ-അൽദഖീറ എന്നിവിടങ്ങളിലാണ് നിലവിൽ ശൈത്യകാല ചന്തകളുള്ളത്. പുതിയവ കൂടി തുറക്കുന്നതോടെ രാജ്യത്തിന്റെ കാർഷിക ചന്തകളുടെ എണ്ണം 5 ആകും. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു ശൈത്യകാല പച്ചക്കറി ചന്തകളുടെ പ്രവർത്തനം.

പ്രാദേശിക ഫാമുകളിൽ നിന്ന് എത്തിക്കുന്ന മുന്തിയ ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളും തേനും മാത്രമല്ല അലങ്കാര ചെടികളും ക്ഷീര ഉൽപന്നങ്ങളും കോഴി, താറാവ്, ചെമ്മരിയാട് തുടങ്ങിയ വളർത്തുമൃഗങ്ങളും കാർഷിക ചന്തകളിൽ ഉണ്ടാകും. ഇടനിലക്കാരില്ലാതെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്കു നൽകാനുള്ള അവസരമൊരുങ്ങുന്നതിനാൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ 11% വിൽപന നടക്കുന്നതു ഇത്തരം കാർഷിക ചന്തകളിലൂടെയാണ്. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണ് ശൈത്യകാല ചന്തകൾ. കർഷകർക്ക് തങ്ങളുടെ അധ്വാനത്തിന്റെ ലാഭം നേരിട്ട് ലഭിക്കുമെന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയിൽ കീടനാശിനികൾ തളിക്കാത്ത പച്ചക്കറികളും ലഭിക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശൈത്യകാല കാർഷിക ചന്തകൾ ജനകീയ ചന്തകളായി മാറിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പിന്തുണയിൽ ഇത്തവണയും ഉൽപാദനത്തിൽ വലിയ വർധന വരുത്താൻ കർഷകർക്ക് കഴിഞ്ഞിട്ടുണ്ട്. 7 മാസമാണ് ശൈത്യകാല ചന്തകളുടെ പ്രവർത്തനം. അൽമസ്രുഅ ആണ് ശൈത്യകാല ചന്തകളിൽ ഏറ്റവും വലുത്. വ്യാഴം മുതൽ ശനി വരെ രാവിലെ 7നു ചന്തകൾ തുറക്കും. വൈകിട്ട് 5 വരെയാണ് ചന്തകളുടെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com