ADVERTISEMENT

അബുദാബി ∙ എണ്ണ, പ്രകൃതി വാതക രംഗത്ത് 66 പദ്ധതികളിലേക്കും ഒഎഎല്‍പിയുടെ 26 പദ്ധതികളിലേക്കും നിക്ഷേപകരെ ക്ഷണിച്ച് ഇന്ത്യ. രാജ്യാന്തര പെട്രോളിയം പ്രദര്‍ശനത്തോടനുബന്ധിച്ച് അബുദാബി ദുസിത് താനിയില്‍ നടത്തിയ റോഡ് ഷോയിലാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നിക്ഷേപകര്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിട്ടത്. നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു.

5 വര്‍ഷത്തിനകം എണ്ണ, പ്രകൃതിവാതക രംഗത്ത് 10,000 കോടി ഡോളര്‍ നിക്ഷേപിക്കുന്ന ഇന്ത്യയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോഗ രാജ്യമായ ഇന്ത്യയുടെ ഇന്ധന ആവശ്യം വര്‍ധിച്ചുവരികയാണെന്നും 2020ഓടെ പ്രതിദിനം 50.5 ലക്ഷം ബാരലായി ഉയരുമെന്നും 2030ല്‍ അത് 1 കോടി ബാരലായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

വിദേശനിക്ഷേപം ഇരട്ടിയായി

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 28,600 കോടി ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെത്തിയതായി മന്ത്രി വ്യക്തമാക്കി. ഇതു കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യയുടെ വിദേശ നിക്ഷേപത്തിന്‍റെ പകുതി വരും. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര വികസന സൂചികയില്‍ ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യ ഇടംപിടിച്ചതായും പറഞ്ഞു. സൗദി അരാംകോ, അഡ്നോക്, ബിപി, ഷെല്‍, ടോട്ടല്‍ തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തം ഇന്ത്യയില്‍ നിക്ഷേപ വിശ്വാസ്യത കൂട്ടിയതായി മന്ത്രി സൂചിപ്പിച്ചു. ലോക ബാങ്കിന്‍റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ ഇന്ത്യ 79ല്‍നിന്ന് 63ലേക്ക് ഉയര്‍ന്നതും ഈ വിശ്വാസ്യത മൂലമാണ്. നിക്ഷേപ അനുകൂല അന്തരീക്ഷമാണ് നിലവിലുള്ളത്.

നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിനായി പ്രത്യേക പോര്‍ട്ടല്‍ തുറന്നിട്ടുണ്ടെന്നും പറഞ്ഞു. നിക്ഷേപിക്കാന്‍ ഇന്ത്യയെ പോലെ മറ്റൊരു മികച്ച രാജ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള എല്ലാ കമ്പനികളുടെയും എണ്ണ ഉൽപാദനം കൂട്ടാനായി ഇഒആര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയലത്തിലെ ഹൈഡ്രോ കാര്‍ബണ്‍സ് വിഭാഗം ഡയറക്ടര് ജനറല്‍ ഡോ. വി.പി ജോയ് പറഞ്ഞു. വിവിധ മേലകളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിച്ച് ഉല്‍പാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നതെന്നും ജോയ് പറഞ്ഞു. റോഡ് ഷോയില്‍ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പവന്‍ കപൂര്‍, ഒഎന്‍ജിസി സിഎംഡി ശശി ശങ്കര്‍ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com