ADVERTISEMENT

ദുബായ് ∙ ബസുകൾക്കു മാത്രമായി കൂടുതൽ ലെയ്നുകൾ ഒരുക്കി പൊതുഗതാഗതം സ്പീഡ് ട്രാക്കിലേക്ക്. നിലവിലുള്ള ലെയ്നുകൾ വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ പാതകളിൽ ഈ സംവിധാനമൊരുക്കുകയും ചെയ്യും. ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ബസുകൾക്കു കടന്നുപോകാൻ കഴിയും.

ഏതൊക്കെ റൂട്ടുകളിലാണ് അധിക ലെയ്നുകൾ േവണ്ടതെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ആർടിഎ പൊതുഗതാഗത എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. കൂടുതൽ യാത്രക്കാരുള്ള റൂട്ടുകൾക്കാണ് മുൻഗണന. മറ്റുവാഹനങ്ങളെ ബാധിക്കാത്ത വിധം ബസുകൾക്കു കൂടുതൽ ലെയ്നുകൾ നിർമിക്കാനാണ് പദ്ധതി. തിരക്കുള്ള പല മേഖലകളിലും ടാക്സികൾക്കും ബസുകൾക്കും ആർടിഎ പ്രത്യേക പാതകളൊരുക്കിയിട്ടുണ്ട്. മൻഖൂൽ റോഡ്- സത്​വ വരെയും അവിടെനിന്നു ഷെയ്ഖ് റാഷിദ് റോഡിലേക്കും പ്രത്യേക ലെയ്ൻ ഉണ്ട്.

അൽ ഖലീജ്, ഖാലിദ് ബിൻ വലീദ് റോഡ് ഉൾപ്പെടെ ഹയാത്ത് റിജൻസി ഹോട്ടലിനു അഭിമുഖമായുള്ള അൽമുസല്ല റോഡ് വരെയും ബസുകൾക്കു സുഗഗമമായി കടന്നുപോകാം. മീന റോഡ് മുതൽ 16ാം നമ്പർ റോഡ് വരെയും ഗുബൈബ മുതൽ മീന റോഡ് 12 വരെയും പ്രത്യേക ലെയ്നുണ്ട്. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഇത്തിഹാദ് റോഡിലും ഒരു കിലോമീറ്റർ പ്രത്യേക ലെയ്നുണ്ട്.

യാത്രക്കാർ കൂടി; ഹിറ്റ് ആയി ബസ്

ബസുകൾക്ക് മാത്രമായി നിലവിലുള്ള ലെയ്നുകൾ തിരക്കു കുറയ്ക്കാൻ പര്യാപ്തമല്ലെന്നു കണ്ടെത്തലിനെ തുടർന്നാണു ഇവ വ്യാപിപ്പിക്കുന്നത്. പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. തിരക്കു കണക്കിലെടുത്ത് കൂടുതൽ ബസുകൾ നിരത്തിലിറക്കുകയും പുതിയ മേഖലകളിലേക്കു സർവീസുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എക്സ്പോയ്ക്കായി കൂടുതൽ പാതകൾ ഒരുങ്ങി. മെട്രോ സർവീസുകളുമായി ബന്ധിപ്പിച്ചുള്ള ബസുകളും പൊതു വാഹനങ്ങളിലേക്കു യാത്രക്കാരെ ആകർഷിക്കുന്നു. കൂടുതൽ ബസുകൾ വരുന്നതോടെ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രത്യേക പാത പൊതു ഗതാഗതത്തിന്  മാത്രം

ദുബായ്ക്കു പുറമേ മറ്റ് എമിറേറ്റുകളില്‍ നിന്നു വരുന്ന പൊതുബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക പാതയിലൂടെ കടന്നു പോകാം. പൊലീസ്, ആംബുലന്‍സ് തുടങ്ങിയ അടിയന്തര സ്വഭാവമുള്ള വാഹനങ്ങള്‍ക്കും പോകാനാകും. മറ്റു വാഹനങ്ങൾ ഈ പാതയിൽ പ്രവേശിക്കുന്നതു കണ്ടെത്താൻ പ്രത്യേക റഡാർ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com