ADVERTISEMENT

ദുബായ് ∙ വിസ്മയക്കാഴ്ചകളൊരുക്കുന്ന ദുബായ് എയർ ഷോയിൽ ഇന്ത്യൻ പവ​ിലിയൻ സജീവം. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന അസ്ത്ര മിസൈൽ വാങ്ങാൻ യുഎഇ അധികൃതർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഇതടക്കം പ്രധാനപ്പെട്ട 9 അത്യാധുനിക യുദ്ധോപകരണങ്ങളാണ് പവലിനിലുള്ളത്. ബാലാക്കോട്ടിലടക്കം ഇന്ത്യയുടെ തുറുപ്പു ചീട്ടായിരുന്ന ശക്തമായ നിരീക്ഷണ സംവിധാനം എഇഡബ്ല്യൂസി(എയർ ബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം), കൊച്ചിയിൽ നിർമിക്കുന്ന ഡങ്കിങ് സോണാർ തുടങ്ങിയവ ഇന്ത്യൻ പവലിയനിലെ ആകർഷണങ്ങളാണ്.

പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഗവേഷണ മികവ് വിളിച്ചോതുന്നതാണ് ഇവ ഒരോന്നും. ലോകത്തിനു മുന്നിൽ ഇവ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പവലിയനിലെ മലയാളി ശാസ്ത്രജ്ഞ റോസ് ഏബ്രഹാം വ്യക്തമാക്കി. ഇവരെക്കൂടാതെ ഡിആർഡിഒ ജോയിന്റ് ഡയറക്ടർ ഇജാസ് ഭട്ട്, ശാസ്ത്രജ്ഞരായ സുരേഷ് റെഡ്ഡി, എസ്.എം ജയിൻ,യാസിം അൻസാരി എന്നിവരും പവലിയനിൽ സന്ദർശകരുടെ സംശയനിവാരണം നടത്താൻ സജീവമായുണ്ട്. ബ്രഹ്മോസ് മിസൈലിന് പ്രത്യേക വിഭാഗം തന്നെയുണ്ട്. 

കാണാം, ബാലാക്കോട്ടെ ഇന്ത്യൻ ശക്തി

പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മികവ് വിളിച്ചോതുന്നതാണ് ഇന്ത്യൻ പവലിയൻ. പ്രധാന ആകർഷണങ്ങൾ ഇതാ:

തേജസ്സ്

യുദ്ധവിമാനമായ തേജസ്സ് ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കും. അമ്പതിനായിരം അടി ഉയരത്തിൽ വരെ പറക്കും. മിസൈലുകൾ, ലേസർ നിയന്ത്രിത ബോംബുകൾ തുടങ്ങിയവയെല്ലാം ഇതിൽ നിന്നു വിക്ഷേപിക്കാം. കംപ്യൂട്ടർ നിയന്ത്രിത റഡാർ സംവിധാനമാണ് ഇതിൽ ഉപയോഗിക്കുന്നത്.

അശ്വനി (എൽഎൽടിആർ,ലോ ലെവൽ ട്രാൻസ്പോർടബിൾ റഡാർ)

ഭൂമിയിൽ നിന്ന് ശക്തമായ നിരീക്ഷണം നടത്താവുന്ന സംവിധാനം. ഡിജിറ്റൽ ബീം ആണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇതിന്റെ നിരീക്ഷണ പരിധിയിൽ വരുന്ന വസ്തുക്കളെ തരംതിരിച്ചു കാണിക്കാനുള്ള ശേഷിയുമുണ്ട്.

എഇഡബ്ല്യൂ ആൻഡ് സി (എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം)

air-show
ദുബായ് എയർഷോയിൽ ദേശീയ വ്യോമാഭ്യാസ പ്രകടന സംഘമായ അൽ ഫുർസാൻ ദേശീയപതാകയുടെ വർണങ്ങൾ തീർത്തപ്പോൾ

ബാലാക്കോട്ട് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച നിരീക്ഷണ സംവിധാനമാണിത്. കുറച്ചു വിമാനത്തിൽ ഘടിപ്പിച്ചാണ് ഇത് ഉപയോഗിക്കുന്നത്. മറ്റ് റഡാറുകളെ കണ്ടെത്താനും ശത്രു രാജ്യത്തിന്റെ വ്യോമപ്രതിരോധ ശക്തി മനസ്സിലാക്കാനും ശേഷിയുമുണ്ട്. 

അസ്ത്ര

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ശബ്ദാതി വേഗത്തിൽ സഞ്ചരിക്കുന്ന വിമാനവേധ മിസൈലാണിത്. വിമാനത്തിൽ നിന്ന് വിമാനത്തിലേക്കു തൊടുത്തുവിടാം. ഏതു കാലാവസ്ഥയിലും വിക്ഷേപിക്കാം. 

ഹെലിന

ഹെലികോപ്റ്ററിൽ നിന്ന് തൊടുക്കാവുന്ന അത്യാധുനിക ടാങ്ക് വേധ മിസൈലാണിത്. ഏഴു കിലോമീറ്റർ അകലെ വരെയുള്ള ടാങ്കുകളെ തകർക്കാനാകും. 

ബ്രേക്ക് പാരഷ്യൂട്ട്

യുദ്ധ വിമാനങ്ങൾ നിർത്താനുള്ള പാരഷ്യൂട്ട്. സാധാരണ ബ്രേക്കിങ് സംവിധാനമല്ല യുദ്ധവിമാനങ്ങൾക്കുള്ളത്, പകരം പാരഷ്യൂട്ടുകളാണ്. 

ഓൺ ബോർഡ് ഓക്സിജൻ ജനറേഷൻ സിസ്റ്റം

വിമാനങ്ങൾ പറക്കുമ്പോൾത്തന്നെ ഇന്ധനം നിറയ്ക്കേണ്ടി വരുമ്പോൾ ഒപ്പം ഓക്സിജനും നിറയ്ക്കണം. ഇങ്ങനെ വായു നിറയ്ക്കാനായി അവ കൃത്രിമമായി നിർമിക്കുന്ന സംവിധാനമാണിത്. 

എതെർമൽ ലേസർ ടാർഗിറ്റ് ഡസിഗ്നേറ്റർ 

ശത്രുപക്ഷത്തെ ടാങ്കുകളെ ലേസർ ഉപയോഗിച്ച് കണ്ടെത്താനുള്ള ഉപകരണം. എട്ടു കിലോമീറ്റർ ദൂരെ വരെയുള്ള ടാങ്കുകളെ കണ്ടെത്താം. 

ഡങ്കിങ് സോണാർ

ജലത്തിനടിയിലുള്ള സ്ഫോടകവസ്തുക്കളും മറ്റും കണ്ടുപിടിക്കാനുള്ള ഉപകരണം. കൊച്ചി ഡിആർഡിഒയിൽ വികസിപ്പിച്ചത്. യുദ്ധക്കപ്പലുകളുടെ സംരക്ഷണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. യുദ്ധക്കപ്പലുകൾക്ക് മുന്നേ ഹെലിക്കോപ്റ്ററിൽ ഇവ കൊണ്ടുപോകും. ഇവ അന്തർവാഹിനികളുടെ സാന്നിധ്യം കണ്ടുപിടിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com