ADVERTISEMENT

ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പിലെ നിർണായക മത്സരങ്ങൾ ഇന്ന്. വ്യാഴാഴ്ച നടക്കുന്ന സെമിയിലേക്ക് ആരൊക്കെ യോഗ്യത നേടുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി മത്സരങ്ങളുടെ 3-ാം റൗണ്ടാണ് ഇന്ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലുമായി (ദുഹെയ്ൽ) നടക്കുക. സെമിയിലേക്ക് യോഗ്യത നിശ്ചയിക്കുന്ന മത്സരങ്ങൾ എന്നതിനൊപ്പം എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് ശേഷം ഖത്തറും യുഎഇയും നേർക്കുനേർ പോരാടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ആദ്യ ദിനംഇറാഖുമായുള്ള മത്സരത്തിൽ ഖത്തർ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം തകർപ്പൻ പ്രകടനത്തിലൂടെ യെമനെതിരെ മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് ഖത്തർ ജയിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിലും ഖത്തറിന്റെ പോരാട്ട വീര്യം വിജയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഖത്തറിന് പിന്തുണയുമായി 7 ലക്ഷത്തോളം ഇന്ത്യൻ പ്രവാസി സമൂഹവും രംഗത്തുണ്ട്.

ഇന്ന് നടക്കുന്ന ഗ്രൂപ്പ് എ വിജയിയും ഗ്രൂപ്പ് ബിയിലെ റണ്ണർ അപ്പും തമ്മിലും ഗ്രൂപ്പ് ബിയിലെ വിജയിയും ഗ്രൂപ്പ് എയിലെ റണ്ണർ അപ്പും തമ്മിലാണ് സെമി ഫൈനൽ. രണ്ട് മത്സരങ്ങളിലെയും വിജയികൾ ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും. ടിക്കറ്റുകൾ വൈകിട്ട് 4 മുതൽ രാത്രി 10 വരെ സൂഖ് വാഖിഫ്, വില്ലാജിയോ മാൾ, മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, കത്താറ പൈതൃക കേന്ദ്രം എന്നിവിടങ്ങളിൽ ലഭിക്കും. ഓൺലൈനിൽ ലഭിക്കാൻ gulfcup2019.qa

ഇന്നത്തെ മത്സരം കടുപ്പമേറിയത്: ഖത്തർ ടീം പരിശീലകൻ

felix
ഫെലിക്‌സ് സാൻചെസ്

ദോഹ ∙ഇന്നത്തെ മത്സരം കടുപ്പമേറിയതെന്ന് ഖത്തർ ടീം പരിശീലകൻ ഫെലിക്‌സ് സാൻചെസ്. സെമി ഫൈനലിലേക്കുള്ള യോഗ്യതാ മത്സരമായതിനാൽ ഖത്തറിനെയും യുഎഇയെയും സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. സെമി ഫൈനലിലേക്കുള്ള ഏക അവസരമായതിനാൽ ജയിക്കാനുള്ള തയാറെടുപ്പ് തുടങ്ങിയെന്ന് വാർത്താസമ്മേളനത്തിൽ സാൻചെസ് പറഞ്ഞു. കഴിഞ്ഞ ദിവസം യെമനെതിരായ വിജയം ടീമിന്റെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നും സാൻചെസ് അഭിനന്ദിച്ചു. ടൂർണമെന്റിലെ അവസാന മത്സരമായതിനാൽ മത്സരം വെല്ലുവിളി നിറഞ്ഞതാകുമെന്ന് യുഎഇ ദേശീയ ടീമിലെ മുസാബ് ഖിദ്രയും പ്രതികരിച്ചു. 3 പോയിന്റുകൾ നേടാൻ ശ്രമിക്കുമെന്നും ഖിദ്ര പറഞ്ഞു.


മത്സരങ്ങൾ ഇന്ന്

ഖലീഫ രാജ്യാന്തര  സ്റ്റേഡിയം

∙ ഖത്തർ X യുഎഇ (5.30)

∙ കുവൈത്ത് X ബഹ്‌റൈൻ (8.00)

 അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം

∙ യെമൻ X ഇറാഖ് (5.30)

∙ ഒമാൻ X സൗദി അറേബ്യ (8.00)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com