ദോഹ ∙ രാജ്യത്തിന്റെ പ്രഥമ ഹോട്ട് എയർ ബലൂൺ മേളയ്ക്ക് ആസ്പയർ പാർക്കിൽ ഈ ശനിയാഴ്ച തുടക്കം. ഖത്തർ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള 33 ഹോട്ട് എയർ ബലൂണുകൾ ഖത്തറിന്റെ ആകാശത്ത് വർണവിസ്മയം തീർക്കും. മേളയുടെ ഭാഗമായി സംഗീതപരിപാടികളും കുട്ടികൾക്കായുള്ള വിനോദ പരിപാടികളും ഉണ്ടാകും. കൂടാതെ ഭക്ഷണസ്റ്റാളുകളും സന്ദർശകർക്കായി സജീവമാകും.
7ന് ഉച്ചയ്ക്ക് 2 മുതൽ സൂര്യാസ്തമയം വരെ 20 മീറ്റർ ഉയരത്തിൽ വർണങ്ങൾ നിറഞ്ഞ വലിയ ബലൂണുകൾ ആകാശത്ത് പറക്കും. ബലൂണുകൾ സംഗീതത്തിന്റെ താളത്തിനനുസരിച്ചാകും പറക്കുക. മേളയുടെ എല്ലാ ദിനങ്ങളിലും രാവിലെ 6.15ന് 30 മുതൽ 45 മിനിറ്റ് വരെ എല്ലാ ബലൂണുകളും സ്വതന്ത്രമായി പറക്കും. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ പങ്കാളിത്തത്തിലാണ് മേള. 18 വരെ നീളുന്ന മേളയിൽ പ്രവേശനം സൗജന്യം.