ADVERTISEMENT

അബുദാബി ∙ ഐക്യത്തിന്റെ കരുത്തിൽ ലോകത്തിന്റെ നെറുകിലേക്ക് ഉയർന്ന യുഎഇയുടെ ഭൂതവും വർത്തമാനവും ഭാവിയും വിളിച്ചറിയിക്കുന്നതായി സായിദ് സ്പോർട്സ് സിറ്റിയിൽ അരങ്ങേറിയ ലഗസി ഓഫ് ആൻസെസ്റ്റേഴ്സ്. 

legacy-3

ഭൂഗോളത്തിലെ അത്ര വലുതല്ലാത്ത രാജ്യം 48 വർഷംകൊണ്ട് ലോകം ഉറ്റുനോക്കുന്ന രാഷ്ട്രമായി മാറിയതും അതിന്റെ ഉന്നത   ലക്ഷ്യങ്ങളുമെല്ലാം 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചത് ആർജിച്ചെടുത്ത വൈദഗ്ധ്യത്തിന്റെ നിദർശനം കൂടിയായി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ സ്വപ്നം മുതൽ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടും ചിത്രീകരണത്തിൽ അവതരിപ്പിച്ചു. നേട്ടങ്ങളുടെ നെറുകിലും രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിക്കുന്നത് ഓരോ ഫ്രെയിമിലും കാണാമായിരുന്നു.

leagcy-2

കേവലം മീൻപിടിത്തവും മുത്തുവാരലും ഉപജീവനമായിരുന്ന, അറ്റം കാണാത്ത മരുഭൂമിയും കടലും മാത്രം സ്വന്തമായുണ്ടായിരുന്ന 7 എമിറേറ്റുകൾ ഷെയ്ഖ് സായിദിന്റെ നിർദേശം അനുസരിച്ച് യുഎഇ എന്ന രാജ്യത്തിനു കീഴിൽ അണിനിരന്നതുമുതൽ ഇന്നു വരെയുള്ളതും വരാനിക്കുന്നതും രാജ്യത്തിന്റെ സ്വപ്നങ്ങളും ചേർത്തുവച്ചതാണ് ലഗസി ഓഫ് ആൻസെസ്റ്റേഴ്സ്. സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർന്നതു മുതൽ പരിപാടി അവസാനിക്കുന്നതുവരെ കണ്ണിമ വെട്ടാതെ കാണുകയായിരുന്നു സദസ്സ്. അടുത്ത വർഷം നടക്കാനിരിക്കുന്ന എക്സ്പൊയും ഈയിടെ നേടിയ ബഹിരാകാശ നേട്ടവും നടക്കാനിരിക്കുന്ന ചൊവ്വാ ദൗത്യവുമെല്ലാം ദൃശ്യങ്ങളിലെത്തി. 

al-reef-fireworks

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവാകശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി എന്നിവരും സന്നിഹിതരായിരുന്നു. 20,000ത്തിലേറെ പേരാണ് പരിപാടി കാണാനെത്തിയത്.

ചരിത്രത്താളുകൾ:

uae-history

1971 ഡിസംബർ 2ന് യുഎഇ രൂപീകൃതമായ വാർത്തയുമായി പുറത്തിങ്ങിയ പത്രം അതേപടി ഇത്തിഹാദ് പത്രം ഇന്നലെ പുനപ്രസിദ്ധീകരിച്ചപ്പോൾ. 6 എമിറേറ്റുകളിലെ ഭരണാധികാരികളുടെ ചിത്രം,ഐക്യ എമിറേറ്റുകളുടെ മന്ത്രിസഭാ അധ്യക്ഷനായി ഷെയ്ഖ് മക്തൂം ബിൻ റാഷിദിനെ നിയോഗിച്ചത്, 1972 ഫെബ്രുവരി 10ന് റാസൽഖൈമ കൂടി ചേരാൻ ഇടയാക്കിയ ഉന്നത സമിതിയുടെ ചർച്ച ഇവ യെല്ലാം ഈ പേജിലുണ്ട്. ‘ഐക്യത്തിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക, നിങ്ങൾ ഭിന്നിക്കരുതെന്ന’ ഖുർആൻ വാക്യമാണ് അന്നത്തെ തത്വ വാക്യമായി കൊടുത്തത്. 50 ഫിൽസായിരുന്നു പത്രത്തിന്റെ വില.

മിതത്വത്തിലൂന്നിയ വിദേശ നയം വിജയകരം

അബുദാബി∙ സഹവർത്തിത്വം, സമാധാനം, മിതത്വം എന്നിവയിലൂന്നിയ വിദേശനയം വിജയകരമെന്ന് യുഎഇ. 48ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇയുടെ നേട്ടത്തെക്കുറിച്ച് ഭരണാധികാരികൾ വിശദീകരിച്ചത്. 

വികസനത്തിൽ ഓരോ പൗരന്റെയും പങ്കാളിത്തും ഉറപ്പാക്കി 2021ലെ സുവർണ ജൂബിലി വേളയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കി യുഎഇ മാറ്റുന്നതിലാണ് ഊന്നൽ നൽകുന്നത്. ജനങ്ങളുടെ സംതൃപ്തി കൂട്ടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്നാണ് ഭരണാധികാരികളുടെ നിലപാട്. 

2071ലെ ശതാബ്ദി വർഷം മുന്നിൽകണ്ട് നിർമിത ബുദ്ധി ഉൾപ്പെടെ നവീന സങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഹ്രസ്വ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com