ADVERTISEMENT

ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ നാളെ നടക്കും. 2022 ഫിഫ ലോകകപ്പ് വേദിയായ അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 8നു നടക്കുന്ന സെമി ഫൈനലിൽ ഖത്തറും സൗദി അറേബ്യയും അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാഖും ബഹ്‌റൈനും മത്സരിക്കും. സെമി ഫൈനൽ വിജയികൾ ഡിസംബർ 8ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് എ, ബി 3-ാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ 8 ടീമുകളിൽ യുഎഇ, കുവൈത്ത്, ഒമാൻ, യമൻ എന്നിവർ ടൂർണമെന്റിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്ക് യുഎഇയെ പരാജയപ്പെടുത്തിയാണ് ഖത്തർ സെമിയിൽ കടന്നത്. ബഹ്‌റൈനും രണ്ടിനെതിരെ 4 ഗോളുകൾക്ക് കുവൈത്തിനെ തോൽപ്പിച്ചാണ് സെമി പ്രവേശനം ഉറപ്പിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ സൗദിയെ എതിരില്ലാതെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ച കുവൈത്ത് രണ്ടാം മത്സരത്തിൽ ഒമാന്റെ പ്രതിരോധത്തിന് മുൻപിൽ തോൽക്കുകയായിരുന്നു.

അൽ ദുഹെയ്ൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെ ഒന്നിനെതിരെ 3 ഗോളുകൾക്കു തളച്ചാണ് സൗദി അറേബ്യ സെമിയിൽ പ്രവേശിച്ചത്. 3 തവണ ഗൾഫ് കപ്പ് ജേതാക്കളാണ് സൗദി. യമനും ഇറാഖും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ‌ സെമി ഫൈനൽ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. 2 ദിവസത്തെ തയാറെടുപ്പുകൾക്കും വിശ്രമത്തിനും ശേഷമാണു ടീമുകൾ നാളെ മത്സരത്തിനിറങ്ങുന്നത്.

ടിക്കറ്റ് കൗണ്ടറുകളിൽ  ആരാധക തിരക്കേറുന്നു

ticket
വില്ലാജിയോ മാളിലെ തിരക്ക്‌.

ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ സെമി ഫൈനൽ മത്സരം കാണാനുള്ള ടിക്കറ്റ് വാങ്ങാൻ ഫുട്‌ബോൾ ആരാധകരുടെ തിരക്കേറുന്നു. ഇന്നലെ വൈകിട്ട് 4 മുതലാണ് ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നത്. സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാളെ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-സൗദി അറേബ്യ മത്സരം കാണാനുള്ള ടിക്കറ്റുകൾക്കായാണ് തിരക്ക് തുടരുന്നത്.

∙ 10, 30, 50 റിയാൽ ആണ് ടിക്കറ്റ് നിരക്ക്.

∙  ഓൺലൈനിൽ വാങ്ങാൻ gulfcup2019.qa.

ദോഹ മെട്രോ: ഒറ്റ ദിവസത്തിൽ 95,000 യാത്രക്കാർ

representative image

ദോഹ ∙ ഒറ്റ ദിവസം കൊണ്ട് ദോഹ മെട്രോയിൽ യാത്ര ചെയ്തത് 95,000 പേർ. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ഗൾഫ് കപ്പിലെ ഖത്തർ - യുഎഇ മത്സരം കാണാനെത്തിയവരുടെ തിരക്കാണ് എണ്ണം വർധിപ്പിച്ചത്. മത്സര ദിനങ്ങളിൽ രാവിലെ 6 മുതൽ രാത്രി 12 വരെയാണ് മെട്രോയുടെ പ്രവർത്തനം. മെട്രോയുടെ അൽ വക്ര മുതൽ അൽ ഖ്വാസർ വരെയുള്ള റെഡ്‌ ലൈനിലും റാസ് ബു അബൗദ് മുതൽ ഖലീഫ സ്റ്റേഡിയത്തിലെ അൽ അസീസിയ സ്റ്റേഷൻ വരെയുള്ള ഗോൾഡ് ലൈനിലുമായാണ് ഇത്രയേറെ യാത്രക്കാർ സഞ്ചരിച്ചത്. പതിവ് യാത്രക്കാരും മത്സരം കാണാനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെയും എണ്ണമാണിത്. റെഡ്‌ ലൈൻ വഴിയുള്ള യാത്രക്കാർ ഇന്റർചേഞ്ച് സ്‌റ്റേഷനായ മിഷെറെബിലെത്തി അവിടെ നിന്ന് ഗോൾഡ് ലൈൻ വഴിയാണ് സ്‌റ്റേഡിയത്തിലുള്ള സ്‌പോർട്‌സ് സിറ്റി, അൽ അസീസിയ സ്‌റ്റേഷനിലേക്ക് എത്തിയത്. കനത്ത തിരക്ക് നിയന്ത്രിക്കാൻ എല്ലാ സ്‌റ്റേഷനുകളിലും ഗതാഗത പൊലീസും മെട്രോ ജീവനക്കാരും സജീവമായിരുന്നു. മത്സര ടിക്കറ്റ് കൈവശമുള്ളവർക്ക് സൗജന്യ ഡേ പാസാണ് ഖത്തർ റെയിൽ അനുവദിച്ചിരിക്കുന്നത്. എല്ലാ സ്റ്റേഷനുകളിൽ നിന്നും സൗജന്യ മെട്രോ ലിങ്ക് ബസുകളും മെട്രോ ടാക്‌സികളും യാത്രക്കാർക്കായി സർവീസ് നടത്തുന്നുണ്ട്. ഗൾഫ് കപ്പിന്റെ ആദ്യ ദിനമായ നവംബർ 26നും മെട്രോകളിൽ യാത്രക്കാരുടെ തിരക്കായിരുന്നു.

ആകർഷകമായ യാത്രാ പാക്കേജുകൾ ഒരുക്കി ഖത്തർ എയർവേയ്സ്

representative image
representative image

ദോഹ ∙ ഫുട്‌ബോൾ പ്രേമികൾക്ക് ദോഹയിലേക്ക് മികച്ച യാത്രാസൗകര്യമൊരുക്കി ഖത്തർ എയർവേയ്സ്. 24-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ സെമി ഫൈനൽ, ഫൈനൽ, ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങളോട് അനുബന്ധിച്ച് പുതിയ വിമാനങ്ങൾ അനുവദിക്കുകയും സർവീസുകൾ ഉറപ്പാക്കുകയും മികച്ച ഓഫർ പാക്കേജുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഓഫർ പാക്കേജിലാണ് നൽകുന്നത്. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുളള ആരാധകർക്ക് ഫുട്ബോൾ മത്സരം, ഹോട്ടൽ, സംഗീത പരിപാടികൾ എന്നിവയ്ക്കുള്ള ടിക്കറ്റുകൾ ഉൾപ്പെടെയാണു യാത്രാ പാക്കേജുകൾ നൽകുന്നത്. ഡിസംബർ 11 മുതൽ 21 വരെയാണ് ഫിഫ ക്ലബ് ലോകകപ്പ്.

സംഗീത പരിപാടികൾക്ക് ഇന്ന് തുടക്കം

‘ഖത്തർ ലൈവ്’ സംഗീത പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഫുട്‌ബോൾ ആരാധകർക്കായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ, കത്താറ പൈതൃക വില്ലേജ് എന്നിവിടങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള സംഗീത, വിനോദ പരിപാടികളാണ് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സംഘടിപ്പിക്കുന്നത്. ദോഹയിലെയും മധ്യപൂർവദേശത്തെയും  മികച്ച സംഗീത പ്രതിഭകളുടെ പരിപാടികളാണ് 7 വരെ നടക്കുന്നത്. പ്രശസ്ത ഡിജെമാരുടെ ഡേ ഡ്രീം ഫെസ്റ്റിവൽ 12 മുതൽ 20 വരെ റിറ്റ്‌സ് കാൾട്ടൻ ദോഹയിൽ നടക്കും. 15 മുതൽ 19 വരെ മറൂൺ 5, കാറ്റി പെരി, മലൂമ തുടങ്ങിയ പ്രതിഭകളുടെ സംഗീത വിരുന്നുകളാണ്. 10 വയസ്സിൽ താഴെയുളള കുട്ടികൾക്ക് സംഗീത പരിപാടികളിലേക്ക് പ്രവേശനമില്ല. കൂടുതൽ വിവരങ്ങൾ ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.

സെമി ഫൈനല്‍ മത്സരങ്ങൾ

∙ ഖത്തർ   X  സൗദി അറേബ്യ (അൽ ജനൗബ് സ്റ്റേഡിയം, അൽ വക്ര)

∙ ഇറാഖ്  X ബഹ്റൈൻ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അൽ സദ്ദ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com