ADVERTISEMENT

അബുദാബി ∙ 5 ദിവസത്തെ അവധിക്കുശേഷം ഇന്നു യുഎഇ പതിവു തിരക്കിലേക്ക്. സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളുമെല്ലാം തുറന്നു പ്രവർത്തിക്കുന്നതോടെ റോഡിലും തിരക്കേറും. യുഎഇ സ്മാരക ദിനം, ദേശീയ ദിനം എന്നിവ പ്രമാണിച്ച് 3 ദിവസവും വാരാന്ത്യ അവധികളും ചേർത്ത് സർക്കാർ ജീവനക്കാർക്ക് 5 ദിവസം അവധി ലഭിച്ചിരുന്നു.

അവധി ഏകീകരിച്ചെങ്കിലും ചില സ്വകാര്യ സ്ഥാപനങ്ങൾ ഇന്നലെ തുറന്നു. ഗ്രോസറി, സൂപ്പർമാർക്കറ്റ്, ആശുപത്രി തുടങ്ങി അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്ക് പതിവുപോലെ ജോലി ചെയ്യേണ്ടിവന്നെങ്കിലും പകരം അവധിയോ ഓവർടൈമോ നൽകേണ്ടിവരും. സർക്കാർ ഓഫിസുകളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയാക്കി.

പ്രധാനമായും എമിഗ്രേഷൻ, നഗരസഭ, ഗതാഗത വകുപ്പ്, ജലവൈദ്യുതി വകുപ്പ് തുടങ്ങിയ വകുപ്പുകളിലാണ് തിരക്കു നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയത്. എമിഗ്രേഷൻ അടക്കം ചില വകുപ്പുകളിൽ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തും. 24 മണിക്കൂറും ലഭ്യമാകുന്ന ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തി സർക്കാർ ഓഫിസുകളിലെ തിരിക്കു കുറയ്ക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. റോഡിൽ തിരക്ക് പരിഗണിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ പതിവിലും നേരത്തെ ഇറങ്ങണം.

ആഘോഷത്തിന്റെ ആരവങ്ങളിൽനിന്ന് വീണ്ടും പഠനത്തിരക്കിലേക്ക് നീങ്ങുകയാണ് വിദ്യാർഥികൾ. ചിലർക്ക് അർധ വാർഷിക പരീക്ഷയാണ്. നേരത്തെ പരീക്ഷ നടത്തിയ സ്കൂളിലെ വിദ്യാർഥികൾക്ക് മഴമൂലം മാറ്റിവച്ച പരീക്ഷ ആദ്യദിവസം നടക്കും. പിന്നീട് ഫലപ്രഖ്യാപനവും ഓപ്പൺ ഹൗസും കഴിയുമ്പോഴേക്കും ശൈത്യകാല അവധി തുടങ്ങും. 12ന് ആരംഭിക്കുന്ന ശൈത്യകാല അവധിക്കിടെ ക്രിസ്മസും പുതുവർഷവും കഴിഞ്ഞ് ജനുവരി 5ന് സ്കൂൾ തുറക്കും. രാജ്യം തണുപ്പിലേക്ക് നീങ്ങിയതോടെ രോഗങ്ങളും വ്യാപകമാണ്. രോഗമുള്ള വിദ്യാർഥികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നു സ്കൂൾ അധികൃതരും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com