ADVERTISEMENT
ദുബായ് ∙ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ മധ്യപുർവ ദേശത്തെ ഏറ്റവും വലിയ ഫിറ്റ്നസ് പ്രദർശനമായ ദുബായ് മസിൽ ഷോയ്ക്ക് നാളെ തുടക്കം. ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന പ്രദർശനത്തിന് ഈ രംഗത്തെ വമ്പന്മാരെത്തും. ശാരീരികക്ഷമതയും സൗന്ദര്യവും നിലനിർത്താൻ ആവശ്യമായ ഉപദേശങ്ങളും നൂതന ഉൽപന്നങ്ങളും ഉപകരണങ്ങളും  പ്രദർശനത്തിൽ ഉണ്ടാകും.

ഫിൽ ഹീത്ത്, റോണി, ബിഗ് റാമി

ഏഴു തവണ മിസ്റ്റർ ഒളിംപിയ പട്ടം നേടി അർനോൾഡ് ഷ്വാസ്നെഗറിന്റെ റിക്കോർഡിനൊപ്പമെത്തിയ ഫിൽ ഹീത്തും പ്രദർശനത്തിന് എത്തും. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡേഴ്സ് (ഐഎഫ്ബിബി) പട്ടം ഏറ്റവുമധികം തവണ നേടിയ റോണി കോൾമാനും പ്രദർശനത്തിനുണ്ടാകും. എട്ടു തവണ മിസ്റ്റർ ഒളിംപിയ പട്ടം നേടിയ റോണി 26 തവണ ഐഎഫ്ബിബി പട്ടം സ്വന്തമാക്കി. ബോഡി ബിൽഡിങ് ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ റോണി കോൾമാൻ സിഗ്നേച്ചർ സീരീസ് ബൂത്തിൽ അദ്ദേഹം ആറിനും ഏഴിനും എത്തും. അനാഥത്വത്തിന്റെ വഴിയിൽ നിന്ന് ബോഡി ബിൽഡിങ്ങിലൂടെ താരമായ കൈ ഗ്രീനിയും പ്രദർശനത്തെ ഹരം കൊള്ളിക്കാൻ എത്തും. നെറ്റ് ഫ്ലിക്സ് പരമ്പരയായ സ്ട്രേഞ്ചർ തിങ്സിലെ താരമാണ് കൈ ഗ്രീൻ. മധ്യപൂർവദേശത്തെ ഇഷ്ടതാരമായ ബിഗ് റാമി, ബ്രാൻഡൻ കറി, ഏഞ്ചലിക്ക ടെക്സെറ, സാദിക് ഹഡ്സോണിക് തുടങ്ങിയവരും എത്തും. ഫിറ്റ്നസ് രംഗത്തെ പ്രഫഷണലുകൾക്ക് മാത്രമായി ഒരു ദിവസം മാറ്റിവച്ചിട്ടുണ്ട്. 7 വരെയാണ് മസിൽ ഷോ.

കടുകട്ടി മത്സരങ്ങൾ അരങ്ങു തകർക്കും

സ്ട്രോങ് മാൻ, ബോക്സിങ്, കിക്ക് ബോക്സിങ്, മിക്സഡ് മാർഷൽ ആർട്സ്, ഭാരോദ്വഹനം തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. ഈ രംഗത്തെ വമ്പൻ ബ്രാൻഡുകളെല്ലാം പുതിയ ഉൽപ്പന്നങ്ങളുമായി മൂന്നുദിവസവും രംഗത്തുണ്ടാകും. 500 ചതുരശ്ര മീറ്ററിലുള്ള വൻ പവി ലിയനാണ് ഒരുക്കുന്നതെന്നും നൂറുകണക്കിന് ഉൽപ്പന്ന സാംപിളുകൾ സൗജന്യമായി നൽകുമെന്നും ഈ രംഗത്തെ വമ്പനായ ന്യൂ റോക്ക് സ്പോർട്സ് ഉടമ ബഹ്റം കഫഷ് വെളിപ്പെടുത്തി.18500 ചതുരശ്ര മീറ്ററിലാണ് പ്രദർശനം. കാൽലക്ഷത്തോളം പേർ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com