ADVERTISEMENT

അബുദാബി/ ന്യൂഡൽഹി∙ ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക്  ഇന്ത്യൻ സമ്മാനമായി പോസ്റ്റൽ കവർ പുറത്തിറക്കി. സഹിഷ്ണുതയുടെ വക്താക്കളും ഇരുരാജ്യങ്ങളുടെയും പിതാക്കന്മാരുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രം ആലേഖനം ചെയ്ത പോസ്റ്റൽ കവർ ഇറക്കിയാണ് യുഎഇയുടെ ആഘോഷത്തിൽ ഇന്ത്യ പങ്കാളിയായത്. ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകളും കവറിൽ ഇടംപിടിച്ചു.

new-exhibition
ഷെയ്ഖ് സായിദിന്റെയും ഗാന്ധിജിയുടെയും തപാൽ സ്റ്റാംപുകളുടെ പ്രദർശനം കാണുന്ന ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അൽ ബന്നയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും.

ഹിന്ദിയിലും ഇംഗ്ലിഷിലും അറബിക്കിലും 48ാം ദേശീയ ദിനം: യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കവറിന്റെ മറുവശത്ത് ഇന്ത്യാ പോസ്റ്റ് ലോഗോയും ഉണ്ട്. പോസ്റ്റൽ കവർ യുഎഇയ്ക്കുള്ള ആദരവാണെന്നും ഇരുരാജ്യങ്ങൾ  തമ്മിലുള്ള ഊഷ്മള ബന്ധമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. താജ് പാലസിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അൽ ബന്ന, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി.

ഇതോടനുബന്ധിച്ച് ഷെയ്ഖ് സായിദിന്റെയും മഹാത്മാഗാന്ധിജിയുടെയും സ്റ്റാംപുകളുടെ പ്രദർശനവും നടന്നു.  ദുബായിലെ എമിറേറ്റ്സ് ഫിലാറ്റെലിക് അസോസിയേഷൻ, ഓൾ ഇന്ത്യ ഫിലാറ്റെലിക് ഫെഡറേഷൻ, ഫിലാറ്റെലിക് സൊസൈറ്റി ഓഫ് ഇന്ത്യ, തപാൽ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രദർശനം. മലയാളിയായ ഉമർഫാറൂഖിന്റെ ശേഖരത്തിലുള്ള യുഎഇ സ്റ്റാംപുകളും പ്രദർശനത്തിനെത്തി.

കൊച്ചി രാജഭരണ കാലത്ത് ഇറക്കിയ സ്റ്റാംപുകളിൽനിന്ന് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം മനസ്സിലാക്കാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇതോടനുബന്ധിച്ച് യുഎഇ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫാഷൻ ഷോയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com