ADVERTISEMENT

ദുബായ്∙ സൗജന്യ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഗെയിം ഡൗൺ ലോഡ് ചെയ്തു കളിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുമെന്നും ചതിക്കപ്പെടാൻ ഇടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.

കഴിയുന്നിടത്തോളം ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പാസ് വേഡുകൾ, ലോഗിൻ വിവരങ്ങൾ, ജന്മദിനം, ഈ മെയിൽ വിലാസം തുടങ്ങിയവയെല്ലാം കൈക്കലാക്കി വേറെ ആളുകൾക്ക് നൽകാൻ കഴിയുന്ന സൗജന്യ ഓൺലൈൻ ഗെയിമുകളുണ്ട്. മിക്ക സൗജന്യ ഓൺ ലൈൻ ഗെയിമുകളും നിർമിക്കുന്നവർ പണമുണ്ടാക്കുന്നത് സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറിയാണ്. 2020 ആകുമ്പോൾ  കംപ്യൂട്ടറുകൾക്കും ഓൺലൈൻ ഗെയിമുകൾക്കുമായി ആളുകൾ 1100 കോടി ഡോളർ ചെലവഴിക്കുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

ഭീകരസംഘടനകൾ സന്ദേശം കൈമാറാൻ ഓൺലൈൻ ഗെയിമുകളെയാണ് ആശ്രയിക്കുന്നതെന്ന് അടുത്തകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുവേ നിർദോഷമെന്നു തോന്നുന്ന പല സൗജന്യ ഗെയിമുകൾക്കു പിന്നിലും ഇത്തരം വൻചതികൾ ഒളിഞ്ഞിരിപ്പുണ്ടാകും. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ. നല്ല രസകരമായ കളികളിൽ ഏർപ്പെട്ടു തുടങ്ങുന്നത് മിക്കപ്പോഴും നേരമ്പോക്കിനാവും.

എന്നാൽ ക്രമേണ അതിന് അടിമകളായി തീരുന്നവരും ഉണ്ട്. കുട്ടികളിലാണ് ഈ പ്രവണത കൂടുതൽ. ഇതു ഗുരുതര ഭവിഷ്യത്തുകൾക്ക് വഴിതെളിക്കുമെന്ന് മനശ്ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനേക്കാൾ വിപത്താണ് കുട്ടികളുടെ സ്വഭാവത്തെ പോലും മാറ്റി മറിക്കുന്ന ഗെയിമുകൾ വഴി സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിം കളിക്കുമ്പോൾ

ശേഷികൾ സംയോജിതമായി ഉപയോഗിക്കാനുള്ള കഴിവ്, പ്രശ്നപരിഹാര ശേഷി, വിവിധ കാര്യങ്ങൾ ഒരേ സമയം ചെയ്യാനുള്ള ശേഷി തുടങ്ങിയവയെല്ലാം വർധിപ്പിക്കാൻ ഓൺലൈൻ ഗെയിമുകൾ സഹായിക്കുമെങ്കിലും വിനാശകാരിയാകാനും ഇവയ്ക്കു കഴിയും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികൾ ഇതിന് അടിമയാകുന്നതിൽ നിന്ന് തടയാം.

∙ നോട്ടമെത്തുന്ന, പൊതു ഇടങ്ങളിൽ കംപ്യൂട്ടറുകൾ വയ്ക്കുക, ഫാമിലി മുറിയിൽ ഇരുന്നു തന്നെ കംപ്യൂട്ടർ ഗെയിമുകൾ കളിക്കാൻ സാഹചര്യം ഒരുക്കുക.
 
∙ പുതിയ സെക്യൂരിറ്റി സോഫ്റ്റുവെയറുകൾ കംപ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക.

∙ ചില സൈറ്റുകളിലേക്കു പ്രവേശനം തടയുന്ന രീതിയിൽ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന സുരക്ഷിത ആപ്പുകൾ ഉപയോഗിക്കുക. കുട്ടികൾ അനാവശ്യമായി സാധനങ്ങൾ ഓൺലൈൻ വഴി വാങ്ങുന്നത് നിയന്ത്രിക്കാനും ഇതു വഴി കഴിയും

∙ കളിക്കാനും മറ്റും ശരിയായ പേര് ഉപയോഗിക്കാതിരിക്കാൻ കുട്ടികളെ ഉപദേശിക്കുക

∙ പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ചതിയിൽ വീഴാതിരിക്കാൻ കുട്ടികളെ അഭ്യസിപ്പിക്കുക

∙ കുട്ടികൾ എന്തു തരം കളികളിലാണ് ഏർപ്പെടുന്നതെന്ന് അവരോട് സംസാരിച്ച് മനസ്സിലാക്കുക. അവരുടെ താൽപര്യങ്ങൾ അറിയുക.

∙ ആർക്കൊപ്പമാണ് അവർ കളിക്കുന്നതെന്നു മനസ്സിലാക്കുക.

∙ കുട്ടികൾക്കൊപ്പം കഴിയുമെങ്കിൽ കളിയിൽ പങ്കെടുത്ത് അവർ ഏതൊക്കെ വിവരങ്ങൾ എങ്ങനെയെല്ലാം കൈമാറുന്നു എന്നു മനസ്സിലാക്കുക.

∙ ഓൺലൈൻ കളികളിൽ എത്ര മണിക്കൂറുകൾ കുട്ടി ചെലവഴിക്കുന്നു എന്ന് മനസ്സിലാക്കുക.

∙ അവന്റെ സ്വഭാവത്തിൽ വ്യതിയാനങ്ങൾ വരുന്നുണ്ടോ എന്നും മറ്റും ശ്രദ്ധിക്കുക.

∙ എന്തും വീട്ടിൽ തുറന്നു പറയാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും കുട്ടികൾക്ക് നൽകുക. പ്രശ്നങ്ങൾ പറയുമ്പോൾ അവരെ ശകാരിച്ചുനിരുൽസാഹപ്പെടുത്താതിരിക്കുക.

∙ കുട്ടികൾക്ക് അഭികാമ്യമല്ലാത്ത വിഷയങ്ങളും ഭാഷയും ഉപയോഗിച്ചുള്ള ഗെയിമുകൾ പ്രത്യേകം ശ്രദ്ധിക്കുക

∙ വിവിധ രാജ്യങ്ങൾ ഗെയിമുകൾക്ക് നൽകിയ റേറ്റിങ് പരിശോധിക്കാവുന്നതാണ്. പാൻ യൂറോപ്യൻ ഗെയിം ഇൻഫർമേഷൻ(പിഇജിഐ), യുഎസ് എന്റർടെയ്ൻമെന്റ് സോഫ്റ്റുവെയർ റേറ്റിങ് ബോർഡ്(ഇഎസ്ആർബി) എന്നിവയുടെ സഹായത്തോടെ ഇതു മനസ്സിലാക്കാം

∙ വിവിധ റിവ്യൂ സൈറ്റുകളിൽ പരിശോധിച്ചാലും ഓരോ ഗെയിമിനെക്കുറിച്ചും അറിയാനാകും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുട്ടികളെക്കൊണ്ടു തന്നെ ശരിയായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കുക., അവരുടെ ആത്മവിശ്വാസം വളർത്താനും ഇത് ഉപകരിക്കും.

english summary: dubai police issue advisory on online video games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com