ADVERTISEMENT

ദോഹ ∙ രാജ്യത്തിന്റെ പൊതു ഗതാഗത മേഖലയിൽ വിപ്ലവം കുറിച്ച ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ നാളെ മുതൽ പ്രവർത്തനസജ്ജമാകും. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കും. റെഡ്‌ ലൈനിന്റെ അവശേഷിക്കുന്ന സ്റ്റേഷനുകളും നാളെ തുറക്കും. ഇതോടെ ഒന്നാം ഘട്ടത്തിലെ 37 സ്റ്റേഷനുകളും സജീവമാകും.

green-line
ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ റൂട്ട്.

 

metro-bus

രണ്ടാം ഘട്ടത്തിൽ ബ്ലൂ ലൈൻ നിർമാണവും 63 സ്റ്റേഷനുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 100 സ്റ്റേഷനുകളാണ് ഉണ്ടാകുക. ദോഹയുടെ തെക്ക് - വടക്ക്, കിഴക്ക് - പടിഞ്ഞാറ് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകൾ തമ്മിൽ സംഗമിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനുകളാണ് മിഷെറിബും അൽ ബിദയും. യാത്രാ സംബന്ധമായ സംശയങ്ങൾക്ക് 105ൽ വിളിക്കാം.

സൗജന്യ യാത്രയൊരുക്കി മെട്രോ ലിങ്ക് ബസുകൾ

metro-travellers
ദോഹ മെട്രോ റെഡ്‌ലൈനിലെ യാത്രക്കാര്‍.

മെട്രോ യാത്ര കഴിഞ്ഞ് പുറത്തേക്കിറങ്ങിയാൽ 2 മുതൽ 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ യാത്രക്കാരെ എത്തിക്കാൻ മെട്രോ ലിങ്ക് ബസുകളുണ്ട്. എല്ലാ സ്റ്റേഷനുകളിൽ നിന്നും ഓരോ 12 മിനിറ്റിന്റെ ഇടവേളകളിലും ബസുകൾ തികച്ചും സൗജന്യമായി സർവീസ് നടത്തുന്നുണ്ട്. മെട്രോയുടെ പ്രവർത്തനസമയങ്ങളിൽ മാത്രമാണ് ഷട്ടിൽ ബസുകളുടെ സേവനം. മെട്രോ യാത്രക്കാർക്കായി പ്രത്യേക നിരക്കിൽ കർവ ടാക്‌സികളും സുലഭം.

മെട്രോ എക്സ്പ്രസ് ടാക്‌സിയും

മെട്രോ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഏകീകൃതമാക്കാനാണ് മെട്രോ എക്‌സ്പ്രസ് ടാക്‌സി സേവനം. നിലവിൽ വെസ്റ്റ് ബേ മേഖലയിൽ മാത്രമാണിത്. വെസ്റ്റ് ബേ ക്യുഐസി, ഡിഇസിസി (ഒനൈസ 63) സ്‌റ്റേഷനുകളിലേക്കും തിരിച്ചും മെട്രോ എക്‌സ്പ്രസിന്റെ സേവനം ലഭിക്കും. മെഴ്സിഡസ് വീറ്റോ വാനുകളാണ് സർവീസ് നടത്തുന്നത്. 7 പേർക്ക് സുഖമായി യാത്ര ചെയ്യാം. മെട്രോ യാത്രാ കാർഡുള്ളവർ മെട്രോ എക്‌സ്പ്രസ് ആപ്ലിക്കേഷൻ വഴി സേവനം ആവശ്യപ്പെടണം.

ടിക്കറ്റ് നിരക്ക്

ഗോൾഡ്, ഫാമിലി, സ്റ്റാൻഡേഡ് ക്ലാസ് കോച്ചുകളാണ് മെട്രോയിലുള്ളത്. ഗോൾഡിൽ 16 സീറ്റുകളും ഫാമിലിയിൽ 26 സീറ്റുകളും സ്റ്റാൻഡേഡിൽ 88 സീറ്റുകളുമുണ്ട്. ലിമിറ്റഡ് യൂസ്, സ്റ്റാൻഡേഡ്, ഗോൾഡ് എന്നിങ്ങനെ 3 തരമാണ് യാത്രാ കാർഡ്. 5 വർഷമാണ് കാർഡിന്റെ കാലാവധി. കാർഡ് ഉള്ളവർക്ക് ഖത്തർ റെയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി 10, 50, 100 റിയാൽ നിരക്കുകളിൽ ടോപ് അപ്പും ചെയ്യാം.സ്റ്റാൻഡേഡ് ക്ലാസിൽ ഒരു യാത്രയ്ക്ക് 2 റിയാൽ. ഒരു ദിവസത്തേക്ക് 6 റിയാൽ. ഗോൾഡിൽ ഒരു യാത്രക്ക് 6 റിയാൽ. ഒരു ദിവസം മുഴുവനുമുള്ള യാത്രയ്ക്ക് 30 റിയാൽ. യാത്രയും വിഭാഗവും അനുസരിച്ചാണ് ലിമിറ്റഡ് യൂസ് കാർഡുകളുടെ നിരക്ക്. 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധം.

സമയം ലാഭിക്കാം, കുരുക്കിലും പെടില്ല

ദോഹ ∙ ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യ സമയത്ത് ഓഫിസിലും തിരികെ വീട്ടിലുമെത്താം എന്നതാണ് മെട്രോ യാത്രയുടെ പ്രധാന നേട്ടം. മെട്രോ സ്റ്റേഷന്റെ 5 കിലോമീറ്റർ പരിധിക്കുള്ളിലാണ് ഓഫിസും വീടുമെങ്കിൽ മെട്രോ ലിങ്ക് ബസിൽ സൗജന്യ യാത്രയും ചെയ്യാം. ടാക്‌സി കാശും ലാഭം. മെട്രോയുടെ റെഡ് ലൈനിലൂടെ ഇക്കഴിഞ്ഞ മേയിൽ സർവീസ് തുടങ്ങിയതു മുതൽ ഒട്ടേറെ പേരുടെ ഓഫിസ് യാത്ര മെട്രോയിലാണ്. കഴിഞ്ഞ ആഴ്ച ഗോൾഡ് ലൈൻ കൂടി തുറന്നതോടെ യാത്രക്കാരുടെ എണ്ണം കൂടി. നാളെ മുതൽ അൽ വക്രയിൽ നിന്ന് ലുസൈൽ, എജ്യുക്കേഷൻ സിറ്റി, മാൾ ഓഫ് ഖത്തർ തുടങ്ങിയ ദൂരെ സ്ഥലങ്ങളിലേക്കും മെട്രോയിൽ എത്താമെന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാകും.

ആശുപത്രി യാത്രകൾ എളുപ്പമാകും

ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഹമദ് ആശുപത്രിയിലേക്കും ഇനി വേഗമെത്താം. റെഡ്, ഗോൾഡ് ലൈനുകളിൽ കയറി ഇന്റർചേഞ്ച് സ്റ്റേഷനുകളായ മിഷെറിബിലോ അൽ ബിദയിലോ ഇറങ്ങി അവിടെ നിന്ന് ഗ്രീൻ ലൈനിലുള്ള മെട്രോയിൽ കയറിയാൽ ഹമദ് ആശുപത്രിയിലേക്കും എത്താം. റെഡ്‌ ലൈനിന്റെ ഭാഗമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മെട്രോ സ്റ്റേഷനും നാളെ തുറക്കുന്നതോടെ വിമാനത്താവളത്തിലേക്കുള്ള പോക്കും വരവും എളുപ്പമാകും. പക്ഷേ, സ്റ്റേഷനുകളിൽ മെട്രോ ഏതാനും സെക്കൻഡുകൾ മാത്രമേ നിർത്തുകയുള്ളൂവെന്നതിനാൽ  കൂടുതൽ ലഗേജുമായി മെട്രോയിൽ കയറുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മാത്രം. സുരക്ഷിത യാത്ര ഒരുക്കാൻ സ്റ്റേഷനുകളിൽ മെട്രോ ജീവനക്കാർ സജീവമാണ്. ഹമദ് ആശുപത്രിയിലും വിമാനത്താവളത്തിലുമൊക്കെ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ജീവനക്കാർക്കും ടാക്‌സിയെ ആശ്രയിക്കാതെ യാത്ര ചെയ്യാം.

ആസ്വദിച്ച് യാത്ര ചെയ്യാം

ദോഹ ∙ യാത്രക്കാർക്ക് സംഗീതവും കലയുമെല്ലാം ആസ്വദിക്കാവുന്ന യാത്ര ഉറപ്പാക്കുന്നതാണ് അത്യാധുനിക സൗകര്യങ്ങളോടുള്ള സ്റ്റേഷനുകളുടെ പ്രത്യേകത. പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികളും സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകളിലായി 80ൽ പരം റീട്ടെയ്ൽ സ്‌റ്റോറുകളുമുണ്ട്. എടിഎം, ബാങ്കിങ് സേവനങ്ങൾ, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ, ടെലികോം സേവനം, ഫാർമസി, ട്രാവൽ ഏജൻസി, കുറിയർ സർവീസ്, ബ്യൂട്ടി ക്ലിനിക്, ലോൺഡ്രി, സർക്കാർ സ്ഥാപനങ്ങൾ, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഗിഫ്റ്റ്, സുവനീർ സ്റ്റോറുകൾ, കഫേ, റസ്റ്ററന്റുകൾ തുടങ്ങിയവയെല്ലാം സ്റ്റേഷനുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്റർചേഞ്ച് സ്റ്റേഷനായ മിഷെറിബിൽ സംഗീത, ആർട് ഗാലറിയുമുണ്ട്. മണിക്കൂറിൽ ഒരു ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ സ്റ്റേഷനിൽ വ്യാഴാഴ്ചകളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ കലാകാരന്മാരിൽ നിന്നുള്ള അപേക്ഷയും ക്ഷണിച്ചിരുന്നു.

∙ പ്രവർത്തന സമയം: ശനി– വ്യാഴം (രാവിലെ 6 മുതൽ രാത്രി 11 വരെ) വെള്ളി (ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ)

∙ റെഡ് ലൈൻ: സൗത്ത് അൽ വക്ര മുതൽ നോർത്ത് ലുസെയ്ൽ വരെ. സ്റ്റേഷനുകൾ: അൽ ബിദ (ഇന്റർചേഞ്ച്) കോർണിഷ്, ക്യുഐസി വെസ്റ്റ്‌ ബേ, ഡിഇസിസി, കത്താറ, ലുസെയ്ൽ, ഹമദ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ -1, ഖത്തർ സർവകലാശാല, അൽ വക്ര, ഫ്രീ സോൺ, ഒഖ്മ ഇബ്ൻ നാഫി, അൽ മതാർ അൽ ഖദീം, ഉം ഗുവെയ്‌ലിന, അൽദോഹ അൽ ജദീദ, മിഷെറിബ് (ഇന്റർചേഞ്ച്)

∙ ഗോൾഡ് ലൈൻ: റാസ് ബു അബൗദ് മുതൽ അൽ അസീസിയ വരെ. സ്റ്റേഷനുകൾ: റാസ് ബു അബൗദ്, നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, മിഷെറിബ് (ഇന്റർചേഞ്ച്), ബിൻ മഹ്മൂദ്, അൽ സദ്ദ്, ജൊആൻ, അൽ സുഡാൻ, അൽ വാബ്, സ്‌പോർട്‌സ് സിറ്റി, അൽ അസീസിയ.

∙ ഗ്രീൻ ലൈൻ (എജ്യുക്കേഷൻ ലൈൻ): കിഴക്ക് അൽ റിഫ മുതൽ പടിഞ്ഞാറ് അൽ മൻസൂറ വരെ. സ്റ്റേഷനുകൾ: അൽ മൻസൂറ, മിഷെറിബ് (ഇന്റർചേഞ്ച്), അൽ ബിദ (ഇന്റർചേഞ്ച്), ദ വൈറ്റ് പാലസ്, ഹമദ് ആശുപത്രി, അൽ മെസ്സില്ല, അൽ റയ്യാൻ അൽ ഖ്വാദിം, അൽ ഷഖാബ്, ഖത്തർ നാഷനൽ ലൈബ്രറി, എജ്യുക്കേഷൻ സിറ്റി, അൽ റിഫ (മാൾ ഓഫ് ഖത്തർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com