ADVERTISEMENT

അബുദാബി∙ ക്രിസ്മസ് അലങ്കാരത്തിലേക്കു വഴി മാറി യുഎഇയിലെ ഷോപ്പിങ് മാളുകൾ. കൂറ്റൻ ക്രിസ്മസ് ട്രീയും ഈണം പൊഴിക്കുന്ന സാന്താക്ലോസുമാണ് മാളുകളിൽ എത്തുന്ന സന്ദർശകരെ വരവേൽക്കുന്നത്. ഇനി പുതുവർഷം വരെ രാജ്യത്തിനു ജിംഗിൾ ബെൽസിന്റെ ഈണവും സാന്താക്ലോസിന്റെ വർണവുമായിരിക്കും. ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ രാജ്യമെങ്ങും തകൃതി.

ക്രൈസ്തവ ദേവാലയങ്ങൾ മുതൽ ഷോപ്പിങ് മാളുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ വരെ പ്രത്യേകമായി അലങ്കരിച്ചു കഴിഞ്ഞു. ഷോപ്പിങ് മാളുകളിൽ ഈ മാസം ഒന്നിനു തന്നെ ക്രിസ്മസ് കോർണർ സജ്ജമായിരുന്നു. കൂറ്റൻ ക്രിസ്മസ് ട്രീയും വിന്റർ വില്ലേജും ഒരുക്കിയാണു ക്രിസ്മസ് ആഘോഷത്തിൽ കച്ചവടക്കാർ പങ്കുചേരുന്നത്. മുഷ്റിഫ് മാൾ, അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, മെസ് യദ് മാൾ, കാപിറ്റൽ മാൾ, യാസ് മാൾ തുടങ്ങി നഗരത്തിലെ പ്രമുഖ മാളുകളും കച്ചവട സ്ഥാപനങ്ങൾക്കുമെല്ലാം ക്രിസ്മസ് വർണമായി തുടങ്ങി.

christmass
ക്രിസ്മസ് അലങ്കാര വസ്തുക്കൾ. അൽവഹ്ദ മാളിലെ ഒരു ഷോപ്പിൽ നിന്നുള്ള ദൃശ്യം.

 

വിന്റർ വില്ലേജിനു പുറമേ മഞ്ഞുപൊഴിയും പ്രതീതിയുളവാക്കുന്ന അത്യാധുനിക ലൈറ്റുകളും മാളുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നു. കൂറ്റൻ ക്രിസ്മസ് ട്രീയും മഞ്ഞുമലയും സാന്താക്ലോസുമെല്ലാം മഞ്ഞുഗ്രാമത്തെ സവിശേഷമാക്കുന്നു. പല നിറങ്ങളിലും രൂപങ്ങളിലുമുള്ള ബെല്ലുകളും വലിയ മിഠായി വടികളും സമ്മാനപ്പൊതികളും കൊണ്ട് ട്രീയെ മനോഹരമാക്കിയിരിക്കുന്നു.

ക്രിസ്മസ് വിപണി

ലുലു ഹൈപ്പർമാർക്കറ്റ്, കാർഫോർ, സ്പിന്നീസ് തുടങ്ങിയ വൻകിട ഹൈപ്പർ മാർക്കറ്റുകൾ മുതൽ ചെറുകിട സ്ഥാപനങ്ങൾ വരെ ക്രിസ്മസ് വിപണിക്ക് പ്രത്യേക ഇടമൊരുക്കി. വീടുകൾ അലങ്കരിക്കുന്നതിനുള്ള റെഡിമെയ്ഡ് ക്രിസ്മസ് ട്രീ, ലൈറ്റ്, ബോൾ, നക്ഷത്രങ്ങൾ പുൽക്കൂടൊരുക്കാനുള്ള മറ്റു വസ്തുക്കൾ ബലൂൺ തുടങ്ങി ക്രിസ്മസിന് ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം ഒരിടത്ത് ഒരുക്കിയാണ് ആഘോഷത്തിന് ആരവമുയർത്തുന്നത്. 10 മുതൽ 300 ദിർഹം വില വരുന്ന വില വരുന്ന ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്.

ഫിർ മരങ്ങൾ

അമേരിക്ക, ഹോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നേരിട്ടു ഇറക്കുമതി ചെയ്യുന്ന അസ്സൽ ഫിർ മരങ്ങളും വിപണിയെ കീഴടക്കി കഴിഞ്ഞു. നോബിൾ, നോർഡ്മാൻ, ഫ്രൈസർ, ബൽസാം, ഗ്രാൻഡ് തുടങ്ങിയവയാണ് അവയിൽ പ്രധാനം. രൂപഭംഗിയും കൂടുതൽ ഈടു നിൽക്കുന്ന ഇനമായ നോബിളിനും നല്ല സുഗന്ധം പരത്തുന്ന നോബിളസ് ഫെയറിനുമാണ് ആവശ്യക്കാർ കൂടുതൽ.

പുൽക്കൂട്

മറുനാട്ടിലെ പരിമിതികളെ അതിജീവിച്ച് പരമ്പരാഗത മാതൃകയിൽ പുൽക്കൂടൊരുക്കി മണലാരണ്യത്തിലും വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുകയാണ്. ചില ലേബർ ക്യാംപുകളിൽ ലൈവ് പുൽക്കൂടൊരുക്കിയും മുൻ വർഷങ്ങളിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ജോലിത്തിരക്കിൽ സമയം കിട്ടാത്തവർ റെഡിമെയ്ഡ് പുൽക്കൂട് വാങ്ങി വച്ചാണ് പൈതൃകത്തെ കൂടെക്കൂട്ടുന്നത്.

സമ്മാനം

ക്രിസ്മസിന് സമ്മാനം നൽകാനുള്ള വസ്തുക്കൾക്കും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ചോക്കലേറ്റ്, പെർഫ്യൂമുകൾ, പ്ലം കേക്ക്, ഈന്തപ്പഴം, വസ്ത്രം തുടങ്ങിയവ വൻതോതിൽ ശേഖരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഇത്തവണ വൻതോതിൽ പ്ലം കേക്ക് ലുലു സ്വന്തമായി തയാറാക്കുന്നുണ്ടെന്നു കോർപറേറ്റ് കമ്മ്യുണിക്കേഷൻ ഓഫിസർ വി നന്ദകുമാർ പറഞ്ഞു.

ടർക്കി ലണ്ടനിൽനിന്ന്

യുകെയിൽ നിന്ന് അതാതു ദിവസം വിമാനത്തിൽ എത്തിക്കുന്ന ടർക്കി ഇത്തവണത്തെ ക്രിസ്മസിനെ രുചികരമാക്കും. നേരത്തെ നേരിട്ടും ഓൺലൈനിലൂടെയും ഓർഡർ സ്വീകരിച്ചാണ് ഇവ ആവശ്യമനുസരിച്ചു തനിമയോടെ എത്തിച്ചു നൽകുന്നതെന്നും നന്ദകുമാർ പറഞ്ഞു. 4000ത്തോളം ടർക്കിക്ക് ഇതോടകം തന്നെ ഓർഡർ ലഭിച്ചതായും പറഞ്ഞു.

കാരൾ സജീവം

വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള കാരൾ സർവീസ് ഇതോടകം ആരംഭിച്ചിരുന്നു. പള്ളികളിലുള്ള കാരളിനു പുറമേ ചില വീടുകളിലും ലേബർ ക്യാംപിലും ഗായക സംഘങ്ങളെത്തി വിശ്വാസികളെ ഉണർത്തുന്നു. വ്യത്യസ്ത ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലാണു കാരൾ സംഘങ്ങൾ വിവിധയിടങ്ങൾ സന്ദർശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com