ADVERTISEMENT

ദുബായ് ∙ യുഎഇ താമസ വീസയ്ക്ക് സ്മാർട് ഫോൺ വഴി അപേക്ഷിക്കാം. ഇതിനായി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ദുബായ് നൗ ആപ്പ് പരിഷ്കരിച്ചു. വീസയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സ്മാർട് ആയതായി ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ആമർ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. അപേക്ഷ നൽകൽ, പുതുക്കൽ, േഭദഗതികൾ വരുത്തൽ, റദ്ദാക്കൽ തുടങ്ങിയവ സേവനങ്ങളിൽ ഉൾപ്പെടുന്നു. സുതാര്യമായ അതിവേഗ സേവനമാണ് ലഭ്യമാക്കുന്നത്. ദുബായ് നൗ ആപ്പിൽ വിവിധ ഘട്ടങ്ങളിലായി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു.

താമസക്കാരന് വീസയുടെ വിശദാംശങ്ങൾ അറിയാനുള്ള വീസ സ്റ്റാറ്റസ് സേവനമാണ് ആപ്പിൽ ആദ്യമുണ്ടായിരുന്നത്. പിന്നീട് അപേക്ഷകന്റെയും ആശ്രിതരുടെയും വീസ പുതുക്കാൻ ആപ്പിൽ സൗകര്യമൊരുക്കി. എൻട്രി പെർമിറ്റ് നേടാനും കഴിയും. 2021 ആകുമ്പോഴേക്കും ദുബായിയെ പൂർണമായും കടലാസ് രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു സ്മാർട് ദുബായ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാക്കും. 2021 ഡിസംബറിനു മുൻപായി സർക്കാരിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യും. കടലാസിൽ അച്ചടിച്ച 100 കോടിയിലേറെ രസീതുകളും മറ്റും പ്രതിവർഷം ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.

ഫീസ് 200 ദിർഹം

40 മിനിറ്റ് കൊണ്ടു നടപടികൾ പൂർത്തിയാക്കാം. അപേക്ഷിക്കാൻ 10 മിനിറ്റും വീസ ലഭിക്കാൻ ചുരുങ്ങിയതു 30 മിനിറ്റും മാത്രം. 30 മിനിറ്റ് മുതൽ 2 പ്രവൃത്തി ദിവസങ്ങൾ വരെയെടുത്തേക്കാം. എമിഗ്രേഷനുമായി സഹകരിച്ചാണു നൂതന സ്മാർട് സംവിധാനം. ഓരോ അപേക്ഷയ്ക്കും 200 ദിർഹമാണു ഫീസ്. വീസ പുതുക്കാനാണെങ്കിൽ 100 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com