ADVERTISEMENT

ദുബായ് ∙ എക്സ്പോയിൽ ഭക്ഷണപ്രിയർക്കായി  രുചിക്കൂട്ടുകളുടെ അപൂർവ ലോകമൊരുങ്ങും. ലോകത്തിലെ ഏതുഭക്ഷണവും ആസ്വദിച്ചു കഴിക്കാൻ മാത്രമല്ല, പാചകം പഠിക്കുകയുമാകാം. ഇരുനൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന യുഎഇയിൽ തനതു രുചിക്കൂട്ടുകളുമായി മത്സരിക്കാനാണ് ഓരോ രാജ്യത്തിന്റെയും പുറപ്പാട്.

കഫ്റ്റീരിയകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്കു പുറമേ ഭക്ഷണ വണ്ടികളും ഉണ്ടാകും. ചെറുകിടക്കാർ മുതൽ വമ്പൻ റസ്റ്ററന്റ് ശൃംഖലകൾ വരെ എക്സ്പോ കലവറയിൽ ആധിപത്യം ഉറപ്പിക്കുമെന്നാണു വിവരം. ഓരോ നാട്ടിലും അപൂർവമായി തുടങ്ങിയ വിഭവങ്ങൾ പോലും അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണു ഷെഫുമാർ. കേരളം മുതൽ കശ്മീർ വരെയുള്ള രുചിക്കൂട്ടുകളുമായി ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പരമ്പരാഗത അറേബ്യൻ വിഭവങ്ങൾ ലോകത്തെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയാണ് യുഎഇ.

പലതരം ഈന്തപ്പഴങ്ങൾ,  ഈന്തപ്പഴ  വിഭവങ്ങൾ,  അറേബ്യൻ  ഖാവ, മധുരപലഹാരങ്ങൾ, ചോക്‌ലറ്റുകൾ,  അറേബ്യൻ  മസാലക്കൂട്ടുകൾ  ചേർന്ന  സസ്യ,  മത്സ്യ,  മാംസ വിഭവങ്ങൾ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ തലമുറയ്ക്ക് അന്യമാകുന്ന പല വിഭവങ്ങളും മുന്നിലെത്തും. ഇതിനു മുന്നോടിയായി അറബ് മേഖലയിലെ പാചകവിദഗ്ധരുടെ നേതൃത്വത്തിലുള്ള പാചകമേളകൾ നടത്തിയിരുന്നു. ഇതിൽ മികവു തെളിയിച്ചവർക്കു മേളയിൽ അവസരം ലഭിക്കും.

ഒരുങ്ങുന്നത് 'ഫുഡ്ഗ്രൗണ്ടുകൾ'

7 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുള്ള ഭക്ഷ്യമേഖലയിൽ ദിവസവും ഏകദേശം 3 ലക്ഷം പേർക്കു വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാൻ സൗകര്യമൊരുക്കും. കാപ്പി മുതലുള്ള പാനീയങ്ങളുടെയും ബർഗർ മുതലുള്ള വിഭവങ്ങളുടെയും അത്യപൂർവ രുചിക്കൂട്ടുകൾ ആസ്വദിക്കാനുമാകും. എക്സ്പോയ്ക്കായി കണ്ടെത്തിയ സ്പെഷൽ വിഭവങ്ങൾ, വഴിയോരക്കടകളിലെ നാടൻ രുചിക്കൂട്ടുകൾ എന്നിവ വേറെയും. ഭക്ഷ്യമേഖലയെ 3 ഡിസ്ട്രിക്ടുകളായി തിരിക്കും. രാജ്യാന്തര ഷെഫുമാർ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ പരിചയപ്പെടുത്തും. മണിക്കൂറിൽ 85,000 പേർക്കു ഭക്ഷണം വിതരണം ചെയ്യേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോ നടക്കുന്ന ആറുമാസക്കാലം 50 ലക്ഷം ജോലിക്കാർക്കും ഭക്ഷണമൊരുക്കേണ്ടതുണ്ട്. മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ ശാസ്ത്രീയമായി പാക്ക് ചെയ്ത് യുഎഇ ഫുഡ് ബാങ്കിനു കൈമാറും. മാലിന്യ നിർമാർജത്തിനുള്ള കൂറ്റൻ പ്ലാന്റ് പൂർത്തിയാകുകയാണ്.

dubai-food



സ്വാദ് ഉറപ്പിക്കാൻ 'സ്വന്തം പച്ചക്കറി'

എക്സ്പോ വിഭവങ്ങളൊരുക്കാൻ  ഇറക്കുമതി ചെയ്യാത്ത പച്ചക്കറികൾ പരമാവധി ഉപയോഗിക്കാനാണ് യുഎഇ തീരുമാനം. ദുബായ് സൗത്തിനോടു ചേർന്നുള്ള 1.3 ലക്ഷം ചതുരശ്ര അടി വെർട്ടിക്കൽ ഫാമിൽ പ്രതിദിനം 2,700 കിലോ ഇലവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറി വിളവെടുക്കും. കീടനാശിനി പ്രയോഗമില്ലാത്ത ഇവകൊണ്ടുള്ള 'സംശുദ്ധ' ഭക്ഷണമാകും സന്ദർശകർക്കു വിളമ്പുക. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ്ങിനാണു  മേൽനോട്ടം. ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാർ  അണിനിരക്കും.കൂടാതെ, വിവിധ എമിറേറ്റുകളിലെ ജൈവ കൃഷിയിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും പുതുമയോടെ എത്തിക്കും. എക്സ്പോയോട് അനുബന്ധിച്ചു രാജ്യത്തെ മാംസോൽപ്പാദനം കൂട്ടാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇറക്കുമതി പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com