ADVERTISEMENT

ദുബായ് ∙ ചരിത്രപരമായ ബന്ധമുള്ള യുഎഇക്കും ഇന്ത്യയ്ക്കും ലോകത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിന്‍ മുബാറക് അല്‍ നഹ്യാൻ. ഊഷ്മളബന്ധം നിലനിർത്താൻ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസത്തിലും ബൗദ്ധിക നിലവാരത്തിലും മുന്നിലുള്ള കേരളീയ സമൂഹത്തിന് വികസനത്തിൽ വലിയ പങ്കുവഹിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി. യുഎഇയുടെ 48ാം ദേശീയ ദിനാഘോഷം, കെഎംസിസി 45ാം വാർഷികം എന്നിവയോടനുബന്ധിച്ചു നടത്തിയ സഹിഷ്ണുതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷെയ്ഖ് നഹ്യാൻ.

kmcc
കെഎംസിസി സഹിഷ്ണുതാ സമ്മേളന സദസ്സിന്റെ മുൻനിരയിൽ ഡോ.പി.എ.ഇബ്രാഹിം ഹാജി, ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, അഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മര്‍റി, ഹൈദരലി ശിഹാബ് തങ്ങള്‍, എം.എ.യൂസഫലി, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ.

യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ചവരാണ് ഇന്ത്യക്കാർ. ഇതിൽ സ്വദേശി സമൂഹത്തിനു കടപ്പാടുണ്ട്. ഈ സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, ദുബായ് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മര്‍റി, സാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സല്‍ പ്രേംചന്ദ്, എംഎൽഎമാരായ ഡോ.എം.കെ മുനീര്‍, എം.സി. ഖമറുദ്ദീന്‍, മലപ്പുറം ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയു.എ.ലത്തീഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

ഷെയ്ഖ് നഹ്യാന് ഹൈദരലി ശിഹാബ് തങ്ങള്‍ ടോളറന്‍സ് അവാര്‍ഡ് സമ്മാനിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഒാർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂര്‍ ഷരീഫിന്‍റെ 'ഇശല്‍ രാവ്' അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com