ADVERTISEMENT

അബുദാബി ∙ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ ഇൻഷുറൻസ് പരിരക്ഷ നോക്കാതെ അടിയന്തര ചികിത്സ നൽകണമെന്ന് അബുദാബി മെഡിക്കൽ ഓഫിസ് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സമയത്തു ചികിത്സ നൽകാതിരുന്നതു മൂലമാണ് തന്റെ രണ്ടുവയസ്സുള്ള മകൻ മരിച്ചതെന്ന ജോർദാൻ സ്വദേശിയുടെ പരാതിക്കു പിന്നാലെയാണു കർശന നിർദേശം. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം.

ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനു മുമ്പ് അവിടുത്തെ അടിയന്തര ചികിത്സാവിഭാഗവും മറ്റുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.ഇങ്ങനെ രോഗിയെ മാറ്റാൻ ഉദ്ദേശിക്കുന്ന ആശുപത്രിയിൽ കിടക്കകൾ ഒഴിവില്ലെന്ന് കണ്ടാൽ നേരിട്ട് ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററുമായി ബന്ധപ്പെടണം. നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

ചെലവ് കുറയ്ക്കാൻ പദ്ധതി

മെഡിക്കൽ ചെലവുകൾ കുറയ്ക്കാനുള്ള നടപടികൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ കഴിഞ്ഞദിവസം അംഗീകാരം നൽകി. ഇൻഷുറൻസ് പരിരക്ഷാ നടപടികൾ ലഘൂകരിക്കുക, സർക്കാർ ആശുപത്രികളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുക, അനാവശ്യമായി ഡോക്ടർമാരെ നേരിട്ടു കാണുന്ന സാഹചര്യം കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള നിർദ്ദേശങ്ങളാണ് ദുബായ് കിരീടാവകാശിയും മെഡിക്കൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗീകരിച്ചത്. ഇൻഷുറൻസ് നടപടികൾ ഏകീകരിക്കുന്നതും ചില പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനും നിർദ്ദേശമുണ്ട്. ആരോഗ്യവകുപ്പിന്റെ 2020 അജണ്ടയും കൗൺസിൽ അംഗീകരിച്ചു.

വിളിക്കാം: 8001717

ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അതോറിറ്റി ഇസ്തിജാബ എന്ന അടിയന്തര കോൾ സെന്ററുകൾ കിടപ്പ് രോഗികൾക്കായി അബുദാബിയിൽ ഉടനീളം ആരംഭിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിലേക്ക് ഇതിലൂടെ രോഗികൾക്ക് നേരിട്ട് വിളിക്കാം. അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി വിളിക്കാൻ ടോൾഫ്രീ നമ്പറും നൽകിയിരുന്നു. അടിയന്തര മെഡിക്കൽ ചെക്കപ്പ്, കിടക്ക, അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 8001717 എന്ന നമ്പരിലേക്ക് വിളിക്കാമെന്നും അറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com