ADVERTISEMENT

ദുബായ് ∙ 50 വർഷത്തെ വികസന മുന്നേറ്റം ലക്ഷ്യമിട്ടുള്ള സമഗ്ര കർമപരിപാടികൾക്ക് അടുത്തവർഷം രൂപം നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിച്ചു.

രാജ്യം രൂപീകൃതമായതിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന 2021നു മുന്നോടിയായി ദേശീയ വികസനനയം തയാറാക്കും. 2019 വിടപറയാൻ ഏതാനും ദിവസം മാത്രം അവശേഷിക്കെയാണ് സുപ്രധാന പ്രഖ്യാപനം. വിവിധ ചുമതലകൾക്കായി 2 ഉന്നതതല സമിതികൾക്കു രൂപം നൽകി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് വികസനരൂപരേഖ തയാറാക്കാനുള്ള സമിതിയുെട ചെയർമാൻ. കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിയാണ് ഉപ ചെയർമാൻ. വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് രണ്ടാമത്തെ സമിതിയുടെ ചെയർമാൻ.

ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉപ ചെയർമാൻ. ബഹിരാകാശ രംഗത്തടക്കം വൻ കുതിപ്പു നടത്താനുള്ള പദ്ധതികളുടെ രൂപരേഖയാണു തയ്യാറാക്കുക. അടുത്തവർഷമാണ് ചൊവ്വാ ദൗത്യമായ അൽ അമൽ. പൗരന്മാരുടെയും താമസക്കാരുടെയും പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും രാജ്യം വൻകുതിപ്പിനൊരുങ്ങുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ഐക്യവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ 50 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നായി യുഎഇ മാറുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഇതിനുള്ള സുപ്രധാന ചുവടുവയ്പിനാണ് തുടക്കമിടുന്നത്. വികസനനയങ്ങളുടെ അടിസ്ഥാനത്തിൽ ഒാരോ കർമപരിപാടിയും നടപ്പാക്കും. പൌരന്മാരുടെയും താമസക്കാരുടെയും സജീവപങ്കാളിത്തത്തോടെ വികസന സംസ്കാരത്തിന്റെ മാതൃകയാകാനും രാജ്യത്തിനു കഴിയുമെന്നു ചൂണ്ടിക്കാട്ടി.

യുഎഇ നേട്ടങ്ങളുടെ നെറുകയിൽ

ദുബായ് ∙ ഗിന്നസ് നേട്ടങ്ങളുടെ രാജ്യമെന്ന ഖ്യാതിക്കു പുറമേ ഒട്ടേറെ രംഗങ്ങളിൽ ഒന്നാംസ്ഥാനം നേടിയ രാജ്യമായി യുഎഇ വിലയിരുത്തപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഭരണകർത്താക്കങ്ങളും ജനങ്ങളും. വിവിധ രംഗങ്ങളിലെ വിദഗ്ധർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ ഏറ്റവും കൂടുതൽ, ഉദ്യോഗസ്ഥ മേധാവിത്വവും ചുവപ്പുനാടയും ഏറ്റവും കുറവ്, സാമൂഹിക ഉത്തരവാദിത്തം ഏറ്റവും കൂടുതൽ ഏറ്റെടുക്കുന്ന രാജ്യം, ഇമിഗ്രേഷൻ നിയമങ്ങൾ ഏറ്റവും വഴക്കമുള്ള ദേശം, ഏറ്റവും കൂടുതൽ മൊബൈൽ കവറേജ്, എറ്റവും മികച്ച നിലയിൽ സർക്കാർ പണം ചെലവഴിക്കുന്ന രാജ്യം, വ്യവസായം തുടങ്ങാൻ ഏറ്റവും വേഗത്തിൽ വൈദ്യുതി, തൊഴിലാളികളുടെ ഉത്പാദന ക്ഷമതയിൽ ഏറ്റവും മുന്നിൽ ഇങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ രാജ്യം നേടിയ ഒന്നാം സ്ഥാനം യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. യുഎഇ ആണ് ഏറ്റവും നല്ല രാജ്യമെന്നും നമ്മൾ അതിനെ സ്നേഹിക്കണമെന്നും ആദരിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഐഎംഎഫ് പോലുള്ള രാജ്യാന്തര സംഘടനകൾ നടത്തിയ പഠനത്തിൽ നൽകിയ റേറ്റിങ് മുൻനിർത്തിയാണ് ഒന്നാം സ്ഥാനങ്ങൾ.

english summary: UAE leaders reveal plan to develop strategy for next 50 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com