ADVERTISEMENT

ദോഹ ∙ തണുപ്പ് കൂടിയതോടെ പബ്ലിക് പാര്‍ക്കുകളിലും ബീച്ചുകളിലുമെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന. വാരാന്ത്യങ്ങളില്‍ സൗഹൃദ, കുടുംബ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നതും പാര്‍ക്കുകളും ബീച്ചുകളുമാണ്. ബാര്‍ബിക്യു ഉൾപ്പെടെയുള്ള ഭക്ഷണം പാകം ചെയ്തും ആഘോഷത്തിനും ശേഷം പുലർച്ചെ മടങ്ങും. കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും പ്രത്യേകം പാര്‍ക്കുകള്‍ ഉള്ളതിനാല്‍ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയാണ് ആഘോഷങ്ങൾ.

സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഖത്തരി പാരമ്പര്യത്തിലുള്ള  ചെറു കൂടാരങ്ങളാണ് പാര്‍ക്കുകളുടെ പ്രധാന ആകര്‍ഷണം. വൈഫൈ, സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, എല്‍ഇഡി വെളിച്ച സംവിധാനം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഗെയിമുകള്‍, വോളിബോള്‍, ഫുട്‌ബോള്‍ സൗകര്യം, കുട്ടികള്‍ക്ക് നടക്കാന്‍ പാത, വ്യായാമ, കായിക ഉപകരണങ്ങളും നടപ്പാതകളും ശുചിമുറികൾ തുടങ്ങിയവയെല്ലാം പാര‍്ക്കുകളിലുണ്ട്.

ദോഹ നഗരത്തിലുള്ളവരില്‍ മിക്കവരും വാരാന്ത്യം ചെലവഴിക്കുന്നത് നഗരത്തില്‍ നിന്ന്  45 കിലോമീറ്ററോളം അകലെയുള്ള അല്‍ഖോര്‍ പാര്‍ക്കിലും മറ്റുമാണ്. പാര്‍ക്കുകളും ബീച്ചുകളും മാത്രമല്ല ദ്വീപുകളും പ്രാദേശിക ഫാമുകളുമൊക്കെ സന്ദര്‍ശിക്കുന്നവരും കുറവല്ല. ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്കായി ഒട്ടുമിക്കവരും തിരഞ്ഞെടുക്കുന്ന ഫാമുകളില്‍ ഒന്നാണ് പ്രാദേശിക ക്ഷീര കമ്പനിയായ അല്‍ ബലദ്‌നയുടെ അല്‍ഖോറിലെ ഫാം.

ദോഹയിൽ 40 പാർക്ക്

രാജ്യത്തെ 96 പബ്ലിക് പാര്‍ക്കുകളില്‍ 40 എണ്ണവും ദോഹ നഗരസഭയിലാണ്. എണ്ണത്തില്‍ രണ്ടാം സ്ഥാനം അല്‍ റയ്യാനാണ്. 20 പാര്‍ക്കുകളുണ്ടിവിടെ. അല്‍ഖോര്‍-അല്‍ ദഖീറ, അല്‍ ദായീന്‍ നഗരസഭകളിലായി 7 പാര്‍ക്കുകള്‍. അല്‍ വക്ര, ഉം സലാല്‍ നഗരസഭകളില്‍ ആറ് വീതവും അല്‍ ഷമാലില്‍ അഞ്ചും അല്‍ ഷഹാനിയയില്‍ മൂന്നും പാര്‍ക്കുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com