ADVERTISEMENT

ദുബായ്∙പാട്ടും നൃത്തവും ചെറുയാത്രകളുമായി മലയാളികളടക്കമുള്ളവർ പുതുവത്സരാഘോഷം സമൃദ്ധമാക്കി. പൊതു അവധിയായത് ഏവർക്കും സൗകര്യമായി. പുതുവത്സര രാവിൽ കരിമരുന്നുപ്രയോഗവും മറ്റും കണ്ട് പുലർച്ചെയോടെ കിടന്നവർ ഏറെ വൈകാതെയുണർന്ന് രണ്ടാംഘട്ട ആഘോഷത്തിലേക്കു കടക്കുകയായിരുന്നു. പുതുവർഷ പ്രതിജ്ഞകൾ പുതുക്കിയവർ ഒട്ടേറെ. നാട്ടിലേക്കു വിളിച്ച് പ്രതിജ്ഞ നടത്തിയവരും കുറവല്ല. ക്രിസ്മസിന് അവധി കിട്ടാത്തതിന്റെ ക്ഷീണം കൂടി തീർത്തായിരുന്നു പലരുടെയും ആഘോഷം.

dubai-frame
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബായ് ഫ്രെയിമിൽ നടന്ന കരിമരുന്നു പ്രയോഗം.

ഫ്ലാറ്റിൽ പല മുറികളിൽ താമസിക്കുന്ന ബാച്‌ലേഴ്സ് സംയുക്ത പാചകം നടത്തി. ഇന്നലെയും രാവിലെ മുതൽ മെട്രോയിൽ വൻതിരക്ക് അനുഭവപ്പെട്ടു.ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണു പുതുവത്സരാഘോഷത്തിന് എത്തിയത്. കടുത്ത മഞ്ഞ് ഉണ്ടായിട്ടും പാർക്കുകളിലും ക്രീക്കുകളിലും തിരക്കൊഴിഞ്ഞില്ല. കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർ സ്വെറ്ററും ജാക്കറ്റും തൊപ്പിയുമൊക്കെ വച്ച് പുറത്തിറങ്ങി. പ്രമുഖ ഷോപ്പിങ് മാളുകളിൽ ഇന്നലെ വൻ ഓഫറുകളോടെയായിരുന്നു വിൽപന. പലരും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വാങ്ങി.

പ്രതിജ്ഞകൾ, പ്രഖ്യാപനങ്ങൾ

മാറ്റങ്ങളുടെ വർഷമായിരിക്കണം 2020 എന്നു  തീരുമാനിച്ച് ഗൗരവപൂർവം പ്രതിജ്ഞയെടുത്തവരും കുറവല്ല. ഈ വർഷം പരമാവധി കാർ ഒഴിവാക്കി മെട്രോയിൽ യാത്ര ചെയ്യാനാണ് തൃശൂർ അന്തിക്കാട് സ്വദേശിയും ബിസിനസുകാരനുമായ കെ.പി.സുധീഷ്, സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ ഭാര്യ അജി സുധീഷ് എന്നിവരുടെയും തീരുമാനം. ദുബായ് ഖിസൈസിൽ താമസിക്കുന്ന ഇവർക്ക് ദെയ്റയിലേക്കും ബർദുബായിലേക്കും മെട്രോയിൽ പോകാം. സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്ക് അൽപം നടക്കണമെങ്കിലും അതൊരു വ്യയാമമായി കരുതുന്നു.

ഭക്ഷണത്തിൽ കഴിയുന്നിടത്തോളം മത്സ്യവും മാംസവും മുട്ടയും ഒഴിവാക്കാനാണ് വർഷങ്ങളായി ഷാർജയിൽ താമസിക്കുന്ന വീട്ടമ്മ കോട്ടയം സ്വദേശി  സൂസൻ ജേക്കബിന്റെ തീരുമാനം. ആരോഗ്യപരമായ കാരണങ്ങളാലാണിത്. ശരീര ഭാരം കുറയാനും ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷ. പുസ്തകവായനയ്ക്കു കൂടുതൽ സമയം കണ്ടെത്താനും തീരുമാനിച്ചു. ദുബായിൽ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജയചന്ദ്രനും ഭാര്യ സുനിതയും ദിവസവും അരമണിക്കൂർ  നടക്കാൻ തീരുമാനമെടുത്തു. വെള്ളിയാഴ്ചയും ഇതൊഴിവാക്കില്ല. എത്ര തിരക്കുണ്ടെങ്കിലും രാവിലെയോ വൈകിട്ടോ ഇതിനു സമയം കണ്ടെത്തും. ഇന്നലെ രാവിലെ തന്നെ ഇതിനു തുടക്കമിട്ടതായും പറഞ്ഞു.

വർഷത്തിൽ ഒരു രാജ്യമെങ്കിലും സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ആയ തിരുവനന്തപുരം സ്വദേശി സാബു. ദ്യോഗിക ആവശ്യത്തിനായി പല രാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ ഈ യാത്രകൾ സഹായകമായി. ദുബായിൽ ആകർഷകമായ പാക്കേജുകൾ ഉള്ളതിനാൽ കാര്യമായ പണച്ചിലവില്ലാതെ പല രാജ്യങ്ങളും സന്ദർശിക്കാം. ഇതിനായി ഓരോ മാസവും നിശ്ചിത തുക മാറ്റിവച്ചാൽ മതിയാകും. ഈ വർഷം സോഫ്റ്റ് ഡ്രിങ്ക്സും പഞ്ചസാരയും തീർത്തും ഒഴിവാക്കുമെന്ന് കണ്ണൂർ സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ ഗോവിന്ദൻകുട്ടി പറഞ്ഞു.



ചെറിയ യാത്ര, വലിയ കാര്യങ്ങൾ

ന്യൂ ഇയറിന് യാത്രപോകുന്ന ശീലം ബാച് ലേഴ്സ് ഇത്തവണയും ഒഴിവാക്കിയില്ല. പതിവുപോലെ പലരും വടക്കൻ എമിറേറ്റുകളാണ് തിരഞ്ഞെടുത്തത്. തണുപ്പുകാലമായതിനാൽ പുറത്തിറങ്ങി എത്രവേണമെങ്കിലും കറങ്ങാം. മിക്കവരും രാവിലെ തന്നെ പുറപ്പെട്ടു. തിരികെ വരുമ്പോൾ പാതയോരത്ത് ബാർബിക്യു സഹിതമുള്ള ആഘോഷമാണ് ലക്ഷ്യം. ചൊവ്വ ഉച്ചയോടെ കോഴിയിറച്ചിയും മറ്റും മസാലപുരട്ടി ഫോയിൽ പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വച്ചു. മറ്റു ചിലർ നെയ്ച്ചോറും ബീഫ് വരട്ടിയതും സഹിതമായിരുന്നു യാത്ര. ആഘോഷത്തിന്റെ ക്ഷീണം മുൻകൂട്ടിക്കണ്ട് ഇന്ന് അവധിയെടുത്തവരുമുണ്ട്. വെള്ളി, ശനി ദിവസങ്ങൾ കൂടിയാകുമ്പോൾ ഒറ്റയടിക്ക് 4 അവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com