ADVERTISEMENT

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പോർട്ടലായ മെട്രാഷ് 2 വിന്റെ വരിക്കാരുടെ എണ്ണം 6,25,000 ആയി വർധിച്ചു. കഴിഞ്ഞ വർഷം മെട്രാഷ് 2 വിലേക്ക് എത്തിയ അന്വേഷണങ്ങളുടെ എണ്ണം 90 ലക്ഷമാണ്. നിലവിൽ 180 തിലധികം ഇ-സേവനങ്ങളാണ് മെട്രാഷ് 2 നൽകുന്നത്. കഴിഞ്ഞവർഷമാണ് സ്മാർട് ഫോണുകൾക്കായി മെട്രാഷ് 2 വിന്റെ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പുതിയ പതിപ്പിൽ എല്ലാ ഇടപാടുകളുടെയും പണം അടച്ച രസീതും ലഭിക്കും. ഉപയോക്താക്കൾ ആവശ്യപ്പെട്ടാൽ രസീത് ഇ-മെയിൽ ആയും ലഭിക്കും.

ജപ്തി വാഹനങ്ങൾ തിരിച്ചെടുക്കാൻ പ്രതിനിധികളെ നിയോഗിക്കാനുള്ള അപേക്ഷ, ഗതാഗത ലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ പരാതി നൽകാനുള്ള സൗകര്യം, ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ എന്നീ സേവനങ്ങളാണ് കഴിഞ്ഞ വർഷം ആരംഭിച്ചത്. ഇവ കൂടാതെ വീസ, റസിഡൻസ് പെർമിറ്റ്, വീസ പുതുക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ 180 തിലധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്. അധികം താമസിയാതെ സേവന ഇടപാടുകളുടെ ഫീസ് നിരക്കിൽ 20% ഇളവ് നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രാഷ് 2 എങ്ങനെ ഉപയോഗിക്കാം

നിയമസാധുതയുള്ള ഖത്തർ റസിഡൻസി പെർമിറ്റ് ഉള്ള 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് മെട്രാഷ് 2 വിൽ പ്രവേശനം. സ്മാർട് ഫോണുകളിലൂടെ മെട്രാഷ് 2 ഉപയോഗിക്കാം. സ്വന്തം പേരിലുള്ള മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് റജിസ്റ്റർ ചെയ്യേണ്ടത്. വിരലടയാളം ഉപയോഗിച്ചും മെട്രാഷ് 2 വിൽ പ്രവേശിക്കാം. ആപ്പ്, പ്ലേ സ്റ്റോറുകളിൽ നിന്ന് മെട്രാഷ് 2 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.സേവന ഇടപാടുകളിൽ ഫീസ് അടയ്ക്കാൻ വീസ, മാസ്റ്റർ, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം. കമ്പനികൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കും പണം അടയ്ക്കാം. അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉറുദു, മലയാളം എന്നീ ആറ് ഭാഷകളിൽ മെട്രാഷ് 2 ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com