ADVERTISEMENT

കുവൈത്ത് സിറ്റി ∙ രാജ്യത്ത് പ്രകൃതിദത്ത മത്സ്യസമ്പത്തിന്റെ തോതിൽ ഇടിവെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപനം (കിസ്‌ർ) ഡയറക്ടർ ജനറൽ ഡോ.സാമിറ അൽ സയിദ് ഉമർ. 

സമുദ്ര വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിക്കാവുന്ന മാർഗം അക്വാകൾചർ വികസനമാണെന്ന് അവർ പറഞ്ഞു. അക്വാകൾച്ചർ വികസിപ്പിച്ചാൽ കടലിൽനിന്ന് നേരിട്ടുള്ള മത്സ്യബന്ധനത്തിൽ കുറവ് വരുത്താൻ സാധിക്കും. അത് കടൽ സമ്പത്തിന്റെ തോത് കുറയുന്നത്  ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. 

അക്വാകൾചർ സംവിധാനം ലോകത്ത് വ്യാപകമാകുന്നുണ്ട്. സുസ്ഥിര പരിസ്ഥിതി സൗഹൃദം ഉറപ്പ് വരുത്തിയാണ് അക്വാകൾചർ വികസിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

കുവൈത്തിലെ പ്രാദേശിക വിപണിയിൽ ആവശ്യമായ മത്സ്യസമ്പത്തിന്റെ 15% മാത്രമാണ് കുവൈത്ത് കടലിൽനിന്ന് ലഭിക്കുന്നത്. അപകടകരമായ ഇടിവാണ് അത് തെളിയിക്കുന്നത്. 85% മത്സ്യവും ഇറക്കുമതി ചെയ്യുകയാണ്. അക്വാകൾചറൽ സംവിധാനം ഏർപ്പെടുത്താൻ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. 

വമ്പൻ മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഖൈറാൻ മേഖലയിൽ മത്സ്യക്കൃഷിക്ക് തീരത്തിനോടനുബന്ധിച്ച് ചതുപ്പ് നിലം അനുവദിക്കുന്നതിനുള്ള അപേക്ഷ ഇന്നു മുതൽ സ്വീകരിക്കുമെന്ന് കൃഷി-മത്സ്യ സ്രോതസ് അതോറിറ്റി അറിയിച്ചു. ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ള സ്വദേശി കമ്പനികളും സ്ഥാപനങ്ങളുമാണ് അപേക്ഷിക്കേണ്ടത്. 

10 ലക്ഷം ദിനാറിൽ കുറയാത്ത മൂലധനമുള്ളവയായിരിക്കണം അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ. പ്രതിവർഷം 500 ടൺ മത്സ്യസമ്പത്ത് ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ടായിരിക്കണം. 

പദ്ധതി സംബന്ധിച്ച സാങ്കേതിക രൂപരേഖ ഉൾപ്പെടെയായിരിക്കണം അപേക്ഷ. ലക്ഷം ദിനാർ ഗാരന്റിയായും നൽകണം. ടെൻഡർ നേടിയാൽ തുക തിരിച്ചുനൽകും. 

അതേസമയം കരാർ ഒപ്പുവക്കുന്ന സമയത്ത് പദ്ധതി നടത്തിപ്പ് ഉറപ്പുവരുത്താൻ രണ്ടര ലക്ഷം ദിനാർ ജാമ്യത്തുക നൽകണം. 15 മാസത്തിന് ശേഷം മാത്രമേ പ്രസ്തുത തുക തിരിച്ചുനൽകുകയുള്ളൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com