sections
MORE

17 വർഷമായി 2 മലയാളികൾ ഖത്തർ ജയിലിൽ; പക്ഷേ, കൊല്ലപ്പെട്ട സ്ത്രീ സ്വന്തം നാട്ടിൽ?

nusrath-jahan
നുസ്രത്ത് ജഹാൻ ശ്രീധരന്റെ അമ്മയ്ക്കൊപ്പം.
SHARE

ദോഹ∙17 വർഷമായി ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന 2 മലയാളികളുടെ മോചനത്തിനു ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (എൻഎച്ച്ആർസി)ഇടപെടൽ. ഇന്തൊനീഷ്യൻ യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ തൃശൂർ കുന്നംകുളം മച്ചാങ്കലത്ത് ശ്രീധരൻ മണികണ്ഠൻ(42), മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണൻ മഹാദേവൻ (42) എന്നിവരാണു ജയിലിൽ ആയത്. പൊതുമാപ്പിന്റെ ആനുകൂല്യം തേടി പലവട്ടം അപേക്ഷ നൽകിയിട്ടും ഭാഗ്യം ലഭിക്കാതെ പോയ ഇവർക്ക് തുണയായത് മനുഷ്യാവകാശ പ്രവർത്തകയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റുമായ നുസ്രത്ത് ജഹാൻ.

ഇടപെടൽ അതിവേഗം

കേസിൽ എൻഎച്ച്ആർസിയുടെ അതിവേഗത്തിലുള്ള നീക്കത്തിനു കാരണമായത് കോഴിക്കോട് സ്വദേശിനി നുസ്രത്തിന്റെ ഇടപെടലാണ്. എത്രയും പെട്ടെന്ന് അമീരി ദിവാന് മുമ്പിൽ മോചന അപേക്ഷ സമർപ്പിക്കുമെന്നും എൻഎച്ച്ആർസി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നുസ്രത്ത് ജഹാൻ പറഞ്ഞു. 

എൻഎച്ച്ആർസി ചെയർമാൻ ഡോ. അലി ബിൻ സമൈക് അൽമാരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി കേസിന്റെ കാര്യങ്ങൾക്കായി പ്രത്യേക കമ്മിറ്റിയെയും സ്വദേശി അഭിഭാഷകനെയും നിയോഗിച്ചു. കമ്മിറ്റി അധികൃതർക്കൊപ്പം നുസ്രത്തും ജയിലിൽ ഇരുവരെയും സന്ദർശിച്ചു. കമ്മിറ്റിയുടെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇരുവരുടെയും ആരോഗ്യനില ചൂണ്ടിക്കാട്ടി ഇന്ത്യൻ ജയിലിലേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സ്ഥാനപതി പി.കുമരന്റെ ഇടപെടൽ ആശ്വാസകരമാണെന്നും നുസ്രത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന ശ്രീധരന്റെ സഹോദരൻ മുരളിയും സഹോദരന്റെ മോചനത്തിനായി ഖത്തറിലെത്തിയിട്ടുണ്ട്. 

2013 ൽ അന്നത്തെ ഇന്ത്യൻ സ്ഥാനപതി ആയിരുന്ന ജോർജ് ജോസഫ് ആണ് അഡ്വ.നിസാർ കോച്ചേരി വഴി അപ്പീൽ നൽകി വധശിക്ഷ ജീവപര്യന്തമാക്കിയത്. 

പിൻവാതിൽ –  കൊല്ലപ്പെട്ട സ്ത്രീ സ്വന്തം നാട്ടിൽ?

ദോഹയിൽ ടാക്സി ഡ്രൈവർമാരായിരുന്നു ഇരുവരും.2003 ൽ ഇന്തോനേഷ്യക്കാരിയുമായി പണത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും പിന്നീട് യുവതിയെ കൊലപ്പെടുത്തി മ‍ൃതദേഹം അൽ വക്ര ബീച്ചിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, കൊന്നെന്ന് ആരോപിക്കപ്പെടുന്ന യുവതി 2004ൽ ജക്കാര്‍ത്തയിലേക്ക് മടങ്ങിയതായി രേഖകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മലയാളികൾക്കൊപ്പം അറസ്റ്റിലായ നേപ്പാൾ സ്വദേശിക്ക് 15 വര്‍ഷം ജീവപര്യന്തം വിധിച്ചെങ്കിലും 2015ൽ പൊതുമാപ്പിൽ മോചിതനായി. പല വാതിൽ മുട്ടിയെങ്കിലും ജോർജ് ജോസഫിനു ശേഷം എംബസിയുടെയോ പ്രവാസി അസോസിയേഷനുകളുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA