ADVERTISEMENT

ദുബായ് ∙ പാക്കിസ്ഥാനി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് മലയാളി കുടുംബത്തിന്റെ സല്യൂട്ട്. കാറിൽ മറന്നുവച്ച യുകെ വീസയും ആയിരം ദിർഹവും (ഇരുപതിനായിരത്തോളം രൂപ) അടങ്ങിയ ബാഗ് തിരികെയേൽപ്പിച്ചാണ് പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ മൊദാസ്സർ ഖാദിം സത്യസന്ധത കാണിച്ചത്. 

രേഖകളും പണവും തിരികെക്കിട്ടിയ ആശ്വാസത്തിൽ പാരിതോഷികമായി പണം നൽകാൻ ഒരുങ്ങിയപ്പോഴാകട്ടെ അവളെനിക്ക് സഹോദരിയെപ്പോലയാണെന്നു പറഞ്ഞ് മൊദാസ്സർ നിരാകരിക്കുകയും ചെയ്തു.

യുകെയിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ കോർപറേറ്റ് നിയമവിദ്യാർഥിയായ റേച്ചൽ റോസ് സൃഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകുമ്പോഴായിരുന്നു സംഭവം. ബുർജ് മാൻ സ്റ്റേഷനു സമീപത്തു നിന്ന് റേച്ചൽറോസും സുഹൃത്തും ടാക്സിയിൽ യാത്ര പുറപ്പെടാനൊരുങ്ങുമ്പോഴാണ് മറ്റൊരു കാറിൽ ഒരു സുഹൃത്ത് പാർട്ടിക്ക് പോകുന്നത് കണ്ടത്. ഉടൻ തന്നെ ആ കാറിലേക്ക് ഇരുവരും മാറിക്കയറിയെങ്കിലും ബാഗ് എടുക്കാൻ മറന്നു. 

ബാഗ് നഷ്ടമായ വിവരം അറിഞ്ഞ ഉടനെ പൊലീസിനെ സമീപിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ബില്ലോ മറ്റ് വിവരങ്ങളോ ഇല്ലാതിരുന്നതിനാൽ ആർടിഎയ്ക്കും(റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല. 

വീസയുടെ കോപ്പി കൈവശം ഇല്ലാതിരുന്നതിനാൽ കൂടുതൽ വിഷമിച്ചു. സർവകലാശാല അധികൃതരെ ബന്ധപ്പെട്ടപ്പോൾ പുതിയ വീസയ്ക്ക് അപേക്ഷിക്കണമെന്നായിരുന്നു മറുപടി. 

മറ്റ് രണ്ട് ട്രിപ്പുകൾ കൂടി കഴിഞ്ഞപ്പോഴാണ് ബാഗ് മൊദാസ്സറിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആർടിഎയിലും പൊലീസിലും ബന്ധപ്പെടുകയായിരുന്നു. മൊദാസ്സർ തന്നെ ബാഗും രേഖകളും റേച്ചൽ റോസിന്റെ വീട്ടിലെത്തി നൽകി. 

മൊദാസ്സറിന്റെ സത്യസന്ധതയെക്കുറിച്ചും നല്ല പെരുമാറ്റത്തെക്കുറിച്ചും റേച്ചൽ റോസിന്റെ വീട്ടുകാർ ആർടിഎയെ അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com