ADVERTISEMENT

ദുബായ് ∙ വൈദ്യുതി, ജല മേഖലകളിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള കൂടുതൽ കർമപരിപാടികൾക്കു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) തുടക്കം കുറിക്കുന്നു. സംഭരണം, വിതരണം ഭരണനിർവഹണം തുടങ്ങിയ രംഗങ്ങളിലും നിർമിതബുദ്ധി ഉപയോഗപ്പെടുത്തും. വൈദ്യുത-ജല മേഖലകളിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന ആദ്യ നഗരമായി ദുബായ് മാറും. ഡിജിറ്റൽ ദീവ സംരംഭങ്ങളുടെ ഭാഗമായാണ് നിർമിതബുദ്ധി വ്യാപിപ്പിക്കുന്നത്. പുനരുപയോഗ ഊർജം സംഭരിക്കാനും ഇതു സഹായകമാകും. സംഭരണം കൂടുതൽ എളുപ്പമാകുകയും ഊർജനഷ്ടം ഒഴിവാകുകയും ചെയ്യും.

സ്മാർട് ലക്ഷ്യം തൊട്ടരികെ

അടുത്ത വർഷം ആകുമ്പോഴേക്കും പൂർണമായും പേപ്പർ രഹിതമാകുകയാണു ലക്ഷ്യം. ദീവ സേവനങ്ങളിൽ 94 ശതമാനവും സ്മാർട് ആയി. ഫ്യൂച്ചർ സെന്റർ ഫോർ കസ്റ്റമർ ഹാപ്പിനെസ് കേന്ദ്രങ്ങളിൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ദീവയുമായി പൊതുജനങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടാൻ സംവിധാനമൊരുക്കി. അന്വേഷണങ്ങൾക്കും മറ്റുമുള്ള 'റമ്മാസ്' എന്ന വെർച്വൽ താരവുമായി ബന്ധിപ്പിച്ചാണിത്. ഇംഗ്ലിഷിലും അറബിക്കിലും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. നമ്പർ: 046019999.

അധ്വാനം കുറയും, വരുമാനം കൂടും

dewa-robot
ഇലക്ട്രിക് കാർ റീചാർജിങ് സ്റ്റേഷൻ.

നിർമിതബുദ്ധി വരുന്നതോടെ നിലവിലുള്ള ചെലവ് 50% കുറയ്ക്കാനാകുമെന്നു ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 35% വളർച്ച കൈവരിക്കും. കടലാസ് ഇടപാടുകൾ പൂർണമായും ഒഴിവാക്കാനും ലക്ഷക്കണക്കിനു തൊഴിൽ മണിക്കൂറുകൾ ലാഭിക്കാനും സാധിക്കും. കൃത്യത വർധിക്കുകയും ചെയ്യും. എല്ലാ മേഖലകളുടെയും സമഗ്ര ഏകീകരണവും സാധ്യമാകും.

ജലവൈദ്യുത പദ്ധതിക്കും നിർമിതബുദ്ധി

ഹത്ത ജലവൈദ്യുത പദ്ധതിക്കും നിർമിതബുദ്ധി നേട്ടമാകും. ഉൽപാദനത്തിലും സംഭരണത്തിലുമെല്ലാം ജലവൈദ്യുത നിലയങ്ങൾ നിലവിൽ നേരിടുന്ന ചില വെല്ലുവിളികൾ ഇല്ലാതാക്കാമെന്നു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് ഹത്തയിൽ പുരോഗമിക്കുന്നത്. 250 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കു 200 കോടിയിലേറെ ദിർഹം ചെലവ് കണക്കാക്കുന്നു. ഹത്ത അണക്കെട്ടിലെയും മലമടക്കുകൾക്കിടയിലെയും വെള്ളം ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനാണു വിഭാവനം ചെയ്യുന്നത്. ഹത്ത അണക്കെട്ടിൽ 171.6 കോടി ഗാലൻ വെള്ളവും മലമടക്കുകളിൽ 88 കോടി ഗാലൻ വെള്ളവും സംഭരിക്കാനാകും. അണക്കെട്ടിൽ നിന്നു 300 മീറ്റർ ഉയരത്തിലാണു ജലസംഭരണി. തിരക്കില്ലാത്ത സമയങ്ങളിൽ സൗരോർജം ഉപയോഗിച്ചു ടർബൈനുകൾ പ്രവർത്തിപ്പിച്ചാകും അണക്കെട്ടിൽ നിന്നു മലനിരകളിലെ ജലസംഭരണിയിലേക്കു വെള്ളമെത്തിക്കുക. പദ്ധതിയെ ദീവ ഗ്രിഡുമായി ബന്ധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com