ADVERTISEMENT

അബുദാബി∙ എസ്എസ്എൽസി പരീക്ഷ രാവിലെ ആക്കിയതോടെ പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി കൂടുതൽ ഇൻവിജിലേറ്റർമാരെ വേണ്ടിവരും. പ്ലസ്1, പ്ലസ്2, എസ്എസ്എൽസി എന്നീ 3 പരീക്ഷകൾ ഒരേ സമയമായതിനാലാണിത്. പരീക്ഷാ നടത്തിപ്പിനു കൂടുതൽ ക്ലാസ് മുറികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്കൂളുകൾ. സമ്മിശ്ര പരീക്ഷയ്ക്കായി വിദ്യാർഥികളുടെ പുനഃക്രമീകരണവും നടത്തേണ്ടതുണ്ട്.

ഈ മാതൃകയിൽ തന്നെ മോഡൽ പരീക്ഷ നടത്തി തയാറെടുപ്പ് പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ സ്കൂളുകൾ. ഫെബ്രുവരി 11ന് മോ‍ഡൽ പരീക്ഷ നടത്താനാണ് നിർദേശം. ഗൾഫിൽ യുഎഇയിൽ മാത്രമാണ് എസ്എസ്എൽസി പരീക്ഷാ കേന്ദ്രമുള്ളത്. പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ സ്കൂളുകളിൽനിന്ന് കൂടുതൽ ഇൻവിജിലേറ്റേഴ്സിനെ കൊണ്ടുവരുന്നത് ഇവിടത്തെ സ്കൂളുകൾക്കും ചെലവേറും. നാട്ടിൽനിന്ന് പരീക്ഷാ ചുമതലയ്ക്കായി എത്തുന്ന ഡപ്യൂട്ടി ചീഫ് സൂപ്പരിന്റന്റുമാരുടെ വീസ, വിമാന ടിക്കറ്റ്, താമസം തുടങ്ങിയ ചെലവുകൾ ഇവിടത്തെ സ്കൂളുകളാണ് വഹിച്ചുവരുന്നത്.

പുതിയ പരിഷ്കാരം അനുസരിച്ച് ഒരു വരിയിൽ രണ്ടു വശങ്ങളിലായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളെയും നടുക്ക് എസ്എസ്എൽസി വിദ്യാർഥിയെയും ഇരുത്താനാണ് നിർദേശമെന്ന്  യുഎഇയിലെ എക്സാം കോ ഓർഡിനേറ്റർ നിതിൻ സുരേഷ് മനോരമയോടു പറഞ്ഞു. അതുകൊണ്ടുതന്നെ പരീക്ഷയ്ക്കായി കൂടുതൽ ക്ലാസ് മുറികൾ സജ്ജമാക്കേണ്ടിവരും. സ്ഥലപരിമിതി നേരിടുന്ന സ്കൂളുകൾക്ക് 30 വിദ്യാർഥികളെ ഇടകലർത്തി ഇരുത്തി പരീക്ഷ നടത്താം.

2 എസ്എസ്എൽസി വിദ്യാർഥികളെ വശങ്ങളിലും നടുവിൽ ഹയർ സെക്കൻഡറി വിദ്യാർഥിയെയും ഇരുത്തിയും പരീക്ഷ നടത്താം. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണമനുസരിച്ചാണ് ഇതു ക്രമീകരിക്കേണ്ടത്. വിവിധ സ്കൂൾ പ്രിൻസിപ്പൽമാരെയും വൈസ് പ്രിൻസിപ്പൽമാരെയും വിളിച്ചാണ് ഇരിപ്പിടം സംബന്ധിച്ച് കുറ്റമറ്റ ക്രമീകരണം നടത്തേണ്ടതെന്നും നിർദേശിച്ചു.

ഇത്തവണ എന്താണു മാറ്റം

കഴിഞ്ഞ വർഷംവരെ ഹയർസെക്കൻ‍ഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷകൾ ഉച്ചയ്ക്കുമായിരുന്നു നടത്തിയിരുന്നത്. എസ്എസ്എൽസിക്ക് ഒരു ക്ലാസിൽ ഇരുപതും ഹയർ സെക്കൻഡറിക്കു മുപ്പതും വിദ്യാർഥികളുണ്ടായിരുന്നു. പുതിയ പരിഷ്കാരം അനുസരിച്ച് ഒരു ക്ലാസിൽ 30 മുതൽ 39 വരെ വിദ്യാർഥികളെ ഇരുത്താനാണ് ഉത്തരവ്. ഇരുപരീക്ഷകളും രാവിലെ നടത്തുകയും ചെയ്യും.

മാർച്ചിൽ പരീക്ഷാ ചൂട്

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 26ന് അവസാനിക്കും. യുഎഇ സമയം രാവിലെ 8.15 മുതൽ 10 വരെയാണ് പരീക്ഷ. ഇതിനിടയിൽ സിബിഎസ്ഇ പരീക്ഷയും ഇതര ക്ലാസുകളിലെ വാർഷിക പരീക്ഷകളും നടക്കുന്നതിനാൽ മാർച്ച് മാസത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരീക്ഷാ ചൂടായിരിക്കും. എസ്എസ്എൽസിക്ക് യുഎഇയിൽ ഒൻപതും ഹയർ സെക്കൻഡറിക്ക് എട്ടും കേന്ദ്രങ്ങളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com