ADVERTISEMENT

അബുദാബി∙ യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ മുഖേന നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഇതുപ്രകാരം യുഎഇയിലെ വിവിധ കേസുകളിൽപെട്ട് ഇന്ത്യയിൽ കഴിയുന്നവർക്കെതിരെ ബന്ധപ്പെട്ട ജില്ലാ കോടതി മുഖേന നടപടി സ്വീകരിക്കാൻ സാധിക്കും. 

യുഎഇയും ഇന്ത്യയും തമ്മിൽ 1999ൽ ഒപ്പിട്ട കരാർ പ്രകാരം സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിലുള്ള വിധിന്യായം ഇന്ത്യയിൽ നടപ്പാക്കുന്നതിന് ധാരണയായിരുന്നു. ഈ ഉടമ്പടി കഴിഞ്ഞ 18ന് ഗസറ്റിൽ വിജ്ഞാപനം നടത്തുകയായിരുന്നു. യുഎഇയിലെ ഏതൊക്കെ കോടതികളുടെ വിധികളാണ് ഇന്ത്യയിൽ നടപ്പാക്കാൻ കഴിയുന്നതെന്നും നിയമ മന്ത്രാലയം 18ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അതേസമയം, ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു.

ഒളിച്ചോടിയവർ കുടുങ്ങുമോ

കേസിൽ വിധി വന്ന ശേഷം മുങ്ങുന്നവർക്കെതിരെയുള്ള വിധി നടപ്പാക്കാൻ പുതിയ തീരുമാനമനുസരിച്ചു സാധിക്കും.

അതേസമയം, യുഎഇയിൽനിന്ന് വായ്പയോ മറ്റോ എടുത്ത് ഇവിടെ കേസ് തുടങ്ങുന്നതിന് മുൻപ് രാജ്യം വിട്ട് പോയവർക്ക് എതിരായി വിധി നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടാകും. വിധി നടപ്പാക്കാൻ 6 വ്യവസ്ഥകൾ പാലിക്കേണ്ടതിനാലാണിത്. 

യുഎഇയിലെ എൽഎൽസി കമ്പനി പാപ്പരായാൽ അതിന്റെ മാനേജർക്കെതിരെ ഇന്ത്യയിലെ കോടതിയിൽ വിധി നടപ്പാക്കാൻ സാധ്യമല്ല. 

6 കടമ്പ; വിധി നടപ്പാക്കാൻ

ഇന്ത്യയിലെ സിവിൽ നടപടിക്രമങ്ങളിലെ സെക്​ഷൻ 44 എ പ്രകാരമാണ് വിധി നടപ്പിലാക്കാൻ അപേക്ഷ സമർപിക്കേണ്ടത്. എന്നാൽ ഇത്തരം അപേക്ഷകളെല്ലാം കോടതികൾ പരിഗണമിക്കണമെന്നില്ല. കാരണം ഇന്ത്യൻ സിവിൽ നടപടിക്രമത്തിലെ സെക്​ഷൻ 13 അനുസരിച്ച് വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ ഇന്ത്യയിൽ അംഗീകരിക്കണമെങ്കിൽ 6 വ്യവസ്ഥകൾ പാലിച്ചിരിക്കണം.

1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം.

2. ഈ കോടതി വിധികൾ രണ്ടുകൂട്ടരുടെയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം.

3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.

4. കൃത്രിമ രേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.

5. സ്വകാര്യ രാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധികളായിരിക്കണം. 

6. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്. 

സ്വത്തവകാശം നേടിയെടുക്കാം

വിവാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷാകർതൃത്വം നിശ്ചയിക്കുന്ന കേസുകളിലും സ്വത്തവകാശ കേസുകളിലും പ്രസ്തുത കോടതികളിൽ നിന്ന് ലഭിക്കുന്ന വിധികൾ ഇന്ത്യയിൽ നടപ്പാക്കാൻ സാധിക്കുമെന്നതാണ് തീരുമാനത്തിന്റെ നേട്ടം.

ഏതെല്ലാം കോടതികളുടെ വിധികൾ

അബുദാബി നീതിന്യായ മന്ത്രാലയത്തിനു കീഴിൽ വരുന്ന അബുദാബി, അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, അപ്പീൽ കോടതി, സുപ്രീം കോടതി എന്നിവയ്ക്കു പുറമേ റാസൽഖൈമ, ദുബായ് കോടതികളുടെ വിധികളും ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ കോടതി, അബുദാബി ഗ്ലോബൽമാർക്കറ്റ് കോടതി എന്നീ കോടതികളെയു വിജ്ഞാപനത്തിലൂടെ സൂപ്പീരയിർ (പരമാധികാര) കോടതികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇന്ത്യയിലെ ബന്ധപ്പെട്ട ജില്ലാ കോടതികൾ വഴി നടപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com