ADVERTISEMENT

ദുബായ് ∙ നേപ്പാളിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മലയാളികൾ മരിച്ചതിനു പിന്നാലെ, ബർ ദുബായിലും സമാന അപകടമുണ്ടായതോടെ തണുപ്പകറ്റുമ്പോൾ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്. നേപ്പാളിൽ തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്ററാണ് വില്ലനായത്. ബർ ദുബായിൽ തടിക്കരി കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിനിടെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടുപേർ മരിക്കുകയായിരുന്നു. രണ്ടിടത്തും ഉറങ്ങിക്കിടക്കുമ്പോഴാണ്  അപകടം. ഏഷ്യക്കാരായ വീട്ടുജോലിക്കാരാണു ബർ ദുബായിയിൽ മരിച്ചത്.

പുതുതായി നിർമിച്ച വില്ലയിലായിരുന്നു അപകടമെന്നു ദുബായ് പൊലീസ് ഡയറക്ടർ (ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) കേണൽ അഹമ്മദ് അൽ മർറി പറഞ്ഞു. ജനാലകളും വാതിലുകളും പൂട്ടിയിരുന്നതിനാൽ വായുകടക്കാതെ വിഷവാതകം വ്യാപിക്കുകയായിരുന്നു. തണുപ്പുകാലത്ത് ഇത്തരം അപകട സാധ്യതകൾ കരുതിയിരിക്കണമെന്നും കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഇതേക്കുറിച്ച് ബോധവൽക്കണം നൽകണമെന്നും പറഞ്ഞു.

കഴിഞ്ഞവർഷം 6 കേസുകൾ

ഈ വർഷത്തെ ആദ്യസംഭവമാണിതെന്ന് ദുബായ് പൊലീസ് ഡയറക്ടർ (ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) കേണൽ അഹമ്മദ് അൽ മർറി പറഞ്ഞു. കഴിഞ്ഞവർഷം ഇത്തരം 6 കേസുകൾ റജിസ്റ്റർ ചെയ്തു. 2018 സെപ്റ്റംബർ മുതൽ ജൂൺ വരെ അഗ്നിബാധയിൽ നിന്നുള്ള പുക ശ്വസിച്ച് 23 പേർ മരിക്കുകയും 43 പേർക്കു ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തിരുന്നു.

അടച്ചിട്ട മുറികളിൽ തീ കായേണ്ട

അടച്ചിട്ട മുറികളിൽ വിറകോ കരിയോ കത്തിച്ചു തീ കായരുതെന്നും ബാർബിക്യു ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമായ കാർബൺ മോണോക്സൈഡ് മരണകാരണമാകും. രക്തത്തിൽ ഒാക്സിജനേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുമെന്നത് ഇതിന്റെ അപകടവ്യാപ്തി കൂട്ടുന്നു. തലവേദനവും മയക്കവുമെല്ലാം അനുഭവപ്പെടുകയും അതിവേഗം ശരീരം തളരുകയും ചെയ്യുന്നു. പ്രതികരിക്കാൻ പോലും കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നു. 20 മിനിറ്റിനകം ലക്ഷണങ്ങൾ പ്രകടമാകും. താമസസ്ഥലത്തു പരമ്പരാഗത രീതിയിൽ തീ കായുമ്പോൾ പുക പുറത്തു പോകാൻ സംവിധാനമുണ്ടാകണം.

english summary: 2 maids in Dubai die of carbon monoxide poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com