ADVERTISEMENT

ദോഹ ∙ രാജ്യത്തെ വീണ്ടും കുളിരിൽ പുതപ്പിച്ച് ഞായറാഴ്ച മുതൽ തണുപ്പ് കനക്കും. 5 – 12 ഡിഗ്രി സെൽഷ്യസിന്  ഇടയിലാകും കുറഞ്ഞ താപനില. മേഖലയിലെ ഉയർന്ന മർദ്ദത്തെ തുടർന്നാണ് ഞായറാഴ്ചക്ക് ശേഷം രാജ്യത്ത് തണുപ്പേറുന്നത്. തണുത്ത കാലാവസ്ഥ ദിവസങ്ങളോളം നീളും. തണുപ്പിന് അകമ്പടിയായി വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 15നും 25 നോട്ടിക് മൈലിന് ഇടയിലാകും. ചിലയിടങ്ങളിൽ ഇത് 40 നോട്ടിക് മൈൽ വേഗമാകും. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നതിനാൽ ദൂരക്കാഴ്ച 3 കിലോമീറ്ററിൽ താഴെയാകും.

ഇക്കാലയളവിൽ രാജ്യത്തെ പരമാവധി താപനില 14 –17 ഡിഗ്രി സെൽഷ്യസാകും. കാറ്റ് കനക്കുന്നതിനെ തുടർന്നാണ് താപനില കുറയുന്നത്. ജനങ്ങൾ ഞായറാഴ്ച മുതൽ ജാഗ്രത പുലർത്തണമെന്നും കടൽ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തവണത്തെ സീസണിൽ ഇത് രണ്ടാം തവണയാണ് കനത്ത തണുപ്പുണ്ടാകുന്നത്. ഈ മാസം 14ന് അബു സമ്രയിൽ 5.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഒട്ടുമിക്ക ഇടങ്ങളിലും താപനില 12– 13 ഡിഗ്രി വരെ എത്തിയിരുന്നു.

ശൈത്യകാലം ആസ്വദിച്ച് ജനം, നഗര രാത്രികൾ സജീവം

തണുപ്പേറുന്നതോടെ ബീച്ചുകളിലും പാർക്കുകളിലുമെല്ലാം രാത്രികൾ കൂടുതൽ സജീവമായി തുടങ്ങി. ദോഹ കോർണിഷിൽ വൈകുന്നേരങ്ങളിൽ ദൈനംദിന വ്യായാമങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും കൂടി തുടങ്ങി. വാരാന്ത്യങ്ങളിൽ മാത്രമല്ല പ്രവൃത്തി ദിനങ്ങളിലെ വൈകുന്നേരങ്ങളിലും കുടുംബവും സുഹൃത്തുക്കളുമൊക്കെയായി ബീച്ചുകളിലും പാർക്കുകളിലും എത്തുന്നവരും ധാരാളം. വാരാന്ത്യത്തിൽ ഭക്ഷണവും പാട്ടുമൊക്കെയായി പുലർച്ചെ വരെ ബീച്ചുകളും സജീവമാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ള  ശൈത്യകാലത്തെ മതിയാവോളം ആസ്വദിച്ചാണ് ഓരോ പ്രവാസികളും വൈകുന്നേരങ്ങൾ ചെലവിടുന്നത്.

ശൈത്യകാല രോഗങ്ങളെ ചെറുക്കാൻ വഴികളേറെ

ദോഹ ∙ ശൈത്യകാലത്ത് ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളും  ഒഴിവാക്കാൻ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ അനിവാര്യം.പനി, ജലദോഷം, തൊണ്ടവേദന, സന്ധി വേദന, ശരീരവേദന തുടങ്ങിയവയാണ് ശൈത്യകാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ. സന്ധി വാതമുള്ളവർ ആവശ്യമായ മുൻകരുതലെടുക്കണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹം, വൃക്ക രോഗികൾ തുടങ്ങിയവർക്ക് പകർച്ചപ്പനി സാധ്യത കൂടുതലാണ്. തണുപ്പുകാലത്ത് രക്ത സമ്മർദം ഉയരുന്നത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രോഗസാധ്യതയുള്ളവർ പരമാവധി വീടുകളിൽ തന്നെ കഴിയുന്നതാണ് നല്ലത്. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്‌കൂളിൽ വിടുന്നതും ഒഴിവാക്കണം. പുറത്തു പോകുന്നവർ കമ്പിളി വസ്ത്രങ്ങളും സോക്‌സും ധരിക്കണം. തണുപ്പുകാലത്ത് ഛർദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങൾക്കും സാധ്യതയേറെ. നിർജ്ജലീകരണം ഒഴിവാക്കാൻ  അണുമുക്തമായ വെള്ളം ധാരാളം കുടിക്കണം. ആസ്മ രോഗികളും കൂടുതൽ ശ്രദ്ധിക്കണം. പുകവലി ഉപേക്ഷിക്കണം. പതിവായി വ്യായാമം ചെയ്യുന്നതും നല്ല തണുപ്പുള്ളപ്പോൾ പുറത്തു പോകുന്നതും ഒഴിവാക്കിയാൽ രോഗത്തിന്റെ കാഠിന്യം  കുറക്കാനാകും. നീന്തൽ, സൈക്ലിങ്,  നടത്തം പോലുള്ള വ്യായാമങ്ങളിലൂടെ സന്ധി വേദനകളെ പ്രതിരോധിക്കാം. തൊണ്ട വേദനയ്ക്ക്  ചെറുചൂടിൽ ഉപ്പുവെള്ളം കവിൾക്കൊണ്ടാൽ മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com