ADVERTISEMENT


അബ്ഹ∙ ഖമീസ് മുഷയിത്ത് അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനു കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരണം. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന 100 ഓളം ഇന്ത്യൻ നഴ്സുമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധിച്ചത് എന്നാണ് വിവരം.

ഇതേ ആശുപത്രിയിലെ ഫിലിപ്പീനി നഴ്‌സിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി ഇവരെ അസീർ സെട്രൽ ഹോസ്പിറ്റലിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർ ചികിൽസയോട് പ്രതികരിക്കുന്നുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ സാധാരണ നിലയിലേക്ക് ആകുമെന്നുമാണ് ലഭിക്കുന്ന വിവരം. ആശങ്കയുടെ സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയിലെ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചുവെന്ന് മന്ത്രി മുരളീധരൻ ട്വിറ്ററിൽ പറഞ്ഞു. ആശുപത്രി അധികൃതരുമായും സൗദി വിദേശകാര്യമന്ത്രാലയവുമായി അവർ ബന്ധപ്പെടുന്നുണ്ട്. എല്ലാ സഹായവും നൽകാൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

ചികിത്സക്കായി എത്തിയ ഫിലിപ്പീൻസ് സ്വദേശിയായ രോഗിയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നറിയുന്നു. പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഇവർക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് രോഗം പടർന്നത്. ആദ്യം രോഗം സ്ഥിരീകരിക്കപ്പെട്ട ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മലയാളി നഴ്‌സിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സഹജീവനക്കാരായ മുപ്പതോളം പേരെ ഇതേ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തായി പാർപ്പിച്ചിരുന്നു.

ഇതു കൂടുതൽ പരിഭ്രാന്തി പരത്തിയെങ്കിലും സ്ഥിതിഗതികൾ ഗുരുതരമല്ല. സംശയമുള്ളവരുടെ സാംപിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. എംപസിയും നോർക്കയും ഇടപെട്ടിട്ടുണ്ട്. ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തൊട്ടു പിന്നാലെയാണ് സൗദിയിൽ നിന്ന് വാർത്ത വരുന്നത്.

നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി
സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി ഉൾപ്പെടെയുള്ള നഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ അഭ്യർഥിച്ചു. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com