ADVERTISEMENT

ദുബായ് ∙ മധ്യപൂർവ ദേശത്ത് പങ്കാളിത്തം കൊണ്ടും സമ്മാനത്തുക കൊണ്ടും മുന്നിലായ ദുബായ് മാരത്തൺ നാളെ നടക്കും. മദീനത്ത് ജുമൈറയ്ക്കു സമീപമുള്ള ഉംസുഖൈം റോഡിൽ നിന്നാണ് മാരത്തൺ ആരംഭിക്കുക. പ്രധാന മൂന്നു വിഭാഗവും രണ്ടു ചെറിയ വിഭാഗവും ചേർത്ത് അഞ്ചു വിഭാഗങ്ങളായാണ് മാരത്തൺ. വീൽച്ചെയർ മാരത്തൺ എലൈറ്റ്സ് രാവിലെ 5.55ന് ആരംഭിക്കും. 42.195 കിലോമീറ്റർ ഓടേണ്ട മാരത്തൺ എലൈറ്റ്സ് ആറിനും മാരത്തൺ മാസ്സസ് ഏഴിനും തുടങ്ങും. ഇവ മൂന്നുമാണ് പ്രധാന മാരത്തണുകൾ. 8.15നാണ് പത്തു കിലോമീറ്റർ റോഡ് റെയ്സ് ആരംഭിക്കുന്നത്. 4 കിലോമീറ്റർ ഫൺ റൺ 11നു തുടങ്ങും.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രക്ഷാധികാരിയായുള്ള ദുബായ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാരത്തൺ ഇത്തവണ സ്റ്റാൻഡേഡ് ചാർട്ടേഡ് ദുബായ് മാരത്തൺ എന്നാണറിയപ്പെടുക. 16-ാം വർഷവും തുടർച്ചയായി മുഖ്യപ്രായോജകരാകാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് സ്റ്റാർഡേഡ് ചാർട്ടേഡ് ബാങ്ക് സിഇഒ റോള അബു മന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദീനത്ത് ജൂമൈറയിലെ ഉംസുഖൈം റോഡിൽ നിന്ന് ആരംഭിച്ച് ഇടത്തേക്ക് തിരിഞ്ഞ് കാരിയേജ് വേ വഴി ദുബായ് കോളജ് ജങ്ഷൻ കടന്ന് അൽ സുഫുവിലേക്കു പോയി ഒടുവിൽ ദുബായ് പൊലീസ് അക്കാദമിക്ക് സമീപമുള്ള ഉംസുഖൈം റോഡിലാണ് അവസാനിക്കുക.

ഇത്യോപ്യൻ താരങ്ങൾ ശ്രദ്ധാകേന്ദ്രം

മികച്ച മാരത്തൺ താരങ്ങളായ ഇത്യോപ്യയിൽ നിന്നുള്ള സോളമൻ ദെക്സിസയും(25) വർക്കനേഷ് ദെഗെഫയുമാണ്(29) ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രങ്ങൾ. ഇവർ രാജ്യാന്തര തലത്തിൽ 35 മാരത്തണുകളിൽ ജേതാക്കളായിട്ടുണ്ട്. 2018ൽ ആംസ്റ്റർഡാം മാരത്തണിൽ മൂന്നാം സ്ഥാനം നേടിയ വ്യക്തിയാണ് സോളമൻ ദെക്സിസ. ഏറ്റവും വേഗമേറിയ മാരത്തൺ വനിതയാണ് വർക്കനേഷ് ദെഗേഫ

71 ലക്ഷം രൂപയാണ്(ഒരു ലക്ഷം ഡോളർ) ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക.രണ്ടാം സ്ഥാനക്കാർക്ക് 40000 ഡോളർ, മൂന്നാം സ്ഥാനക്കാർക്ക് 20000 ഡോളർ എന്നിങ്ങനെയാണ് സമ്മാനം. പത്താം സ്ഥാനക്കാർക്ക് 2500 ഡോളർ ലഭിക്കും. ലോക റെക്കോർഡ് സ്ഥാപിച്ചാൽ രണ്ടു ലക്ഷം ഡോളർ അധിക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്കുന്ന ഇമറാത്തികൾക്ക് 18000 ദിർഹവും സമ്മാനം ലഭിക്കും.

158 രാജ്യങ്ങളിൽ നിന്നുള്ള 19844 പേരാണ് മൊത്തം കഴിഞ്ഞ വർഷം മാരത്തണിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഇമറാത്തി പൗരന്മാരുടെ പങ്കാളിത്തത്തിലും വർധനയുണ്ടായിരുന്നു. 21% ഇമറാത്തി വനിതകൾ അധികമായി പങ്കെടുത്ത്. മാരത്തണിൽ ഇതാദ്യമായി ഇമറാത്തി പൗരന്മാർക്കായി പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ഹോൾഡിങ് എംഡി ഖാലിദ് അൽ മാലിക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com