ADVERTISEMENT

ജിദ്ദ ∙ ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സൗദി വിദ്യാർഥി സിലിക്കൺവാലിയിൽ സ്റ്റാർട്ടപ്പിനു തുടക്കം കുറിച്ചു. യുവെറ എന്ന പേരിൽ തുടങ്ങിയ ബയോടെക് കമ്പനി ഭക്ഷ്യോൽപന്നങ്ങളുടെ സംഭരണ കാലാവധി (ഷെൽഫ് ലൈഫ്) കൂട്ടുന്നതിനുള്ള ഉൽപന്നമാണു പുറത്തിറക്കുക. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിനിയായ അസ്റാർ ദംദമിന്റേതാണ് ആശയം. ഇതിനുള്ള പേറ്റന്റും ദംദം സ്വന്തമാക്കി. വർഷത്തിൽ ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ഭക്ഷ്യോൽപന്നങ്ങൾ പാഴാക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെന്ന യുഎൻ റിപ്പോർട്ടാണ് ഈ രംഗത്തേക്കു തിരിയാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അസ്റാർ ദംദം വ്യക്തമാക്കി.

ഇത്തരത്തിൽ 3,500 കോടി ഡോളറിന്റെ ഭക്ഷണമാണ് ലോകത്ത് പാഴാക്കുന്നതെന്നത്. ലോകത്തു ലക്ഷക്കണക്കിനാളുകൾ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുമ്പോൾ ഇത്രയും ഭക്ഷണം പാഴാക്കുന്നതിനെതിരെ എന്തു ചെയ്യാനാകുമെന്ന ചിന്തയാണ് ഈ ഗവേഷണത്തിലെത്തിച്ചതെന്ന് ദംദം പറഞ്ഞു. 2030ഓടെ ഭക്ഷണം പാഴാക്കുന്നത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഭക്ഷണം കേടാകാൻ സഹായിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും രാസവസ്തുക്കൾ ഉപയോഗിക്കാതെ അൾട്രാവയലറ്റ് ലൈറ്റുകളുടെ സഹായത്തോടെ നശിപ്പിച്ച് സംഭരണകാലാവധി കൂട്ടുന്ന സാങ്കേതികവിദ്യയാണ് ഇരുപത്തിയാറുകാരി വികസിപ്പിച്ചത്. പഴം, പച്ചക്കറി, മാംസം എന്നിവ വച്ച് വിവിധ മേഖലകളിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണം വിജയിച്ചതായും പറഞ്ഞു. 2019ൽ ജൂണിൽ ആരംഭിച്ച സ്റ്റാർട്ടപ്പിന് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചതായും നാനോ ടെക്നോളജിയിൽ ഗവേഷണ വിദ്യാർഥിയായ ദംദം പറഞ്ഞു.

2019ൽ ഡ്രാപെർ യൂനിവേഴ്സിറ്റിയിൽ നടന്ന പരിശീലനത്തിലും മിസ്ക് ഫൗണ്ടേഷന്റെ ഫെലോഷിപ്പോടുകൂടി ദംദം പങ്കെടുത്തിരുന്നു. 18 രാജ്യങ്ങളിലെ 116 പേർ പങ്കെടുത്ത മത്സരത്തിലെ ജേതാവുകൂടിയായിരുന്നു ദംദം. സിലിക്കൺവാലിയിൽനിന്നുള്ള 30 സ്റ്റാർട്ടപ്പുകളിൽ യുവേറയാണ് ഏറ്റവും മികച്ച ആശയമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും പറഞ്ഞു. വീടുകളിലെയും റസ്റ്ററന്റുകളുടെയും ഓരോ അടുക്കളയുടെയും അവിഭാജ്യഘടകമായി വരുംനാളുകളിൽ യുവേറ മാറുമെന്നതിൽ സംശയമില്ല ഈ ഗവേഷണ വിദ്യാർഥിക്ക്. ജിദ്ദയിലെ ഇഫ്ഫത് യൂനിവേഴ്സിറ്റിയിൽനിന്ന് 2016ൽ ഇലക്ട്രിക് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങിൽ ബിരുദമെടുത്ത ദംദം 2018ലാണ് കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഇലക്ട്രോ ഫിസിക്സിൽ ബിരുദാനന്തര ബിരുദമെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com