ADVERTISEMENT

ദുബായ് ∙ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി(സി‍ഡിഎ)യുടെ അംഗീകാരമുള്ള അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യൻ റൺ 2020 മംസാർ ബീച്ച് റോഡിൽ ഇൗ മാസം 31ന്  നടക്കും. രാവിലെ 7.30 മുതൽ 11.30 വരെയാണ് അഞ്ചു കി.മീ മാരത്തൺ. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യ ക്ലബ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രനാണ് മാരത്തൺ ബ്രാൻഡ് അംബാസിഡറെന്നും സംഘാടകർ അറിയിച്ചു.

ആരോഗ്യ ബോധവൽക്കരണം റിപ്പബ്ലിക് ദിന അനുസ്മരണം

ആരോഗ്യ പരിപാലനത്തിന് നിത്യേനയുള്ള വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനൊപ്പം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ അനുസ്മരണവും മുൻനിർത്തിയാണ് പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. മാരത്തണിലൂടെ സമാഹരിക്കുന്ന തുക ഷാർജ ഇന്ത്യൻ അസോസിയേഷൻ നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കായി ആരംഭിച്ച അൽ ഇബ് തിസാമ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസിന് നൽകും.

മാരത്തണിനു പുറമെ സാംസ്കാരിക പരിപാടികളും

കേരളത്തിലെ നൂറ്റമ്പതോളം കോളജുകളുടെ വിദ്യാർഥികൾ അംഗങ്ങളായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് സിഡിഎ, ആർടിഎ, ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. യുഎഇ സ്വദേശികളും വിവിധ രാജ്യക്കാരും ഉൾപ്പെടെ മൂവായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും.‌ മിനി മാരത്തൺ കൂടാതെ, രാവിലെ 9 മുതൽ 11 വരെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ദുബായ് പൊലീസിന്റെ സുരക്ഷാ ബോധവൽക്കരണ പരിപാടിയും ഉണ്ടാകും.

ലാഭേച്ഛയില്ലാത്ത പ്രവർത്തനം

വെറും ആറ് കോളജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായി ആരംഭിച്ച അക്കാഫ് ഇന്ന് 150 കോളജുകളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായി വളർന്നത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുടെ ഒരുമ കൊണ്ടാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ റംസാന് വിവിധ ലേബർ ക്യാംപുകളിലായി രണ്ടായിരത്തിലധികം പേർക്ക് ഇഫ്താർ നടത്താൻ കഴിഞ്ഞു. ഇതുപോലെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് സിഡിഎയുടെ അംഗീകാരം പെട്ടെന്നു നേടാൻ കഴിഞ്ഞത്. വെങ്കിട് മോഹൻ ജനറൽ കൺവീനറും ജെറോം തോമസ്, സിന്ധു ജയറാം, ഗണേഷ് നായിക് എന്നിവർ ജോയിന്റ് കൺവീനറുമായി നാളുകൾക്കു മുമ്പേ പ്രവർത്തനം ആരംഭിച്ചതായും സംഘാടകർ അറിയിച്ചു.

മാരത്തണിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സൗജന്യമായി  www.akcaf.org എന്ന വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. ഫോൺ: 050 62 57 166.

വാർത്താ സമ്മേളനത്തിൽ സിദ്ധാർഥ് ബാലചന്ദ്രൻ, പോൾ ടി.ജോസഫ്, വെങ്കിട് മോഹൻ, മുഹമ്മദ് റഫീഖ്, സിന്ധു ജയറാം എന്നിവർ സംബന്ധിച്ചു.

 ദ് ഗ്രേറ്റ് ഇന്ത്യൻ റൺ

∙ സ്ഥലം: മംസാർ ബീച്ച് റോഡ്

∙ സമയം:  31ന്  രാവിലെ 7.30 മുതൽ 11.30 വരെ

∙ ദൂരം; അഞ്ചു കിലോ മീറ്റർ.

∙ മാരത്തണിൽ പങ്കെടുക്കാൻ:  www.akcaf.org എന്ന വെബ് സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം.

∙ ഫോൺ: 050 62 57 166.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com