ADVERTISEMENT

ദുബായ് ∙ സംസ്ഥാന പൊലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് സിഎജി പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ, എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പൊലീസ് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ കുത്തഴിഞ്ഞിരിക്കുന്നു. അഴിമതിയുടെയും സ്വജനപക്ഷപാത്തിന്റെയും ഭാഗമായിരിക്കുന്നു. 

ഡിജിപി ലോക്നാഥ് ബഹ്‌റയ്ക്ക് എതിരെ, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ അടിയന്തരമായി ബഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. സാമ്പത്തിക ക്രമക്കേടും, ദുര്‍വിനിയോഗവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണവും ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്‍ഐഐ അന്വേഷണവും നടത്തണം. സംസ്ഥാന പൊലീസിന്റെ വിശ്വാസ്യതയും, സാമ്പത്തിക സുതാര്യതയും വീണ്ടെക്കുന്നതിന് ഇത്തരത്തിലുള്ള ഒരു അന്വേഷണം അനിവാര്യമാണെന്നും  ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ രാത്രി കത്ത് നൽകിയെന്നും ചെന്നിത്തല പറഞ്ഞു.

കത്ത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ രാത്രി തന്നെ എത്തിച്ചതാണ്. ഞങ്ങൾ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായത് ഗുരുതരമായ പ്രശ്നമാണ്. കേരളത്തിലെ പൊലീസ് ഡിപ്പാർട്ട്മെന്റിൽ നടന്ന പർച്ചേസുകൾ സിഎജി റിപ്പോർട്ടിൽ അഴിമതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഡിജിപി എന്നത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിനു പകരം ഡയറക്ടർ ജനറൽ ഓഫ് പർച്ചേഴ്സ് ആയിമാറി. ശബരിമലയിലേക്ക് പോലും ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ട്. കെൽട്രോൺ വഴി നടത്തിയ ഇടപാടുകൾ അഴിമിതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

എസ്ഐമാര്‍ക്കും എഎസ്ഐമാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് പണിയുന്നതിനു അനുവദിച്ച 4.35 കോടി രൂപ, ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് ഇടപെട്ട് വക മാറ്റി ചിലവഴിക്കുകയും ഡിജിപിക്ക് വില്ലയും ക്യാംപ് ഹൗസും മാത്രമല്ല എഡിജിപിമാര്‍ക്ക് ബംഗ്ലാവുകള്‍ നിര്‍മ്മിക്കാനും വകമാറ്റി ചിലവഴിച്ചു. മുന്‍പ് ഇങ്ങനെ വകമാറ്റി ചിലവഴിച്ചപ്പോള്‍ നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റി കര്‍ശ്ശന താക്കീത് നല്‍കിയിരുന്നു. എന്നാല്‍, ഈ താക്കീത് അവഗണിച്ച് അതേ ക്രമക്കേട് ആവര്‍ത്തിച്ച ആഭ്യന്തര വകുപ്പ് നിയമസഭയെ അവഹേളിക്കുകയും, മാര്‍ഗരേഖകളുടെ ലംഘനവുമാണ് നടത്തിയതെന്ന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ മോഡണൈസേഷന്‍ ഫണ്ടുപയോഗിച്ച് വിഐപി-വിവിഐപി സുരക്ഷയ്ക്ക് വേണ്ടിയുള്ള വാഹനങ്ങള്‍ വാങ്ങിയതും എല്ലാ മാര്‍ഗരേഖകളും കാറ്റില്‍ പറത്തിയാണ്.

ദര്‍ഘാസ് വിളിക്കാതെ വിതരണ ഉത്തരവ് നല്‍കുകയും മുന്‍കൂറായി തുക വിട്ടുകൊടുക്കുകയും ചെയ്ത ഡിജിപി ബെഹ്റയുടെ നടപടി ഗുരുതരമായ ചട്ട ലംഘനവും, സിവിസി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവുമാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ടെണ്ടര്‍ വിളിക്കാതെ മിസ്തുബഷി പജിറോ സ്‌പോര്‍ട്ടസ് എന്ന വാഹനം വാങ്ങാന്‍ ഡിജിപി തിരുമാനിക്കുകയും സര്‍ക്കാര്‍ അനുമതി തേടാതെ മുന്‍കൂറായി 33 ലക്ഷം കരാറുകാരന് നല്‍കുകയും ചെയ്തത് ഗുരുതരമായ അഴിമതിയാണ്. സർക്കാരിന്റെ അനുമതിയോടെ കരാറുകാരന് അഡ്വാന്‍സ് കൊടുത്തു എന്ന പേരില്‍ ആണ് പാലാരിവട്ടം കേസില്‍ മുന്‍ പി ഡ്ബ്‌ളിയു ഡി സെക്രട്ടറിയേയും മറ്റു ഉദ്യോഗ സ്ഥരെയും അറസ്റ്റ് ചെയ്യുകയും, വിജിലന്‍സ് കേസെടുക്കുകയും ചെയ്ത കാര്യം ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com