ADVERTISEMENT

ദുബായ് ∙ മരുഭൂമിയിൽ ഒരുങ്ങുന്ന എക്സ്പോയിൽ ലോകരാജ്യങ്ങൾക്കു ഹരിതവത്കരണ പദ്ധതികളെക്കുറിച്ചു പഠിക്കാൻ അവസരം.

പച്ചപ്പിന്റെ പ്രാധാന്യം, മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം, പരിസ്ഥിതി സൗഹൃദ വികസനം എന്നിവയെക്കുറിച്ചുള്ള അറിവുകളും കാഴ്ചകളുമാണ് യുഎഇ സമ്മാനിക്കുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള ഒട്ടേറെ സന്ദേശങ്ങൾ എക്സ്പോയിൽ ഉണ്ടാകും. 

പ്രകൃതിയെ മറന്നുള്ള വികസനം അപകടം സംബന്ധിച്ച മുന്നറിയിപ്പാണ് എക്സ്പോ നൽകുക. കടൽ, കാട്, മരുഭൂമി എന്നിവയുടെ രഹസ്യങ്ങളിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.‌

പാരമ്പര്യേതര ഊർജം, ജലസംരക്ഷണം, മാലിന്യസംസ്കരണം, ഹരിതമേഖലകളുടെ പ്രാധാന്യം, പരിസ്ഥിതി സൗഹൃദ നിർമിതികൾ എന്നിവയ്ക്കു എക്സ്പോ പ്രധാന്യം നൽകും. വേൾഡ് എക്സ്പോയുടെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണിത്. സൗരോർജത്തിനായി 1,055 സോളർ പാനലുകൾ സ്ഥാപിച്ചു. പ്രതിവർഷം 4 ഗിഗാവാട്ട് അവേഴ്സ് (ജിഡബ്ല്യുഎച്ച്) ഊർജം ഉൽപാദിപ്പിക്കാനാകും. 

ഹരിത എക്സ്പോ

നൂറുകണക്കിനു മരങ്ങളാണ് എക്സ്പോ മേഖലയിൽ വച്ചുപിടിപ്പിച്ചത്. ലോകത്തിനു വൻ വെല്ലുവിളിയായ കാർബൺ മലിനീകരണം എങ്ങനെ പരമാവധി കുറയ്ക്കാമെന്നും അറിയാം. എക്സ്പോ ആകുമ്പോഴേക്കും  ദുബായിൽ പുതിയൊരു ഹരിതനഗരം യാഥാർഥ്യമാകും. 

മരുഭൂമിയിലെ തനതു വൃക്ഷങ്ങളും  വിദേശ മരങ്ങളും പൂച്ചെടികളും പുൽപ്പടർപ്പുകളും എക്സ്പോ വേദിയെ ഹരിതാഭമാക്കും. 2.2 ലക്ഷം ചതുരശ്രമീറ്ററിലാണ് ഹരിതമേഖല. 

ഈന്തപ്പനകൾ ഉൾപ്പെടെ 12,157 മരങ്ങളും 2.56 ലക്ഷം വൈവിധ്യമാർന്ന കുറ്റിച്ചെടികളും അതിലേറെ പൂച്ചെടികളുമാണുള്ളത്. മണ്ണിലെ ഈർപ്പം മനസ്സിലാക്കി ആവശ്യത്തിനു ജലസേചനം നടത്തുന്ന സ്മാർട് സംവിധാനമാണുണ്ടാകുക.  മലിനജലം സംസ്കരിച്ചാകും ജലസേചനം. 

മാലിന്യവും അലങ്കാരമാക്കാം

മാലിന്യങ്ങൾ പുനഃസംസ്കരിച്ച് വളവും കരകൗശല വസ്തുക്കളും നിർമിക്കും. എക്സ്പോ വേദിയിൽനിന്ന്  ദിവസവും 147 ടൺ മാലിന്യം നീക്കം ചേയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.  ഇതിലേറെയും പുനരുപയോഗ യോഗ്യമാക്കും.

കടലാസും കാർഡ്ബോർഡും സംസ്കരിച്ചു പഴക്കൂടകൾ, ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രേ, സമ്മാനം നൽകാനുള്ള ചെറുപെട്ടികൾ, പാനീയങ്ങൾക്കുള്ള കപ്പ് എന്നിവയാക്കി മാറ്റും. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും സംസ്കരിച്ചു ബാഗുകളാക്കും.

 മെഴുകുതിരിക്കാലുകൾ, ട്രേകൾ, അലങ്കാരദീപങ്ങൾ എന്നിവയാണ് പ്രധാനമായും ഗ്ലാസ് മാലിന്യങ്ങളിൽ നിന്നു നിർമിക്കുക. പ്രതിദിനം 200 ടൺ മാലിന്യം സംഭരിക്കാൻ കഴിയുന്ന  പടുകൂറ്റൻ കേന്ദ്രം 5,000 ചതുരശ്ര മീറ്ററിൽ പൂർത്തിയാകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com