ADVERTISEMENT

ദോഹ ∙ കൗതുക കാഴ്ചകളിലൂന്നി ഖത്തർ ദേശീയ മ്യൂസിയത്തിൽ കുട്ടികൾക്കായി 2 വലിയ കളിസ്ഥലങ്ങൾ തുറക്കുന്നു. കുട്ടികളുമായി മ്യൂസിയം സന്ദർശിക്കാനെത്തുന്ന കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. അദ്ഭുതങ്ങളുടെ ഗുഹ, സാഹസിക കപ്പൽ എന്നിങ്ങനെ 2 കളിസ്ഥലങ്ങളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. മ്യൂസിയത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനങ്ങളുടെ ഭാഗമായാണ് കളിസ്ഥലങ്ങൾ തുറക്കുന്നത്.

മ്യൂസിയത്തിലെ സ്ഥിരം ഗാലറികൾക്ക് സമാനമാണ് കുട്ടികളുടെ കളിസ്ഥലങ്ങൾ. ഖത്തറിന്റെയും ജനതയുടേയും കഥ പറയുന്നതാണ് കളിസ്ഥലങ്ങളുമെന്ന് ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു. എണ്ണ, വാതക ഖേലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മൂന്നാമത്തെ കളിസ്ഥലവും ഈ വർഷം തുറക്കും.

doha-cave
അദ്ഭുതങ്ങളുടെ ഗുഹയിലെ കാഴ്ചകളില്‍ ചിലത്.

പൈതൃകത്തിന്റെ പ്രതിഫലനം

രാജ്യത്തിന്റെ പൈതൃകം പ്രതിഫലിക്കുന്ന തരത്തിലാണ് 2 കളിസ്ഥലങ്ങളുടെയും ഡിസൈൻ. ഗുഹയുടെ ചെറുമാതൃകയാണ് അദ്ഭുതങ്ങളുടെ ഗുഹ എന്ന പേരിലുള്ള കളിസ്ഥലം. ഗുഹയുടെ മേൽക്കൂരയിലെ വിടവുകളിലൂടെ സൂര്യപ്രകാശം അകത്തേക്ക് എത്തും. 

തിളങ്ങുന്ന പാറകൾ, കൊത്തുപണികൾ നിറഞ്ഞ പാറകൾ, വവ്വാലുകളുടെയും ഭീമൻ പല്ലികളുടെയും രൂപങ്ങൾ തുടങ്ങി ഗുഹയിൽ സ്വാഭാവികമായി കാണുന്നതെല്ലാം ഇവിടെയുണ്ട്.

വിഖ്യാത അറേബ്യൻ കുതിര-മുത്ത് വ്യാപാരിയായ റഹ്മാൻ ബിൻ ജാബറിന്റെ ‘ഖാട്രൂഷ’ എന്ന പ്രത്യേക ഇനം പായ്ക്കപ്പലിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സാഹസിക കപ്പൽ എന്ന കളിസ്ഥലത്തിന്റെ നിർമാണം.

 മുത്തുവാരൽ, മീൻപിടിത്തം, വ്യാപാരം തുടങ്ങി രാജ്യത്തിന്റെ പൂർവിക ജീവിതത്തെക്കുറിച്ച് ഈ കളിസ്ഥലത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാം.

ചരിത്രത്തിലൂടെ സഞ്ചരിക്കാം

കഥകളും പാട്ടുകളും കേട്ട് പഴയ വ്യാപാര ചരക്കുകളും പുരാവസ്തുക്കളും കണ്ട് ഖത്തറിന്റെ ചരിത്രത്തിലൂടെ കുട്ടികൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് കളിസ്ഥലങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 

സ്‌കൂളുകൾ, കുടുംബങ്ങൾ, യുവജനങ്ങൾ എന്നിവർക്കെല്ലാം പഠനാനുഭവമേകും. ഗാലറികൾ, വിദ്യാർഥികൾക്കായി ആക്ടിവിറ്റി ബുക്‌ലെറ്റുകളുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com