ADVERTISEMENT

 

ദുബായ് ∙ സ്നേഹം ദുബായ് എമിറേറ്റിന് വെറുമൊരു വിലാസമല്ല; കേവല വികാരമോ അവകാശവാദമേ അല്ല. 200ലധികം രാജ്യക്കാരുള്ള നന്മയുടെ ഈ മരുനാട്ടിലത് നട്ടുപിടിപ്പിച്ചിരിക്കുകയാണ്. തൂണിലും തുരുമ്പിലുമെല്ലാം സ്നേഹത്തിന്റെ അടയാളം അനുഭവിച്ചറിയാനാകും. സ്നേഹിക്കുന്നവർക്കായി അണിയിച്ചൊരുക്കിയതാണ് ദുബായിലെ പ്രണയത്തടാകം ( ലൗ ലേയ്ക്ക്). 

love-lake
തടാകത്തിലെ വർണമത്സ്യങ്ങൾ. ചിത്രം: മുജീബ് എടവണ്ണ

മരുഭൂമിയാണോ വായിച്ചറിഞ്ഞ സ്വർഗീയ ആരാമത്തിലാണോ എന്നു സന്ദർശകരെ സംശയത്തിലാഴ്ത്തുന്ന തരത്തിലാണ് മരുഭൂമിയിൽ കൃത്രിമത്തടാകം തയാറാക്കിയത്. ഒലീവ്, സിദ്ർ, സംറ്, ഗാഫ് തുടങ്ങി പതിനാറായിരം പൈതൃക മരങ്ങളും ജലധാരകളും ജലജീവികളുമുള്ള ഒരു മായിക പ്രപഞ്ചമാണിത്. ഹരിതാഭമായ ഈ ഭൂമിയിലേക്ക് ഒരു ദിവസം മാത്രം അയ്യായിരത്തിലേറെ സഞ്ചാരികളെത്തുന്നു. വിശാലമായ പ്രണയ മണൽ മണ്ണിൽ ചുറ്റിക്കറങ്ങി പടം പടിച്ചും പുൽമേടുകളിൽ സ്നേഹ സല്ലാപത്തിൽ മുഴുകിയും അവർ ആനന്ദിക്കുന്നു. തടാകത്തിൽ കുട്ടികൾക്ക് പോലും കൗതുകത്തോടെ കൈകളിലെടുക്കാൻ കഴിയുന്ന വർണമത്സ്യങ്ങളുടെ വിഹാരമുണ്ട്.

പ്രകൃതിദത്ത മരുപ്പച്ച; സന്ദർശകർ ഒഴുകുന്നു

love-lake1

കാലാവസ്ഥ കിണുങ്ങി നിൽക്കുന്ന കാലമായതിനാൽ പ്രണയത്തടാകത്തിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്‌. പ്രണയ ദിനം കൂടി വരവേൽക്കാൻ പാകപ്പെട്ടിരിക്കുകയാണ് ദുബായിയുടെ പ്രകൃതിദത്ത മരുപ്പച്ച. മരം കൊണ്ട് പണിത ഹൃദയ ഫലകങ്ങളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ഫെബ്രുവരിയിൽ ദുബായിൽ എത്തുന്ന ഒരാൾ മരുഭൂമിയുടെ ആഴം സ്നേഹപ്രകടനത്തിലൂടെ കാണാൻ ഇവിടെ എത്തിയിരിക്കണമെന്നാണ് അലിഖിത നിയമം. ദുബായ് നഗരത്തിൽ നിന്നും ഏകദേശം 60 കി.മീറ്റർ താണ്ടിയാൽ പ്രണയത്തടാകത്തിലെത്താം. തണുപ്പിലേക്ക് തല താഴ്ത്തിയ എമിറേറ്റിന്റെ മരുഭൂവഴികളിലൂടെയുള്ള യാത്രയും സഞ്ചാരികളെ കോൾമയിർ കൊള്ളിക്കും.

മർമും മരുമേഖലയെ കൂട്ടായിണക്കിയാണ് അഞ്ചര ലക്ഷം ചതുരശ്ര മീറ്ററിൽ രണ്ട് തടാകങ്ങൾ പണി കഴിപ്പിച്ചത്. മർമൂം ഫാമിൽ മാത്രം 150 ഇനം ജീവിവർഗങ്ങളുണ്ട്. മാൻ, പ്രാപ്പിടിയൻ, ഹ ബാരപ്പക്ഷി, താറാവ് എന്നിവ സ്വൈര സഞ്ചാരം നടത്തുന്നത് ആനന്ദം പകരുന്ന കാഴ്ചയാണ്.

love-lake3

ശൈത്യകാലത്ത് സൂര്യാസ്തമയം കാണാൻ വേണ്ടി മാത്രം ഈ തടാകയോരത്ത് ഒത്തുകൂടുന്നവരുണ്ട് . എല്ലാ വാരാന്ത്യങ്ങളിലും കുടുംബങ്ങളെയും കുട്ടികളെയും കൂട്ടി വരുന്നവരും ധാരാളം. 

കമിതാക്കളുടെ മാത്രം തുരുത്തല്ല. സ്നേഹമെന്ന വികാരം സൂക്ഷിക്കുന്നവരെയല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന മരുമണ്ണ്'. സുഹൃത്തുക്കളും ഭാര്യാ ഭർത്താക്കന്മാരും മാതാപിതാക്കളും മക്കളുമെല്ലാം ഇവിടെ സ്നേഹവായ്പുകളുടെ സവിശേഷ ലോകം സൃഷ്ടിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും ഒരു സ്നേഹമുദ്രയിലെങ്കിലും സഞ്ചാരിയുടെ കണ്ണുടയ്ക്കിയിരിക്കും. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം 120 ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്നേഹത്തടാകം സ്മരണീയമാക്കാൻ സഞ്ചാരികളുടെ മത്സരം കാണാം. ദേഹത്ത് തെന്നലും കാലിൽ വെള്ളത്തിന്റെ തണുപ്പും പടരുന്നതിനായി തടാകത്തിലൂടെ 2200 മീറ്ററിൽ നടപ്പാതയുമുണ്ട്. സൈക്കിൾ സവാരിക്കായി 2300 മീറ്ററിലാണ് പാതയൊരുക്കിയത്.

ദീർഘദൂര യാത്രയായതിനാൽ മരുഭൂമിയിൽ ബാർബിക്യു പാകം ചെയ്യാനുള്ള സർവ സന്നാഹത്തോടെയാണ് ആളുകളെത്തുന്നത്. മനുഷ്യർക്ക് മരുഭൂമിയുടെ വശ്യതയും വന്യതയും സ്നേഹപ്പട്ടിലൂടെ നെയ്തെടുക്കാനുള്ളതാണ് ദുബായിയുടെ ഈ സ്നേഹ സമ്മാനം

English summary: LOVE LAKE DUBAI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com