ADVERTISEMENT

കുവൈത്ത് സിറ്റി ∙ വീസക്കച്ചവടവുമായി ബന്ധപ്പെട്ട്  ബംഗ്ലദേശ് സ്വദേശി പിടിയിൽ. പണം വെളുപ്പിക്കൽ ഉൾപ്പെടെ പതിവാക്കിയ 3 അംഗ സംഘത്തിലെ അംഗമാണ് പിടിയിലായത്. രണ്ടാമൻ ഇപ്പോൾ ബംഗ്ലദേശ് പാർലമെന്റ് അംഗമാണ്. മൂന്നാമൻ യൂറോപ്പിലേക്ക് കടന്നതായാണ് റിപ്പോർട്ട്. 3 പേരും കുവൈത്തിലെ കമ്പനികളിൽ സുപ്രധാന തസ്തികകളിൽ ജോലി ചെയ്തവരാണ്. സർക്കാർ കരാർ കമ്പനികളിലേക്ക് ശുചീകരണ തൊഴിലാളികളെയും മറ്റും എത്തിച്ചാണ് സംഘം 50 ദശലക്ഷത്തിലേറെ ദിനാർ സമ്പാദിച്ചത്.ബംഗ്ലദേശിൽനിന്ന് 20000 പേരെയെങ്കിലും ഇത്തരത്തിൽ കുവൈത്തിൽ എത്തിച്ചിട്ടുണ്ട്. 1800 മുതൽ 2200 ദിനാർ വരെ ഈടാക്കിയായിരുന്നു വീസക്കച്ചവടം.  ഡ്രൈവർ വീസയ്ക്ക് 2500 മുതൽ 3000 ദിനാർ വരെയും ഈടാക്കി. 

ധനികനായി, പിന്നെ എം‌പി

3 അംഗ സംഘത്തിലെ ഒരാൾ വീസക്കച്ചവടം വഴി പണമുണ്ടാക്കിയശേഷം ബംഗ്ലദേശിൽ രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു.കുവൈത്തിൽ ക്ലീനിങ് കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന ഇയാൾ പിന്നീട് കമ്പനിയുടെ പങ്കാളിയായി മാറി. നിലവിൽ ബംഗ്ലദേശിലെ പ്രധാന ബാങ്കിന്റെ ബോർഡ് അംഗവുമാണ്.  കുവൈത്തിൽ സ്വന്തം സ്ഥാനപത്തിന്റെനടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുമെങ്കിലും 48 മണിക്കൂറിൽ അധികം കുവൈത്തിൽ തങ്ങാറില്ല. കുവൈത്തിൽ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിൽ തത്പരനായിരുന്നു. കമ്പനി സ്ഥാപിക്കുന്നതിന് അനുമതിക്കായി ചില ഉദ്യോഗസ്ഥർക്ക് ആഢംബര കാറുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. കമ്പനി സ്ഥാപിച്ചതിന് പിന്നിലും വീസക്കച്ചവടമായിരുന്നു ലക്ഷ്യം. വീസക്കച്ചവടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതറിഞ്ഞ് ഇയാൾ ബംഗ്ലദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

ജീവനക്കാർക്കും പരാതി

സ്വന്തം കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി കൊടുക്കാറില്ല. സർക്കാർ കരാർ അടിസ്ഥാനത്തിലുള്ള കമ്പനിയിലെ ശുചീകരണ തൊഴിലാളികളാണ് ദുരിതത്തിലായത്. 5 മാസമായി ശമ്പളം നൽകിയിട്ടില്ല. മാത്രമല്ല, തൊഴിൽ കരാറിൽ പറഞ്ഞതിലും കുറഞ്ഞ തുകയാണ് ജീവനക്കാർക്ക് നൽകിയിരുന്നതെന്നും കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com